Revelation | കോവിഡ് കാലത്ത് 80 ശതമാനം മാധ്യമപ്രവര്‍ത്തകരെയും രാജ്യത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ചുവിട്ടു; 'രാജിവെക്കാൻ നിര്‍ബന്ധിതരായി', എന്തുകൊണ്ട്?

 
A photo of journalists working

Representational Image Generated by Meta AI

* പിരിച്ചുവിടലിനെ തുടർന്ന് മാധ്യമപ്രവർത്തകർ സാമ്പത്തിക പ്രതിസന്ധിയിലായി.

ആദിത്യൻ ആറന്മുള 

(KVARTHA) കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരെയും സ്ഥാപനങ്ങളിൽ നിന്ന് പിരിച്ചുവിട്ടെന്നും അവരില്‍ പലരും രാജിവയ്ക്കാനോ, സ്വയംവിരമിക്കലിനോ നിര്‍ബന്ധിതരായെന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ജോലിയില്‍ നിന്ന് പുറത്താക്കിയതിന് ശേഷം ഇംഗ്ലിഷ്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലായി 17 മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള 51 പത്രപ്രവര്‍ത്തകരും 12 പത്രപ്രവര്‍ത്തക യൂണിയനുകളും അസോസിയേഷനുകളും ചേര്‍ന്നാണ് 'കോവിഡ്-19 കാലഘട്ടത്തില്‍ മാധ്യമ സ്ഥാപനങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിട്ടതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്' എന്ന  റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

2023 സെപ്റ്റംബറിലാണ് സമിതി രൂപീകരിച്ചത്. കമ്മിറ്റിക്ക് മുമ്പാകെ ഹാജരായ 80 ശതമാനം മാധ്യമപ്രവര്‍ത്തകരും തങ്ങള്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായെന്നും സ്വയം വിരമിക്കല്‍ തിരഞ്ഞെടുക്കുകയായിരുന്നെന്നും സ്ഥാനങ്ങളില്‍ നിന്ന് പിരിച്ചുവിട്ടെന്നും പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. പിരിച്ചുവിട്ടപ്പോഴുള്ള വേതനം ലഭിച്ചതായി 37 ശതമാനം പേര്‍ മാത്രമാണ് വ്യക്തമാക്കിയത്.

പ്രസ് കൗണ്‍സില്‍ മുന്‍ അംഗം ബല്‍വീന്ദര്‍ സിംഗ്, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ സിറില്‍ സാം എന്നിവര്‍ തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം 2,300-2,500 പേരുടെ പിരിച്ചുവിടലുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ഈ കണക്ക് പ്രധാനമായും ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുതലായിരിക്കും. പുറത്താക്കപ്പെട്ടവരില്‍ 80 ശതമാനവും മൂന്ന് പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ്.

19 പേര്‍ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കോ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്ന് 14, ദി ഹിന്ദു പബ്ലിഷിംഗ് ഗ്രൂപ്പില്‍ നിന്ന് എട്ട്. ന്യൂഡല്‍ഹി, മുംബൈ ആസ്ഥാനമായുള്ള ഇംഗ്ലീഷ് മാധ്യമങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകകരാണ് കമ്മിറ്റിക്ക് മുന്നില്‍ എത്തിയവരില്‍ ഭൂരിഭാഗവും.  നേരിട്ടും ഓണ്‍ലൈനായുമാണ് മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ വിവരങ്ങള്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഓഗസ്റ്റ് അഞ്ചിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ചു. 2023 സെപ്റ്റംബറില്‍ രൂപീകരിച്ച ഉപസമിതിയില്‍ ഗുര്‍ബീര്‍ സിംഗ്, പ്രജ്ഞാനന്ദ ചൗധരി, പി. സായ്‌നാഥ്, സ്‌നേഹാഷിസ് സുര്‍, എല്‍.സി. ഗുപ്തയും സിറില്‍ സാം എന്നിവര്‍ അംഗങ്ങളായിരുന്നു.

പിരിച്ചുവിടല്‍ സംബന്ധിച്ച് തങ്ങളുടെ കമ്പനികളില്‍ നിന്ന് ഔദ്യോഗിക ഇമെയിലുകള്‍ ലഭിച്ചതായി സമിതിക്ക് മുമ്പാകെ ഹാജരായ മാധ്യമപ്രവര്‍ത്തകരില്‍ 25 ശതമാനം പേര്‍ മാത്രമാണ് പറഞ്ഞതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഏതാണ്ട് 75 ശതമാനം കേസുകളിലും, പിരിച്ചുവിടലുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും അനൗദ്യോഗികമായിരുന്നു. നേരിട്ട് കമ്മിറ്റി മുമ്പാകെ എത്തിയവരില്‍
 80 ശതമാനം പത്രപ്രവര്‍ത്തകരും തങ്ങള്‍ രാജിവെക്കാന്‍ നിര്‍ബന്ധിതരായെന്നും ശമ്പളം വെട്ടിക്കുറയ്ക്കലിനെയും പിരിച്ചുവിടലിനെയും കുറിച്ച് മുന്‍കൂട്ടി അറിയിപ്പുകളോ ഔദ്യോഗിക അറിയിപ്പോ ലഭിച്ചിട്ടില്ലെന്നും ആരോപിച്ചു.

സ്വതന്ത്ര പത്രപ്രവര്‍ത്തകയായി ജോലി ചെയ്യുന്ന കവിത അയ്യര്‍, 18 വര്‍ഷം ജോലി ചെയ്ത  ശേഷം, 2020 ജൂലൈ 27 ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മുംബൈ ബ്യൂറോയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. ഒരു മീറ്റിംഗില്‍ വെച്ച് രാജിവയ്ക്കമെന്നും കമ്പനി വിട്ടെന്നുള്ള കത്ത് കൈപ്പറ്റണമെന്നും അല്ലെങ്കില്‍ പിരിച്ചുവിടുമെന്നും അധികൃതര്‍ അറിയിച്ചുവെന്നാണ് പറയുന്നത്. ഇതേ തുടര്‍ന്ന് രാജിവെച്ച ശേഷം അയ്യര്‍ സഹപ്രവര്‍ത്തകര്‍ക്ക് ഇമെയില്‍ അയച്ചിരുന്നു. അത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

അതില്‍ പറയുന്നതിങ്ങിനെയാണ്, കമ്പനി തീരുമാനം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നെങ്കില്‍ നന്നായേനെ, ഈ തീരുമാനം എന്റെ ജോലിയെ ബാധിക്കാത്ത ബിസിനസ് തീരുമാനമാണ്, രാജിവയ്ക്കുന്നതില്‍ എനിക്ക് അതൃപ്തി ഉണ്ടാകുമായിരുന്നെങ്കിലും സ്ഥാപനത്തോടുള്ള പ്രതിബദ്ധതയും അഭിമാനവും നിലനിര്‍ത്തുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മളെല്ലാം ഇപ്പോള്‍ മനുഷ്യത്വം കുറഞ്ഞ് വൈറസുകളായി മാറിയിരിക്കുകയാണ്.

ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ സമിതിക്ക് മുമ്പാകെ  മിക്കവാറും എല്ലാ മാധ്യമപ്രവര്‍ത്തകരും സമാനമായ അനുഭവം പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. ആ വര്‍ഷം ജൂണില്‍ ദി ഹിന്ദുവില്‍ നിന്ന് പിരിച്ചുവിട്ട ആഷിഷ് റുഖയ്യര്‍ 2020 ഓഗസ്റ്റ് മൂന്നിന് വാര്‍ത്താ സ്ഥാപനങ്ങള്‍ക്ക് ലിങ്ക്ഡ്ഇന്നില്‍ എഴുതിയ തുറന്ന കത്തില്‍ റിപ്പോര്‍ട്ടര്‍മാരെ ഫോണില്‍ വിളിച്ച് പിരിച്ചുവിടല്‍ അറിയിച്ചതായും ചിലരെ ഓഫീസിലേക്ക് വിളിച്ച് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും പറയുന്നു. 'രാജിവെച്ചില്ലെങ്കില്‍, നിയമപ്രകാരം അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന് അവരെ ഭീഷണിപ്പെടുത്തി. മെമ്മോകളോ  മുന്നറിയിപ്പുകളോ ഒന്നുമില്ലായിരുന്നു, 'കത്തില്‍ പറയുന്നു.

പുറത്താക്കല്‍ തങ്ങളെ സാമ്പത്തികമായി ബാധിച്ചെന്ന് 44 മുതല്‍  80 ശതമാനം പേരും പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ, മറ്റൊരു 34 പേര്‍ക്ക് കുടുംബ സമ്പാദ്യത്തെ ആശ്രയിക്കേണ്ടിവന്നു, 17 പേര്‍ വായ്പയെടുക്കാന്‍ നിര്‍ബന്ധിതരായി, 12 മാധ്യമപ്രവര്‍ത്തകര്‍ താമസസ്ഥലം മാറാന്‍ നിര്‍ബന്ധിതരായി. ബെന്നറ്റ്, കോള്‍മാന്‍ ആന്‍ഡ് കോ, മുംബൈ മിററില്‍ ജോലി ചെയ്ത ഫോട്ടോഗ്രാഫര്‍ ദീപക് തുര്‍ഭേക്കറിനോട് 2021 ജനുവരിയില്‍ രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചു, ഇല്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഒരു വാട്ട്സ്ആപ്പ് കോളിലൂടെയാണ് ഇക്കാര്യം പറഞ്ഞത്, 16 വര്‍ഷം ജോലി ചെയ്തിട്ട്  ഒരു മാസത്തെ ശമ്പളം മാത്രമാണ് ലഭിച്ചത്, അദ്ദേഹം ഉപസമിതിക്ക് മുമ്പാകെ ഇക്കാര്യം പറഞ്ഞത് പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് പറയുന്നു.

ഭവനവായ്പ അടയ്ക്കാനും മൂത്ത മകളുടെ വിദ്യാഭ്യാസത്തിനുമായി ഭാര്യയുടെ ആഭരണങ്ങള്‍ വില്‍ക്കുകയും പ്രൊവിഡന്റ് ഫണ്ടിലെ പണം ഉപയോഗിക്കേണ്ടിയും വന്നു. ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ എന്റെ പക്കല്‍ പണമില്ല,  ഇപ്പോള്‍ ജോലിചെയ്യുന്നില്ല. ഫ്രീലാന്‍സ് ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഒരു ഫോട്ടോയ്ക്ക് 100-125 രൂപയാണ് പ്രതിഫലം. ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലെന്നും അദ്ദേഹം ഉപസമിതിയോട് പറഞ്ഞു.

രാജിവെക്കാന്‍ നിര്‍ബന്ധിതരായതിനെ ചിലര്‍ എതിര്‍ത്തുവെങ്കിലും അവരെയും പിരിച്ചുവിടപ്പെട്ടു.  മുംബൈ മിററില്‍ ജോലി ചെയ്തിരുന്ന ശ്രുതി ഗണപതി, നിര്‍ബന്ധിച്ച് രാജിവയ്ക്കാനുള്ള  ശ്രമങ്ങളെ ചെറുത്തുനിന്ന മൂന്ന് പേരില്‍ ഒരാളാണ്. ആകെ 100 ഓളം മാധ്യമപ്രവര്‍ത്തകരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തെ അടിസ്ഥാന ശമ്പളം മാത്രമാണ് പിരിച്ചുവിടല്‍ നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തത്.  

'മുംബൈ മിററില്‍ ജോലി നഷ്ടപ്പെട്ട ഏകദേശം 100 ജീവനക്കാരില്‍ ഞാനടക്കം മൂന്ന് പേര്‍ മാത്രമാണ് രാജിവെക്കാന്‍ വിസമ്മതിക്കുകയും ഒടുവില്‍ പിരിച്ചുവിടപ്പെടുകയും ചെയ്തത്. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഞാന്‍ ഇമെയിലുകള്‍ അയച്ചു, യാതൊരു നടപടിയും ഉണ്ടായില്ല- 'അവര്‍ പാനലിനോട് പറഞ്ഞു.  ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൂടാതെ, മാനസികാരോഗ്യവും തകര്‍ത്തതായി മാധ്യമപ്രവര്‍ത്തകര്‍ സമിതിയോട് പറഞ്ഞു.

#media layoffs #COVID19 #journalism #India #PressCouncil

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia