Women’s Rights | ആർത്തവ സമയത്തെ യാത്രാക്ലേശം; പെൺകുട്ടികൾക്കും വേണം ബസിൽ സീറ്റ് സംവരണം

 
Reserved seats on buses for women during periods
Reserved seats on buses for women during periods

Representational Image Generated by Meta AI

● കൺസഷൻ പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികളോട് ശത്രുക്കളോടെന്ന പോലെയാണ് ഇന്ന്  പല സ്വകാര്യ ബസ് ജീവനക്കാരും പെരുമാറുന്നത്.
● കൺസഷൻ പാസ് ഉണ്ടെങ്കിലും സ്‌കൂളിൽ നിന്നു വരുന്ന നമ്മുടെ പെൺകുട്ടികളെ ബസ്സുകളിൽ സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിൻ്റെ ബാധ്യത തന്നെയാണ്. 

മിൻ്റു തൊടുപുഴ 

(KVARTHA) ഇന്ന് ബസ്സുകളിൽ വനിതകൾക്ക് പ്രത്യേകമായി സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാർക്കായി പ്രത്യേകിച്ച് സീറ്റ് സംവരണം ഒന്നും ഇല്ല. വനിതകൾക്ക് സംവരണം ഇല്ലാത്ത പൊതുസീറ്റുകളിൽ പുരുഷന്മാർക്ക് ഇരിക്കാം എന്നതാണ് വ്യവസ്ഥ. വനിതകൾക്ക് ബസുകളിൽ സീറ്റ് സംവരണം ഉണ്ടെങ്കിലും മിക്ക ബസുകാരും നമ്മുടെ വിദ്യാർത്ഥിനികളെ അല്ലെങ്കിൽ പെൺകുട്ടികളെ ആ ഗണത്തിൽപ്പെടുത്തുന്നില്ല എന്നതാണ് സത്യം. 

ശരിക്കും ഇത് നമ്മുടെ പെൺകുട്ടികൾ ബസുകളിൽ നേരിടേണ്ടി വരുന്ന ഒരു ഗതികേട് കൂടിയാണ്. കൺസഷൻ പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികളോട് ശത്രുക്കളോടെന്ന പോലെയാണ് ഇന്ന്  പല സ്വകാര്യ ബസ് ജീവനക്കാരും പെരുമാറുന്നത്. ഇതിന് ഒരു മാറ്റം ആവശ്യമല്ലേ? എന്തുകൊണ്ടാണ് നമ്മുടെ പെൺകുട്ടികൾക്ക് ബസുകളിൽ സീറ്റ് സംവരണം വേണമെന്ന് പറയുന്നത്.  'അനുജൻ മെൻസസ് എന്ന് കേട്ടിട്ടുണ്ടോ?' എന്ന തലക്കെട്ടോടെ അതുമായി ബന്ധപ്പെട്ട ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. 

കുറിപ്പിൽ പറയുന്നത്: 'ഞാൻ ബസ് കയറി. ഭാഗ്യത്തിന് സീറ്റ് കിട്ടി. സ്ത്രീകളുടെ സംവരണ സീറ്റിന് പുറകിലുള്ള വിന്റോ സൈഡിലുള്ള സീറ്റാണ് ലഭിച്ചത്. എനിക്കിഷ്ടവും വിന്റോ സൈഡിലിരിക്കാനാണ്. അവിടെയാവുമ്പോൾ പുറത്തേക്ക് നോക്കിയിരിക്കാല്ലോ.കാഴ്ചകളും കാണാം. കണ്ണും തുറന്നിരുന്ന് സ്വപ്നവും കാണാം.  വെറുതെ ചുറ്റുപാടുമൊന്ന് നോക്കി. പരിചയമുള്ള ആരെങ്കിലുമുണ്ടോ? എന്റെ സീറ്റിന് നേരെ എതിർഭാഗത്ത് അറ്റത്ത് ഇരിക്കുന്നത് മധ്യവയസ്കയായ ഒരു സ്ത്രീയാണ്. എവിടെയോ കണ്ടു മറന്ന മുഖം. കുറേ ശ്രമിച്ചു നോക്കി. ഓർത്തെടുക്കാനാവുന്നില്ല. 

