Police FIR | മുംബൈ പരസ്യ ബോർഡ് അപകടം: ഉടമയ്‌ക്കെതിരെ കേസെടുത്തു; ഇയാളുടെ പിന്നാമ്പുറം തേടിപ്പോയ പൊലീസ് ഞെട്ടി!

 

മുംബൈ: (KVARTHA) ഘാട്കോപർ പ്രദേശത്ത് കാറ്റിലും മഴയിലും കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണ് 14 പേർ മരിക്കുകയും 74 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. അപകടത്തിന് കാരണമായ ഹോർഡിങ് 10 വർഷത്തെ പാട്ടത്തിനെടുത്ത ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഡയറക്ടർ ഭവേഷ് പ്രഭുദാസ് ഭിൻഡെക്കെതിരെയാണ് പന്ത് നഗർ പൊലീസ് കേസെടുത്തത്.
  
Police FIR | മുംബൈ പരസ്യ ബോർഡ് അപകടം: ഉടമയ്‌ക്കെതിരെ കേസെടുത്തു; ഇയാളുടെ പിന്നാമ്പുറം തേടിപ്പോയ പൊലീസ് ഞെട്ടി!

മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ പന്ത് നഗറിലെ പെട്രോൾ പമ്പിന് അടുത്തായി സ്ഥാപിച്ചിരുന്ന പരസ്യബോർഡ് അനുവദനീയമായ അളവിലും വലുതായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഭിൻഡെ ഒളിവിലാണെന്നും ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അനധികൃത പരസ്യ ബോർഡുകൾ സ്ഥാപിച്ചതിന് ഭവേഷ് ഭിൻഡെക്കെതിരെ മുമ്പ് 21 തവണ പിഴ ചുമത്തിയിട്ടുണ്ട്. 2009ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായും ഇയാൾ മത്സരിച്ചിരുന്നു. തൻ്റെ സത്യവാങ്മൂലത്തിൽ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആക്ട്, നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്റ്റ് എന്നിവ പ്രകാരം തനിക്കെതിരെ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനുപുറമെ, ഭവേഷിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റപത്രവും സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു. 2024 ജനുവരിയിൽ മുളുന്ദ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് ബോംബെ ഹൈകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചു. വർഷങ്ങളായി പരസ്യ ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയിൽ നിന്ന് ബിൻഡെയ്ക്ക് നിരവധി കരാറുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ രണ്ട് സ്ഥാപനങ്ങളുടെയും നിയമങ്ങൾ പലതവണ ലംഘിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചിട്ടുണ്ട്, കൂടാതെ പരിക്കേറ്റവരുടെ ചികിത്സയുടെ ചിലവ് സർക്കാർ വഹിക്കുമെന്നും അറിയിച്ചു.

Keywords: News, News-Malayalam, National, Mumbai Hoarding Collapse: Ghatkopar Hoarding Owner Booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia