സംഭവിക്കുന്ന കാര്യങ്ങള്‍ മുഴുവനും നിര്‍ബന്ധമായും റിപോര്‍ട് ചെയ്യപ്പെടണം; കോടതി നടപടികള്‍ റിപോര്‍ട് ചെയ്യുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കില്ലെന്ന് സുപ്രീംകോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com 03.05.2021) കോടതി നടപടികള്‍ റിപോര്‍ട് ചെയ്യുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കില്ലെന്നു സുപ്രീംകോടതി. കോടതിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മുഴുവനും നിര്‍ബന്ധമായും റിപോര്‍ട് ചെയ്യപ്പെടണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. മദ്രാസ് ഹൈകോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് എതിരായുള്ള തെരഞ്ഞെടുപ്പ് കമിഷന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിലപാട്. സംഭവിക്കുന്ന കാര്യങ്ങള്‍ മുഴുവനും നിര്‍ബന്ധമായും റിപോര്‍ട് ചെയ്യപ്പെടണം; കോടതി നടപടികള്‍ റിപോര്‍ട് ചെയ്യുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കില്ലെന്ന് സുപ്രീംകോടതി

'മാധ്യമങ്ങള്‍ ശക്തമാണ്. കോടതിയില്‍ സംഭവിക്കുന്നത് എന്തെന്നു അവര്‍ റിപോര്‍ട് ചെയ്യട്ടെ. കോടതി വിധികള്‍ മാത്രമല്ല, പൗരന്മാര്‍ക്കു വേണ്ടി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍, മറുപടികള്‍, സംവാദങ്ങള്‍ എന്നിവയും പുറംലോകത്തെ അറിയിക്കണം. നിരീക്ഷണങ്ങള്‍ അതിശയോക്തിപരമായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നില്ല' എന്നും തെരഞ്ഞെടുപ്പ് കമിഷനോടു കോടതി പറഞ്ഞു.

കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തിയതില്‍ തെരഞ്ഞെടുപ്പ് കമിഷനെ മദ്രാസ് ഹൈകോടതി കഴിഞ്ഞ ആഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോവിഡ് കൂടുന്ന സാഹചര്യത്തിലും തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും രാഷ്ട്രീയ റാലികള്‍ നിരോധിക്കാത്തതില്‍ കമിഷനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണം എന്നും മദ്രാസ് ഹൈകോടതി പറഞ്ഞിരുന്നു. എന്നാല്‍ കോടതി വാക്കാല്‍ നടത്തിയ വിമര്‍ശനം അന്തിമ ഉത്തരവിലുണ്ടായിരുന്നില്ല.

ഹൈകോടതി പരാമര്‍ശം സ്ഥാപനത്തിനു കോട്ടമായെന്നും കോടതിയുടെ നിരീക്ഷണങ്ങള്‍ വാര്‍ത്തയാക്കുന്നതില്‍ നിന്നു മാധ്യമങ്ങളെ തടയണമെന്നും ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമിഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

'ഇന്നത്തെ സാഹചര്യത്തില്‍ കോടതി വിചാരണയുടെ ഉള്ളടക്കം റിപോര്‍ട് ചെയ്യരുതെന്നു മാധ്യമങ്ങളോടു ഞങ്ങള്‍ക്കു പറയാനാവില്ല. അന്തിമ ഉത്തരവിനു തുല്യമായി പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണു ഹൈകോടതിയില്‍ ചര്‍ചകളും നടക്കുന്നത്. പൊതുതാല്‍പര്യത്തെ കരുതി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ കയ്പുള്ള ഗുളിക പോലെ കരുതിയാല്‍ മതി' എന്നും തെരഞ്ഞെടുപ്പ് കമിഷനോടു ജസ്റ്റിസ് എം ആര്‍ ഷാ പറഞ്ഞു.

'ഹൈകോടതികളുടെ ആത്മവീര്യം കെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തൂണുകളാണ് അവ. ചിലപ്പോള്‍ സ്വതന്ത്രമായ സംഭാഷണങ്ങള്‍ കോടതികളില്‍ നടക്കും. ജഡ്ജിമാര്‍ ചില നിരീക്ഷണങ്ങള്‍ നടത്തും. കോടതിയിലെ നടപടികള്‍ ജഡ്ജിമാര്‍ എങ്ങനെയാണ് നിര്‍വഹിക്കേണ്ടതെന്നു നിങ്ങള്‍ക്കു നിയന്ത്രിക്കാനാവില്ല. അസൗകര്യപ്രദമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഹൈകോടതി ജഡ്ജിമാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്' എന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.

Keywords:  'Media Must Report Fully': Supreme Court On Election Commission's Protest, New Delhi, News, Media, Supreme Court of India, High Court,Assembly-Election-2021, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia