സദാനന്ദ ഗൗഡയുടെ മകന്‍ നടിയെ പീഡിപ്പിച്ചെന്ന വാദം പൊളിയുന്നു

 


ബംഗളൂരു: (www.kvartha.com 01.10.2015) കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡ മോഡലും കന്നഡ നടിയുമായ മൈത്രേയയെ പീഡിപ്പിച്ചെന്ന ആരോപണം പൊളിയുന്നു.

തന്നെ വിവാഹം കഴിച്ചിരുന്നു എന്നും താനുമായി ലൈംഗിബന്ധം പുലര്‍ത്തിയിരുന്നു എന്നുമായിരുന്നു മൈത്രേയയുടെ ആരോപണം. ഇതുസംബന്ധിച്ച് മൈത്രേയ പോലീസിന് പരാതിയും നല്‍കിയിരുന്നു. മാത്രമല്ല ചില ടിവി ചാനലുകളിലും നടി ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു.
എന്നാല്‍ പരാതിയില്‍ കേസെടുത്ത പോലീസ് നടിയുമായി കാര്‍ത്തിക് ഗൗഡ ലൈംഗിബന്ധം പുലര്‍ത്തിയതിന് യാതൊരു തെളിവും ഇല്ലെന്ന് വ്യക്തമാക്കി. ചാര്‍ജ് ഷീറ്റിലും ഇക്കാര്യം പറഞ്ഞിട്ടില്ല. മാത്രമല്ല നടി ആരോപിക്കുന്നത് പോലെ തട്ടിക്കൊണ്ടുപോകലോ പീഡനമോ നടന്നിട്ടില്ല. അപ്പോള്‍ പിന്നെ എന്തിനായിരുന്നു മൈത്രേയ കാര്‍ത്തിക്കിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നതെന്നാണ് പോലീസിന്റെ ചോദ്യം.

കഴിഞ്ഞവര്‍ഷം ആഗസ്ത് മാസത്തിലാണ് കാര്‍ത്തിക് ഗൗഡ തന്നെ വിവാഹം കഴിച്ചിരുന്നുവെന്നും തന്നെ നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചുവെന്നും പറഞ്ഞ് മോഡലും കന്നഡ നടിയുമായ മൈത്രേയ രംഗത്തുവന്നത്.  കാര്‍ത്തിക് ഗൗഡയുടെ വിവാഹനിശ്ചയം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് നടി ആരോപണവുമായി രംഗത്തെത്തിയത്.

നടിയുടെ പരാതിയെത്തുടര്‍ന്ന് വഞ്ചനാക്കുറ്റത്തിനും പീഡനക്കുറ്റത്തിനും കാര്‍ത്തിക് ഗൗഡയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ട് തവണ നോട്ടീസയച്ചിട്ടും കാര്‍ത്തിക് ഗൗഡ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

കന്നഡയിലെ അറിയപ്പെടുന്ന മോഡലാണ് മൈത്രേയ. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മരുമകളാകാന്‍ സുബ്രഹ്മണ്യത്ത് മൈത്രേയ മഹാകാള സര്‍പ്പയജ്ഞം പൂജ നടത്തിയിരുന്നു. കാര്‍ത്തികിനെതിരായ കേസ് ഗൂഡാലോചനയാണെന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ അന്ന് തന്നെ പറഞ്ഞിരുന്നു.

ആരോപണങ്ങള്‍  മകന്‍ കാര്‍ത്തിക് ഗൗഡയും നിഷേധിച്ചു. പിതാവ്  ഒരു ഉത്തരവാദിത്തപ്പെട്ട പൊതു പ്രവര്‍ത്തകനാണ്. അത് താന്‍ കളഞ്ഞുകുളിക്കില്ല എന്നാണ് കാര്‍ത്തിക് പ്രതികരിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia