Mumbai Sessions Court | അമ്മയെപ്പോലെ സ്‌നേഹം നല്‍കാന്‍ അച്ഛന് കഴിയില്ലെന്ന് കോടതി; മക്കളെ ആവശ്യപ്പെട്ടുള്ള പിതാവിന്റെ കസ്റ്റഡി അപേക്ഷ തള്ളി
Aug 3, 2022, 10:33 IST
മുംബൈ: (www.kvartha.com) അമ്മ മക്കള്‍ക്ക് നല്‍കുന്ന അതേ സ്‌നേഹവും വാത്സല്യവും കരുതലും സഹാനുഭൂതിയും പിതാവിനോ മറ്റേതെങ്കിലും വ്യക്തിക്കോ കൊടുക്കാന്‍ കഴിയില്ലെന്ന് സെഷന്‍സ് കോടതി നിരീക്ഷണം. എട്ടും നാലും വയസുള്ള മക്കളുടെ സംരക്ഷണാവകാശം വേര്‍പിരിഞ്ഞ ഭാര്യയെ ഏല്‍പിക്കാന്‍ നിര്‍ദേശിച്ച മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ പിതാവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
കുട്ടിയുടെ ചുമതല ഏറ്റെടുക്കാന്‍ അമ്മ അനുയോജ്യയായ വ്യക്തിയാണെങ്കില്‍, അവള്‍ക്ക് പകരക്കാരനെ കണ്ടെത്തുന്നത് തികച്ചും അസാധ്യമാണെന്നും കോടതി പറഞ്ഞു.
'കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തില്‍ അമ്മയുടെ പങ്ക് വളരെ പ്രധാനമാണ്. ഒരു കുട്ടിക്ക് അമ്മയില്‍ നിന്നാണ് ഏറ്റവും മികച്ച സംരക്ഷണം ലഭിക്കുന്നത്. ഏതൊരു കുട്ടിയും അമ്മയ്ക്കൊപ്പം വളരുന്നത് സ്വാഭാവികമായ കാര്യമാണ്,' അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ് യു വഡ്ഗാവ്കര്‍ ഉത്തരവില്‍ പറഞ്ഞു.
വളര്‍ന്നുവരുന്ന ഒരു കുട്ടിക്ക് അമ്മയുടെ സഹവാസം കൂടുതല്‍ വിലപ്പെട്ടതാണെന്നും കോടതി വ്യക്തമാക്കി. ഈ കേസിലെ ഭാര്യ വീട്ടമ്മയാണ് പാര്‍ട് ടൈം ട്യൂഷനെടുക്കുന്നുണ്ടെന്നും പിതാവ് ബിസിനസുകാരനാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വസ്തുത കൂടി പരിഗണിച്ച്, കുട്ടികളെ അമ്മയ്‌ക്കൊപ്പം നിര്‍ത്തുന്നത് അവരുടെ ക്ഷേമത്തിന് ആയിരിക്കുമെന്ന് ജഡ്ജി വഡ്‌ഗോങ്കര്‍ പറഞ്ഞു.
കുട്ടികളുടെ സംരക്ഷണ ചുമതല പിതാവ് അമ്മയെ ഏല്‍പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അങ്ങനെ ചെയ്തില്ലെങ്കില്‍ കുട്ടികളുടെ താല്‍പര്യം കണക്കിലെടുത്ത് അധികാപരിധിയിലുള്ള പൊലീസ് കമീഷനറോ പൊലീസ് സൂപ്രണ്ടോ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
ഭര്‍ത്താവിനെതിരെ ഭാര്യ ഗാര്‍ഹിക പീഡന പരാതി കൊടുത്തിരുന്നു. കുട്ടികളുടെ ഇടക്കാല സംരക്ഷണത്തിനായി അവര്‍ ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. മജിസ്‌ട്രേറ്റ് അവര്‍ക്ക് അനുകൂലമായി ഉത്തരവിറക്കി. അതിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും കുട്ടികളെ പരിപാലിക്കാന്‍ യോഗ്യയല്ലെന്നും അദ്ദേഹം അപേക്ഷയില്‍ ആരോപിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.