Promises | കുടുംബത്തിലെ പ്രായമായ സ്ത്രീകള്‍ക്ക് വര്‍ഷം 18,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യം; കശ്മീരില്‍ കൈനിറയെ വാഗ്ദാനവുമായി മോദി 

 
Modi promises financial aid, free healthcare to Kashmir families
Modi promises financial aid, free healthcare to Kashmir families

Photo Credit: Facebook / Narendra Modi

● രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 25ന് 
● ലക്ഷ്യം ഏത് വിധേനയും അധികാരം കൈപ്പിടിയിലാക്കുക എന്നതുതന്നെ

ശ്രീനഗര്‍: (KVARTHA) സെപ്റ്റംബര്‍ 25ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് കശ്മീരില്‍ കൈനിറയെ വാഗ്ദാനവുമായി മോദി. ശ്രീനഗറില്‍ തിരഞ്ഞെടുപ്പ് റാലി അഭിസംബോധ ചെയ്യവേയായിരുന്നു മോദിയുടെ പ്രഖ്യാപനം. ഏത് വിധേനയും അധികാരം കൈപ്പിടിയിലാക്കുക എന്നതുതന്നെയാണ് ബിജെപിയുടെ ലക്ഷ്യം.  

അധികാരത്തില്‍ എത്തിയാല്‍ കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കും, കുടുംബത്തിലെ പ്രായമായ സ്ത്രീകള്‍ക്ക് വര്‍ഷം 18,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യം, സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 80,000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്.

ജമ്മു കശ്മീരിലെ ജനങ്ങള്‍ എങ്ങനെയാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് എന്നാണ് ലോകം ഇപ്പോള്‍ വീക്ഷിക്കുന്നതെന്ന് പറഞ്ഞ മോദി ഇതില്‍ കശ്മീര്‍ ജനതയെ താന്‍ അഭിനന്ദിക്കുന്നുവെന്നും അറിയിച്ചു. സെപ്റ്റംബര്‍ 25ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള വോട്ടിങ് റെക്കോര്‍ഡുകളെല്ലാം തകര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജമ്മു കശ്മീരിലെ യുവജനതയുടെ കയ്യില്‍ ആയുധം നല്‍കിയത് കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും പിഡിപിയും ചേര്‍ന്നാണെന്നും അദ്ദേഹം ആരോപിച്ചു. മറ്റൊരു തലമുറയെ ഇല്ലാതാക്കാന്‍ 'ഈ മൂന്നു കുടുംബങ്ങളെ' (കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും പിഡിപി)അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിയുടെ വാക്കുകള്‍:

ഒരു സമയത്ത് നമ്മുടെ യുവതലമുറ പഠനത്തില്‍ നിന്നെല്ലാം വ്യതിചലിച്ച് സ്‌കൂളുകളൊക്കെ ഉപേക്ഷിച്ചിരുന്നു. അവരുടെ കയ്യില്‍ ആയുധങ്ങള്‍ നല്‍കുന്നതില്‍ ഈ മൂന്നു കുടുംബങ്ങള്‍ സന്തോഷം കണ്ടെത്തി. അവര്‍ സ്വന്തം നേട്ടങ്ങള്‍ക്കായി ഒരു ജനതയുടെ ഭാവി ഇല്ലാതാക്കി. ജമ്മു കശ്മീരിനെതിരായ എല്ലാ ഗുഢാലോചനകളെയും ചെറുത്തു തോല്‍പിക്കേണ്ടത് അത്യാവശ്യമായിരുന്നു. യുവജനതയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് മോദി സര്‍ക്കാരിന്റെ ഉദ്ദേശ്യം, ഇത് മോദിയുടെ ഉറപ്പാണ്.

കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും പിഡിപിയുടെ കുടുംബരാഷ്ട്രീയം കളിക്കുകയാണ്. ഈ മൂന്നു കുടുംബങ്ങളുടെ കയ്യില്‍പ്പെട്ട് മറ്റൊരു തലമുറകൂടി ഇല്ലാതാകാന്‍ ഞാന്‍ അനുവദിക്കില്ല. അതിനാലാണ് കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്നത്. ഇപ്പോള്‍ ജമ്മു കശ്മീരില്‍ സ്‌കൂളുകളും കോളജുകളും സാധാരണപോലെ പ്രവര്‍ത്തിക്കുന്നു. 

കുട്ടികളുടെ കയ്യില്‍ പേനയും ബുക്കും ലാപ് ടോപ്പുമാണ്. ഇപ്പോള്‍ സ്‌കൂളുകളില്‍ അക്രമ സംഭവങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കാനില്ല. പകരം പുതിയ സ്‌കൂളുകള്‍, കോളജുകള്‍, എയിംസ്, മെഡിക്കല്‍ കോളജുകള്‍, ഐഐടികള്‍ എന്നിവ നിര്‍മിക്കുന്നു.

എങ്ങനെയും അധികാരം പിടിച്ചെടുക്കുക എന്നത് ജന്മാവകാശമാണെന്നാണ് മൂന്നു പാര്‍ട്ടികളും കരുതുന്നത്. കശ്മീര്‍ താഴ്വരയില്‍ ഭയവും അരാജകത്വവും വിതയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. എന്നാല്‍ കശ്മീരില്‍ യുവതലമുറ ഇവരുടെ ലക്ഷ്യം മനസ്സിലാക്കി അവരെ വെല്ലുവിളിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും മോദി പറഞ്ഞു.

#ModiKashmirPromises #KashmirElections #ModiHealthcare #BJP #JammuAndKashmir #KashmirDevelopment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia