SWISS-TOWER 24/07/2023

അണയാത്ത ചിന്തയുടെ വെളിച്ചം: എം എൻ വിജയൻ മാഷിന്റെ ഓർമ്മയ്ക്ക് 18 വർഷം

 
Portrait of Professor MN Vijayan

Photo Credit: Facebook/ MN VIJAYAN 

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മലയാളത്തിലെ മനഃശാസ്ത്ര നിരൂപണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് വിജയൻ മാസ്റ്ററാണ്.
● മാർക്സിന്റെ സാമൂഹിക ചിന്തയും ഫ്രോയിഡിന്റെ വ്യക്തി മനഃശാസ്ത്രവുമാണ് അദ്ദേഹത്തിൻ്റെ ആശയങ്ങൾക്ക് നെടുംതൂണായത്.
● തൃശ്ശൂർ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.
● അധ്യാപന ജീവിതത്തിൽ കൂടുതലും ചിലവഴിച്ചത് തലശ്ശേരി ഗവൺമെന്റ് കോളേജിലാണ്.

ഭാമനാവത്ത് 

(KVARTHA) പ്രൊഫസർ എം എൻ വിജയൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 18 വർഷങ്ങൾ. 'ഇങ്ങനെ പോയാൽ പാർട്ടി ഉണ്ടാകും, അതിനു പിന്നിൽ ജനങ്ങൾ ഉണ്ടാവില്ല' എന്ന് രണ്ട് പതിറ്റാണ്ട് മുൻപ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നറിയിപ്പ് നൽകിയ മഹാനായ ചിന്തകനാണ് അദ്ദേഹം. 

വ്യവസ്ഥിതികളോട് കലഹിക്കുന്ന യുവാക്കളുടെയും വിദ്യാർത്ഥികളുടെയും മാതൃകാപുരുഷനായിരുന്നു വിജയൻ മാസ്റ്റർ. പുറത്താക്കപ്പെട്ടവരും തോറ്റുപോയവരും പാർശ്വവൽക്കരിക്കപ്പെട്ടവരും കൊടുങ്കാറ്റായി ചീറിയടിക്കുന്ന മുന്നറിയിപ്പിന്റെ വിളക്കുമാടങ്ങളിൽ ഇപ്പോഴും തീയെരിയുന്നു. ഒരു വെളിച്ചവും കെട്ടിട്ടില്ല. 

Aster mims 04/11/2022

ആളിക്കത്താനായി അത് ഓർമ്മകളെ ഇന്ധനമാക്കുന്നു എന്നാണ് അദ്ദേഹം തന്റെ എഴുത്തിലൂടെയും ഇടപെടലിലൂടെയും സമൂഹത്തിന് മുന്നറിയിപ്പ് നൽകിയത്. ഒരു നിസ്സാര പരാജയത്തോടെ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരോട് 'ഒന്നും അവസാനിച്ചിട്ടില്ല, എല്ലാം തുടങ്ങുന്നേയുള്ളൂ' എന്ന് അതിമനോഹരമായ ഭാഷയിൽ പറഞ്ഞ എം എൻ വിജയൻ മാസ്റ്റർ.

തന്റെ 77-ാമത്തെ വയസ്സിൽ തൃശ്ശൂർ പ്രസ് ക്ലബ്ബിൽ വെച്ച് പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കെ, 'കേൾക്കണമെങ്കിൽ ഈ ഭാഷ വേണം' എന്ന് അവസാനമായി പറഞ്ഞ് വാക്കുകൾകൊണ്ട് കാലത്തെ ഓർമ്മിപ്പിച്ച ചിന്തയുടെ വെളിച്ചം അണഞ്ഞിട്ട് ഇന്നേക്ക് 18 വർഷം. മലയാളത്തിലെ മുൻനിര ചിന്തകനും, സാഹിത്യ നിരൂപകനും എഴുത്തുകാരനുമായിരുന്നു മാഷ്. 

മലയാളത്തിലെ മനഃശാസ്ത്ര നിരൂപണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. കാവ്യ വിശകലനത്തിനും ജീവിത വ്യാഖ്യാനത്തിനും മനഃശാസ്ത്രത്തെ അതിമനോഹരമായി ഉപയോഗപ്പെടുത്തിയ സാഹിത്യ വിമർശകനായിരുന്നു അദ്ദേഹം. 

മാർക്സിന്റെ സാമൂഹിക ചിന്തയും ഫ്രോയിഡിന്റെ വ്യക്തി മനഃശാസ്ത്രവുമാണ് എന്നും വിജയൻ മാഷുടെ ആശയ പ്രചാരണങ്ങളുടെ നെടുംതൂണായി പ്രവർത്തിച്ചത്.

കേസരി ബാലകൃഷ്ണപിള്ളയുടെ നിരൂപണാദർശം അദ്ദേഹത്തിന്റെ കാലശേഷവും പിന്തുടർന്ന നിരൂപകനാണ് വിജയൻ മാഷ്. തന്റെ ചിന്താസരണികൾ കൊണ്ട് പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയ ഭൂമികയിൽ പകരം വെക്കാനില്ലാത്ത സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. 

ഇടതുപക്ഷ പ്രസ്ഥാനങ്ങൾ രാഷ്ട്രീയ അക്രമത്തിന്റെ പേരിലടക്കം പല പ്രതിസന്ധികളിലും അകപ്പെട്ടപ്പോൾ പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകി, അതിനെ ന്യായീകരിച്ച് പ്രതിരോധത്തിന്റെ പത്മവ്യൂഹം തീർത്ത എം എൻ വിജയൻ മാസ്റ്റർ ഒരു കാലഘട്ടത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നാവായിരുന്നു. 

പിന്നീട് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സംഭവിക്കുന്ന അപചയം ചൂണ്ടിക്കാണിച്ചു പാർട്ടിക്ക് അനഭിമതനായതും ചരിത്രം. കമ്മ്യൂണിസം വ്യക്തികേന്ദ്രീകൃതമാകുന്നതിലെ അപകടം പ്രസംഗമായും ലേഖനമായും നിരവധി വേദികളിൽ ഈ ദാർശനികൻ അവതരിപ്പിച്ചിട്ടുണ്ട്.

എറണാകുളം മഹാരാജാസിലെ ബിരുദ പഠനത്തിനുശേഷം മദ്രാസ് സർവ്വകലാശാലയിൽ നിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടുകയും കേരളത്തിലെ നിരവധി കോളേജുകളിൽ അധ്യാപകനായി പ്രവർത്തിക്കുകയും ചെയ്തു. ജീവിതത്തിലെ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ചത് തലശ്ശേരി ഗവൺമെന്റ് കോളേജിലാണ്. 

ധർമ്മടത്ത് ബ്രണ്ണൻ കോളേജിന് സമീപം താമസിച്ച കരുണം എന്ന വീട് സമാന മനസ്കരുടെ ഒത്തുകൂടലിനും ഒരുപാട് ചിന്തകൾ പങ്കുവെക്കുന്നതിനും അത് കാലങ്ങളോളം നിലനിൽക്കുന്നതിനും ഇടയായിട്ടുണ്ട് എന്ന് പലരും ഇപ്പോഴും അയവിറക്കുന്നു. അധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ച ശേഷമാണ് എഴുത്തിന്റെ ലോകത്ത് വിജയൻ മാഷ് സജീവമായത്. 

ഈ കാലയളവിൽ പുരോഗമന കലാസാഹിത്യ സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ക്രമേണ അതിന്റെ സംസ്ഥാന പ്രസിഡന്റാവുകയും ചെയ്തിട്ടുണ്ട്. പാർട്ടി അംഗത്വം ഇല്ലാത്ത ഈ ചിന്തകൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ മുഖപത്രമായ ദേശാഭിമാനി വാരികയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 

പ്രസ്ഥാനവുമായി മാനസികമായി അകന്ന ശേഷം അത്തരം ചിന്താസരണിയുള്ളവരുമായി യോജിച്ച് പ്രവർത്തിക്കുകയും 'പാഠം' എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിക്കുകയും അതിന്റെ പത്രാധിപരായും വിജയൻ മാഷ് പ്രവർത്തിച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ദേശീയതലത്തിൽ പ്രതിസന്ധി നേരിടുകയും കേരളത്തിലെ തുടർഭരണത്തിൽ ഇടതുപക്ഷ നയവ്യതിയാനം സംബന്ധിച്ച് വ്യാപകമായ ആക്ഷേപങ്ങൾ ഉയരുകയും ചെയ്യുന്ന ഈ സമയത്ത് ഇത് മുൻകൂട്ടി കണ്ട ദാർശനികനെ പോലെ പ്രവചിച്ച വ്യക്തിയാണ് വിജയൻ മാസ്റ്റർ. 

അദ്ദേഹത്തിന്റെ വാക്കുകൾ എന്നും നയവ്യതിയാന ആക്ഷേപം നേരിടുന്ന ഇടതുപക്ഷത്തെ വേട്ടയാടിക്കൊണ്ടിരിക്കും എന്ന കാര്യം തീർച്ചയാണ്. കേരള സമൂഹത്തിൽ ചിന്തയുടെ പുതുനാമ്പുകളും പുതുതലമുറയിൽ തെറ്റുകളെ ചോദ്യം ചെയ്യാനുള്ള കരുത്തും സമ്മാനിച്ച വിജയൻ മാഷ് 2007-ൽ ഇന്നേ ദിവസമാണ് ഈ ലോകത്തോട് വിട പറഞ്ഞത്.

എം എൻ വിജയൻ മാഷിന്റെ ചിന്തകളെ ഓർമ്മിക്കുന്ന ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ? സുഹൃത്തുക്കളുമായി പങ്കുവെക്കുക. കമൻ്റ് ചെയ്ത് നിങ്ങളുടെ അഭിപ്രായം അറിയിക്കുക.

Article Summary: M N Vijayan, the noted literary critic and thinker, is remembered on his 18th death anniversary.

#MNVijayan #MalayalamLiterature #CommunistCritic #KeralaPolitics #PsychoanalyticCriticism #Deshabhimani

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script