Obituary | ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 19 കാരനായ എംബിബിഎസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു; സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
ജാമനഗര്‍: (KVARTHA) ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 19 കാരനായ എംബിബിഎസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ഗുജറാത്തിലെ ജാമനഗര്‍ ജില്ലയില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. ചൊവ്വാഴ്ചയാണ് ദുരന്തനിടയാക്കിയ സംഭവം നടന്നത്. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായ കിഷന്‍ മണേക്ക് വ്യായാമത്തിനിടെ പെട്ടെന്ന് അവശനായി കുഴഞ്ഞു വീഴുകയായിരുന്നു.
જામનગરમાં 19 વર્ષીય યુવાન કિશન માણેકનું હાર્ટ એટેકથી મોત#Jamnagar #HeartAttack #Workout pic.twitter.com/iBlnpnzcZm
— Nirbhay Bharat (@nirbhaybnews) August 21, 2024
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ജാമനഗറിലെ ഇലക്ട്രിസിറ്റി ഓഫീസിലെ ഡെപ്യൂട്ടി എഞ്ചിനീയറായ ഹേമന്ത് മണേക്കിന്റെ മകനാണ് മരിച്ച കിഷന്‍ മണേക്ക് എന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാക്കള്‍ മരിക്കുന്നത് ഇപ്പോള്‍ പതിവ് സംഭവമായി മാറിയിരിക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ശനിയാഴ്ച രാത്രി, തമിഴ് നാട്ടിലെ ചെന്നൈ നുങ്കമ്പക്കം പ്രദേശത്തെ ഒരു പബ്ബില്‍ 22 വയസ്സുകാരനായ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിയും കുഴഞ്ഞു വീണു മരിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്. മുഹമ്മദ് സുഹൈല്‍ ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. രാമപുരത്തെ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു.
മൂന്ന് സ്ത്രീ സുഹൃത്തുക്കളോടൊപ്പം രാത്രി ഒമ്പത് മണിയോടെ പബ്ബില്‍ എത്തിയതായിരുന്നു സുഹൈല്‍ എന്ന് പൊലീസ് പറഞ്ഞു. രാത്രി പബ്ബില്‍ വച്ച് മൂന്നുപേരും സംസാരിക്കുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു.
സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് വിയര്‍ത്തൊഴുകിയ സുഹൈല്‍ തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി സുഹൃത്തുക്കളോട് പറഞ്ഞു. അടുത്ത നിമിഷം തന്നെ നിലത്തു വീണു. സുഹൃത്തുക്കളും പബ്ബ് ജീവനക്കാരും ഉടന്‍ തന്നെ സുഹൈലിനെ സര്‍കാര്‍ കില്‍പാക്ക് മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലില്‍ (കെഎംസിഎച്ച്) എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ടെയ്‌നമ്പേറ്റ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കായി അയച്ചു.
പൊലീസ് സംശയാസ്പദമായ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സുഹൈലിന് ഹൃദയാഘാതം സംഭവിച്ചിരിക്കാം എന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നുണ്ടെങ്കിലും അത്തരത്തിലുള്ള ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു. പബ്ബില്‍ വച്ച് സുഹൈല്‍ മദ്യപിച്ചിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
' രാസപരിശോധനയ്ക്കായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്, മരണത്തിന്റെ കൃത്യമായ കാരണം ഫലം ലഭിച്ചുകഴിഞ്ഞാല്‍ മാത്രമേ അറിയാന്‍ കഴിയൂ-' എന്ന് ടെയ്‌നമ്പേറ്റ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍ മുരുഗന്‍ പറഞ്ഞു. പബ്ബിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സുബൈലിന്റെ മരണത്തിന് കാരണമായ സംഭവങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. ശിവഗംഗൈ ജില്ലയില്‍ നിന്നുള്ള സുഹൈല്‍ തന്റെ കോളജിന് സമീപമുള്ള ഒരു ഹോസ്റ്റലില്‍ താമസിച്ച് വരികയായിരുന്നു.
#GymTragedy #HeartAttack #MBBSStudent #JamnagarNews #TragicDeath #HealthRisks