ബസ്സ് നടുവണ്ണൂരിലെത്തിയപ്പോൾ നിറയേ സ്ക്കൂൾ കുട്ടികൾ കയറി. പുറകിലും മുമ്പിലുമുള്ള ഡോറുകളിലെ 'കിളി'ത്തൊഴിലാളികൾ ഉന്തിയും തളളിയും വഴക്ക് പറഞ്ഞുമൊക്കെയാണ് കുട്ടികളെ കയറ്റിക്കൊണ്ടിരിക്കുന്നത്. കുട്ടികളും തിരക്കുകൂട്ടി കോണിപ്പടിയിൽ തടസ്സമുണ്ടാക്കുന്നുണ്ട്. കൺസഷൻ പാസ്സ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥികളോട് ശത്രുക്കളോടെന്ന പോലെയാണ് പല തൊഴിലാളികളും പെരുമാറുന്നത്. പുറത്ത് കൂടെയിട്ട ബാഗ് ഊരിയെടുത്ത് ഒറ്റക്കയ്യിൽ തൂക്കിപ്പിടിച്ച്, മുകളിലുള്ള കമ്പിയിൽ തൂങ്ങിപ്പിടിക്കാനെത്താത്തതുമൂലം മറ്റേക്കൈ കൊണ്ട് ഏതെങ്കിലും സീറ്റിൽ പിടിച്ചുറപ്പിച്ച് സുരക്ഷിതരാവാനുള്ള വെപ്രാളത്തിലാണ് ഓരോ കുട്ടിയും. 

'കുറച്ച് പുറകോട്ട് നിൽക്കാനല്ലേ പറഞ്ഞത്... പറഞ്ഞാൽ കേൾക്കില്ല ഒറ്റയെണ്ണവും... സഞ്ചിയും തൂക്കി ഇറങ്ങിക്കോളും...' കണ്ടക്ടറുടെ ശകാരങ്ങളെ കേട്ടതായിപ്പോലും ഭാവിക്കാതെ നിൽപ്പ് ഉറപ്പിക്കുന്നതിന് വെപ്രാളപ്പെടുന്ന കുട്ടികളുടെ തത്രപ്പാടുകൾ കൗതുകത്തോടെ  നോക്കിക്കൊണ്ടിരിക്കവേ ആ സ്ത്രീയെ ഒരിക്കൽക്കൂടി നോക്കിപ്പോയി. നല്ല മുഖപരിചയം, എവിടെ വച്ചായിരിക്കും മുമ്പ് ഞാനവരെ കണ്ടത്?. ഓർമ്മകളിൽ അവരെ തെരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആ സംഭവം നടന്നത്. തന്റെ സീറ്റിനു മുമ്പിൽ പിടിച്ച് യാത്ര ചെയ്തു കൊണ്ടിരുന്ന മെലിഞ്ഞ് നീണ്ട ഒരു പെൺകുട്ടിക്കുവേണ്ടി അവർ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നു! പെൺകുട്ടി 'വേണ്ട... വേണ്ട... ഞാൻ നിന്നോളാം' എന്ന് പറയുന്നുണ്ട്. 

അതു വകവെക്കാതെ ആ സ്ത്രീ സീറ്റിൽ നിന്നുമെഴുന്നേറ്റ്, ആ കുട്ടിയെ അവിടെ പിടിച്ചിരുത്തി, മുകളിലത്തെ കമ്പിയിൽ പിടിച്ചു തൂങ്ങി അവർ അതിനടുത്തായി നിന്നു. എനിക്കത് വലിയ കൗതുകമായി. സ്കൂൾ കുട്ടികളെ എഴുന്നേൽപ്പിച്ച് പലരും ആ സീറ്റിലിരിക്കുന്നത് പലവട്ടം കണ്ടിട്ടുണ്ട്. എന്നാൽ ഏതെങ്കിലുമൊരു യാത്രക്കാരനോ യാത്രക്കാരിയോ സ്ക്കൂൾ കുട്ടികൾക്കു വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്! പ്രായമായവരെന്നോ സുഹൃത്തെന്നോ പരിഗണിക്കാതെ വെപ്രാളപ്പെട്ട് പലരും സീറ്റ് പിടിച്ചടക്കുന്നതിന് ഒരു പാട് തവണ സാക്ഷിയായിട്ടുമുണ്ട്! ' ടിക്കറ്റ് ... ടിക്കറ്റ്...' എന്ന് വിളിച്ചു പറഞ്ഞ്, കുട്ടികളേയെല്ലാം മുന്നോട്ട് അടുപ്പിച്ചു നിർത്തി, അതിനിടയിലൂടെ തിങ്ങി ഞെരുങ്ങി കണ്ടക്ടർ ആ സ്ത്രീക്ക് അടുത്തെത്തി. 

പെട്ടന്നാണയാൾ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന പെൺകുട്ടിയെ കാണുന്നത്! 'അമ്പത് പൈസേം കൊടുത്ത് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നോ? എഴുന്നേൽക്കെടീ... ഇതാണ് ഇതിറ്റുങ്ങളെ കയറ്റണ്ടാന്ന് പറേന്നത്... അഹങ്കാരികൾ...' പിന്നേയും അയാൾ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. പേടിച്ചരണ്ട കണ്ണുകളോടെ ആ പെൺകുട്ടി പതുക്കെ സീറ്റിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങി.. 'മോളവിടെത്തന്നെയിരുന്നോ' അവർ അവളെപ്പിടിച്ച് ആ സീറ്റിൽത്തന്നെയിരുത്തി. 'ഞാനാണവൾക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തത്. സ്കൂൾ കുട്ടികൾക്കെന്താ സീറ്റിലിരിക്കാൻ പാടില്ലേ?'. 'പാസ്സ്കാർ നിന്നാ മതി. ഫുൾ ടിക്കറ്റ് കാർ ഇരിക്കട്ടെ. നിങ്ങൾക്ക് സീറ്റ് വേണ്ടെങ്കിൽ നിന്നോളൂ.. അവിടെ വേറെയാരെങ്കിലും ഇരിക്കും...' കണ്ടക്ടറുടെ മറുപടിയിൽ ഒരു മാതിരി അശ്ലീലം നിറഞ്ഞ പരിഹാസം തുളുമ്പുന്നുണ്ടായിരുന്നു. 

'അവൾ അവിടെത്തന്നെയിരിക്കും!'. ഒരു വെല്ലുവിളിയെന്നോണം നിശ്ചയദാർഡ്യത്തോടേയാണ് ആ സ്ത്രീ സംസാരിക്കുന്നത്. 'കണ്ടക്ടറേ നിങ്ങൾക്ക് എന്റെ അനുജന്റെ വയസ്സേയുള്ളൂ...  അതു കൊണ്ട് ഞാൻ അനുജാ എന്ന് തന്നെ വിളിക്കട്ടെ. അതിരാവിലെ വേണ്ടത്ര പ്രാതൽ പോലും കഴിക്കാതെ ട്യൂഷൻ ക്ലാസ്സിലേക്ക് വീട്ടിൽ നിന്നും ഓടിത്തുടങ്ങിയവരായിരിക്കും ഇവർ. സ്ക്കൂളിൽ നിന്നും കിട്ടിയ ഉച്ചഭക്ഷണമായിരിക്കും കാര്യമായി ഇവരിന്ന് കഴിച്ചിട്ടുണ്ടാവുക! അനുജൻ ഇവരുടെ കണ്ണുകളിലേക്കും മുഖത്തേക്കുമൊന്നു നോക്കൂ.. ക്ഷീണിച്ചിരിക്കുന്ന ഈ കുട്ടികളേയല്ലേ നമ്മൾ സീറ്റുകളിൽ ഇരുത്തേണ്ടത്? അവരല്ലേ ഇരിക്കേണ്ടവർ?'

ഞാൻ മാത്രമല്ല ബസ്സിലുള്ള എല്ലാവരുമിപ്പോൾ അവരേയാണ് ശ്രദ്ധിക്കുന്നത്. 'അനുജൻ മെൻസസ് എന്ന് കേട്ടിട്ടുണ്ടോ? മാസമുറ?'. ചോദ്യം കേട്ട ആൺകുട്ടികളിൽ ചിലർ ചിരിച്ചു. മറ്റുള്ളവർ സ്തബ്ധരായി. കണ്ടക്ടർ ഒന്നും മിണ്ടുന്നില്ല. 'എന്നാൽ അങ്ങിനെയൊന്നുണ്ട്. ഈ നിൽക്കുന്നവരിലധികവും മെൻസസ് ആയിത്തുടങ്ങിയ കുട്ടികളായിരിക്കും. മെൻസസ് പിരിയഡ് അടുക്കുമ്പോൾ ശരീരത്തിൽ വിവിധങ്ങളായ ഹോർമോൺ വ്യതിയാനങ്ങളും മറ്റും നടക്കും. ചിലർക്ക് സഹിക്കാൻ കഴിയാത്ത വയറുവേദനയുണ്ടാവും. ചിലർക്ക് തല ചുറ്റൽ, ക്ഷീണം... ഈ നിൽക്കുന്നവരിൽ ചിലരെങ്കിലും അങ്ങിനെയുള്ള വേദന കടിച്ചമർത്തുന്നവരായിരിക്കും. 

ശരിക്കും അവരീവേദനയൊന്നും സഹിക്കുന്നത് അവർക്കു വേണ്ടിയല്ല കേട്ടോ. അടുത്ത തലമുറയ്ക്കായാണ്! അവരല്ലേ ഇരിക്കേണ്ടത്?. നമ്മൾ അവർക്കായി സീറ്റുകൾ ഒഴിഞ്ഞു കൊടുക്കുകയല്ലേ വേണ്ടത്? അത് നമ്മൾ പൊതു സമൂഹത്തിന്റെ കടമയല്ലേ?'. കൂടുതലായി കേൾക്കാൻ നിൽക്കാതെ കണ്ടക്ടർ 'ടിക്കറ്റ്... ടിക്കറ്റ്..' എന്ന് പറഞ്ഞ് മുമ്പോട്ട് നടന്നു തുടങ്ങി. അവരുടെ പുറകിലത്തെ സീറ്റിലിരുന്ന ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റ് മറ്റൊരു പെൺകുട്ടിയോട് 'മോളേ ദാ ഇവിടെയിരുന്നോ' എന്ന് പറഞ്ഞ് സീറ്റ് ഒഴിഞ്ഞു കൊടുത്തു. 

മടിച്ച് മടിച്ച് നിന്ന അവളെ അയാൾ നിർബ്ബന്ധിച്ച് സീറ്റിലിരുത്തി. ആ സീറ്റിന് അപ്പുറത്തിരുന്നയാളും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ഇരിപ്പുറച്ചില്ല. ഞാൻ എഴുന്നേറ്റു തുടങ്ങിയപ്പോൾത്തന്നെ എന്റെ അടുത്തിരിക്കുന്നയാളും എഴുന്നേൽക്കുന്നുണ്ടായിരുന്നു. ഞാൻ മുകളിലത്തെ കമ്പിയിൽ പിടിച്ചു നിൽക്കുമ്പോഴും ആലോചിച്ചു കൊണ്ടിരുന്നത് ആ സ്ത്രീയെ മുമ്പ് എവിടെ വച്ചായിരുന്നൂ കണ്ടത് എന്ന് തന്നെയായിരുന്നു. എവിടെ വച്ചായിരിക്കും?. അക്ഷരങ്ങളുടെ മനസ്സിനു നന്ദി'.

ഇതാണ് ആ കുറിപ്പ്. ഇതൊരു യാഥാർത്ഥ്യം തന്നെയാണ്. സ്കൂൾ വിടുന്ന സമയത്ത് ബസ്സിൽ യാത്ര ചെയ്തിട്ടുള്ള എല്ലാവരും ആണും പെണ്ണും ഇത് വായിക്കേണ്ട വസ്തുതയാണ്. ഒപ്പം എല്ലാ ബസ് ജീവനക്കാരും ഈ കാര്യം മനസ്സിലാക്കേണ്ടത് തന്നെയാണ്. കൺസഷൻ പാസ് ഉണ്ടെങ്കിലും സ്‌കൂളിൽ നിന്നു വരുന്ന നമ്മുടെ പെൺകുട്ടികളെ ബസ്സുകളിൽ സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിൻ്റെ ബാധ്യത തന്നെയാണ്. അല്ലെങ്കിൽ  എല്ലാ സ്കൂളുകൾക്കും സ്കൂൾ ബസ് നിർബന്ധം ആക്കുക എന്നതാണ് മറ്റൊന്ന്. അതാകുമ്പോൾ ജോലിക്കാരും പിള്ളേരും തമ്മിൽ സീറ്റിന് വേണ്ടി മത്സരം വേണ്ട. ഈ അറിവ് എല്ലാവരിലേയ്ക്കും എത്തിക്കാൻ നിങ്ങൾക്ക് കഴിയട്ടെ.

#WomenRights, #PublicTransport, #ReservedSeats, #BusTravel, #MenstrualDiscomfort, #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia