SWISS-TOWER 24/07/2023

PM Modi | മോര്‍ബിയിലെ അപകടസ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മചുനദിക്ക് മുകളില്‍ വ്യോമനിരീക്ഷണം നടത്തി, പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരേയും സന്ദര്‍ശിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹ് മദാബാദ്: (www.kvartha.com) ഗുജറാതിലെ മോര്‍ബിയില്‍ മച്ചുനദിയിലെ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടസ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി ഭൂപേന്ദ്ര പടേലും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്ന മച്ചുനദിക്കു മുകളില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. അപകടത്തില്‍ പരുക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന മോര്‍ബി സിവില്‍ ആശുപത്രിയും അദ്ദേഹം സന്ദര്‍ശിച്ചു.

ഇതിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഉന്നതതല യോഗം ചേരും. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പാലത്തിന്റെ അറ്റകുറ്റപ്പണികളുടെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച ഒറിവ ഗ്രൂപിന്റെ പേര് പ്രദര്‍ശിപ്പിച്ചിരുന്ന ബോര്‍ഡ് വെള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചതിന്റെ ചിത്രം പുറത്തുവന്നു. അപകടം നടന്ന് രണ്ടു ദിവസത്തിനുശേഷം പ്രധാനമന്ത്രി നടത്തുന്ന സന്ദര്‍ശനം ഇവന്റ് മാനേജ്‌മെന്റ് പരിപാടിയാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഇത്.

നേരത്തെ, പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന മോര്‍ബി സിവില്‍ ആശുപത്രി യുദ്ധകാലാടിസ്ഥാനത്തില്‍ വൃത്തിയാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിക്ക് ആശുപത്രിയില്‍ ഫോടോഷൂട് നടത്തുന്നതിനാണ് ഇതെന്നായിരുന്നു കോണ്‍ഗ്രസിന്റെയും എഎപിയുടെയും ആരോപണം.

പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായി ആശുപത്രിക്ക് പെയിന്റ് അടിക്കുന്നത് ഉള്‍പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ ആംആദ്മി പാര്‍ടി അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

'അപകടത്തില്‍ 141 പേര്‍ മരിച്ചു. നൂറു കണക്കിനു പേര്‍ ഇപ്പോഴും കാണാമറയത്താണ്. യഥാര്‍ഥ കുറ്റവാളികള്‍ക്കെതിരെ ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. പക്ഷേ ബിജെപി പ്രവര്‍ത്തകര്‍ ഫോടോഷൂടിനായി എല്ലാം നവീകരിക്കുന്ന തിരക്കിലാണ്' എന്നും എഎപി കുറിച്ചു.

കോണ്‍ഗ്രസും ആശുപത്രിയിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. പ്രധാനമന്ത്രിയുടെ വരവു പ്രമാണിച്ച് ആശുപത്രി കെട്ടിടത്തിന് പെയിന്റടിക്കുകയും പുതിയ ടൈലുകള്‍ പാകുകയും ചെയ്യുന്നുവെന്നാണ് അവര്‍ കുറിച്ചത്.

'അവര്‍ക്ക് യാതൊരു ലജ്ജയും തോന്നുന്നില്ലേ? ഒട്ടേറെപ്പേരാണ് മരിച്ചുകിടക്കുന്നത്. അവരാകട്ടെ, പ്രധാനമന്ത്രിയുടെ വരവിനായുള്ള തയാറെടുപ്പുകളുടെ തിരക്കിലാണ്' കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

'ഒട്ടേറെപ്പേര്‍ മരിക്കുന്ന ഈ സമയത്ത്, മോര്‍ബിയിലെ സിവില്‍ ആശുപത്രിയില്‍ പെയിന്റിങ്ങും അലങ്കാരപ്പണികളും നടക്കുകയാണ്.

ബിജെപി എക്കാലത്തും ഈവന്റ് മാനേജ്‌മെന്റിനു കയ്യടി നേടുന്നവരാണ്. രണ്ടു തരത്തിലുള്ള ദുരന്തങ്ങളുണ്ട്. പക്ഷേ, ഗുജറാതിലെ ബിജെപി മൂന്നാമതൊരു തരം ദുരന്തമാണ്. ആശുപത്രിക്ക് പെയിന്റടിക്കുകയും അലങ്കരിക്കുകയും ചെയ്യുന്നതിനു പകരം, ദുരന്തബാധിതര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയല്ലേ വേണ്ടത്?' എന്ന് കോണ്‍ഗ്രസ് വക്താവ് ഹേമങ് റാവല്‍ ചോദിച്ചു.

PM Modi | മോര്‍ബിയിലെ അപകടസ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മചുനദിക്ക് മുകളില്‍ വ്യോമനിരീക്ഷണം നടത്തി, പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരേയും സന്ദര്‍ശിച്ചു

അപകടത്തില്‍ ഇതുവരെ 135 പേരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് ഒന്‍പതു പേരെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. പാലത്തിന്റെ അറ്റകുറ്റപ്പണികളുടെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച ഒറിവ ഗ്രൂപിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തു.

തലസ്ഥാനമായ ഗാന്ധിനഗറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മോര്‍ബിയിലുള്ള പാലം ഞായറാഴ്ച വൈകിട്ട് 6.30 നാണ് തകര്‍ന്നത്. 1877 ല്‍ നിര്‍മിച്ച 233 മീറ്റര്‍ നീളമുള്ള പാലം ഏഴു മാസത്തെ അറ്റകുറ്റപ്പണികള്‍ക്കു ശേഷം ഒക്ടോബര്‍ 26 നാണു തുറന്നത്. പാലത്തിന് മുനിസിപാലിറ്റിയുടെ ഫിറ്റ്‌നസ് സര്‍ടിഫികറ്റ് ലഭിച്ചിരുന്നില്ലെന്നു റിപോര്‍ടുണ്ട്. മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലത്തില്‍ ഞായറാഴ്ച ആയതിനാല്‍ നല്ല തിരക്കായിരുന്നു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഏറെയുണ്ട്.

Keywords: Morbi bridge collapse: India PM Modi visits site, Ahmedabad, News, Prime Minister, Narendra Modi, Accident, Hospital, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia