ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് മലയാളി യുവാവിന്റെ ട്വീറ്റ്; പിന്നീട് സംഭവിച്ചത് മുംബൈ പൊലീസിന്റെ സാഹസികത
Aug 1, 2021, 11:07 IST
മുംബൈ: (www.kvartha.com 01.08.2021) ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ട്വിറ്ററില്‍ പരാമര്‍ശിച്ച മലയാളി യുവാവിനെ രക്ഷപ്പെടുത്തി മുംബൈ പൊലീസ്. മുംബൈ സൈബര്‍ പൊലീസിന്റെ ഇടപെടലാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായത്. 30 വയസ് പ്രായമുള്ള ഡിപ്ലോമാ വിദ്യാര്‍ത്ഥിയെയാണ് മുംബൈ പൊലീസ് രക്ഷിച്ചത്.
വിഷാദാവസ്ഥയില്‍ ഒരു യുവാവ് ആത്മഹത്യയേക്കുറിച്ച് ട്വീറ്റ് ചെയ്യുന്നതായും. ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി ട്വീറ്റ് ചെയ്തതായുമുള്ള വിവരേത്തുടര്‍ന്നായിരുന്നു സൈബര്‍ പൊലീസിന്റെ അന്വേഷണം. മുംബൈയിലെ ദാദറിലെ ഒരു ഹോടെലില്‍ നിന്നാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒരു മാധ്യമ പ്രവര്‍ത്തകനാണ് ശനിയാഴ്ച രാവിലെ ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
വിവരം കിട്ടിയ ഉടന്‍തന്നെ നിമിഷനേരം പോലും വൈകിക്കാതെ ട്വീറ്റ് ചെയ്ത യുവാവിന്റെ ലൊകേഷന്‍ ദാദറിലുള്ള ആഡംബര ഹോടെലാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഹോടെലിലെ മുറി ഡ്യൂപ്ലികേറ്റ് താക്കോലുപയോഗിച്ച് തുറന്നപ്പോള്‍ കത്തി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന യുവാവിനെയാണ് കാണാന്‍ സാധിച്ചതെന്ന് പൊലീസ് അറിയിച്ചു.
പ്രണയപരാജയത്തെ തുടര്‍ന്നായിരുന്നു യുവാവിന്റെ ഈ കടുംകൈ. വെള്ളിയാഴ്ച രാത്രിയാണ് യുവാവ് ദാദറിലെ ആഡംബര ഹോടെലില്‍ മുറിയെടുത്തത്. യുവാവിനെ പൊലീസ് ആശുപത്രിയിലെത്തിച്ച് കൗണ്‍സിലിംഗിന് വിധേയനാക്കി. ഇത്തരമൊരു വിവരം കിട്ടിയനേരം തന്നെ ഒട്ടും വൈകാതെ സന്ദര്‍ഭോചിതമായി പെരുമാറിയ മുംബൈ പൊലീസിനെ നിരവധി പേര്‍ അഭിനന്ദിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.