മാറക്കാന ദുരന്തത്തിന് 75 വർഷം: കാനറ പക്ഷികളെ കണ്ണീരിലാഴ്ത്തിയ തോൽവി


● അൽസിഡെസ് ഗിഗ്ഗിയയാണ് ഉറുഗ്വേയുടെ വിജയഗോൾ നേടിയത്.
● ബ്രസീലിന് സമനില മതിയായിരുന്നെങ്കിലും തോൽവി വഴങ്ങി.
● ഏകദേശം 2 ലക്ഷത്തോളം കാണികൾ മത്സരത്തിന് സാക്ഷ്യം വഹിച്ചു.
● ഗിഗ്ഗിയ മാറാക്കാന ദുരന്തത്തിന്റെ 65-ാം വാർഷിക ദിനത്തിൽ മരിച്ചു.
നവോദിത്ത് ബാബു
(KVARTHA) ഫുട്ബോളിന്റെ ചരിത്രത്തിൽ അട്ടിമറികൾ നിരവധിയുണ്ടായിട്ടുണ്ട്. അപ്രതീക്ഷിത തോൽവിയുടെ പേരിൽ ആരാധകർ സൃഷ്ടിച്ച ലഹളകളിൽ നിരവധി മനുഷ്യജീവനുകൾ പൊലിഞ്ഞ കഥകളുമുണ്ട്.
എന്നാൽ, ബ്രസീലിന്റെയും ലോകത്തെ ബ്രസീൽ ആരാധകരുടെയും ഹൃദയം തകർത്ത് സ്വന്തം തട്ടകത്തിൽ വെച്ച് ബ്രസീൽ ടീമിനുണ്ടായ തികച്ചും അപ്രതീക്ഷിത ഫുട്ബോൾ തോൽവിക്ക് ഇന്ന് (ജൂലൈ 16) 75 വർഷം തികയുന്നു. ഫുട്ബോൾ ചരിത്രത്തിൽ മാറക്കാന ദുരന്തം എന്നറിയപ്പെടുന്ന ഈ സംഭവം അരങ്ങേറിയത് 1950ലെ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനിടയിലാണ്.
പതിവിൽ നിന്ന് വ്യത്യസ്തമായി, 1950ലെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ കിരീട മത്സരം നാല് ടീമുകൾ പങ്കെടുക്കുന്ന റൗണ്ട് റോബിൻ അടിസ്ഥാനത്തിലായിരുന്നു. ബ്രസീൽ, ഉറുഗ്വേ, സ്പെയിൻ, സ്വീഡൻ എന്നീ നാല് ടീമുകളായിരുന്നു ഫൈനൽ ഘട്ടത്തിൽ ഉണ്ടായിരുന്നത്. സ്പെയിനും സ്വീഡനും ബ്രസീലിനോടും ഉറുഗ്വേയോടും തോറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു.
ബ്രസീൽ-ഉറുഗ്വേ പോരാട്ടമാണ് അന്തിമ വിജയികളെ തീരുമാനിക്കേണ്ടിയിരുന്നത്. ലീഗിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആധികാരികമായി ജയിച്ചതിനാൽ (ഉറുഗ്വേ ഒരു മത്സരം സമനിലയായിരുന്നു) ബ്രസീലിന് ഉറുഗ്വേയെക്കാൾ ഒരു പോയിന്റ് ലീഡുണ്ടായിരുന്നു. വ്യക്തമായ ഒരു പോയിന്റ് ലീഡുണ്ടായിരുന്നതിനാൽ കപ്പ് നേടാൻ ബ്രസീലിന് കേവലം സമനില മതിയായിരുന്നു. ഉറുഗ്വേയ്ക്കാണെങ്കിൽ വിജയം അനിവാര്യവും.
ബ്രസീലിന്റെ അന്നത്തെ തലസ്ഥാനമായ റിയോ ഡി ജനീറോയിലെ അതിമനോഹരമായ മാറക്കാന സ്റ്റേഡിയത്തിൽ 1950 ജൂലൈ പതിനാറിലെ പ്രഭാതം പൊട്ടിവിരിഞ്ഞത് ഏകദേശം രണ്ട് ലക്ഷത്തോളം വരുന്ന ബ്രസീൽ ആരാധകരുടെ ആർപ്പുവിളികൾ ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു.
സ്വപ്ന കിരീടത്തിലേക്ക് സാക്ഷ്യം വഹിക്കാൻ ഏതാനും മണിക്കൂറുകളുടെ ഇടവേള മാത്രം. ഫുട്ബോൾ എന്നത് സ്വന്തം ജീവന്റെ ഭാഗമായി കരുതുന്ന ബ്രസീലുകാരെ സംബന്ധിച്ചിടത്തോളം, വിജയം ശീലമാക്കിയ അവരുടെ ടീമിന്റെ അന്നത്തെ ആധികാരിക വിജയത്തിൽ സംശയമുണ്ടായിരുന്നില്ല.
ആർപ്പുവിളികളുടെ ആരവത്തോടെ ബ്രസീലിയൻ ടീം ഗ്രൗണ്ടിലിറങ്ങി. ആവേശം നിറഞ്ഞ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾരഹിത സമനിലയിലായി. ബ്രസീലിന്റെ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് രണ്ടാം പകുതി തുടങ്ങിയ ഉടൻതന്നെ ഫ്രയേ (Friaca) തൊടുത്തുവിട്ട മിസൈൽ ഷോട്ട് ഉറുഗ്വേ ഗോൾകീപ്പറെ കീഴടക്കി വല ചുംബിച്ചപ്പോൾ മഞ്ഞക്കടൽ ആരവത്തോടെ ഇരമ്പി.
ഇതൊരു തുടക്കം മാത്രമെന്ന് പ്രതീക്ഷിച്ച ആരാധകരെ സ്തബ്ധരാക്കി ഉറുഗ്വേയുടെ ആൽബെർട്ടോ ഷിയാഫിനോ (Alberto Ghiggia) ഏതാനും മിനിറ്റുകൾക്കകം ബ്രസീൽ ഗോൾവലയം ചലിപ്പിക്കുന്നതിനാണ് സ്റ്റേഡിയം സാക്ഷിയായത്. വരാനുള്ള ഏതോ അത്യാഹിതത്തിന് കാതോർക്കുകയായിരുന്നോ ബ്രസീൽ ടീം? ബ്രസീലിന്റെ മഞ്ഞപ്പട ഗ്രൗണ്ടിൽ ബോളിനുവേണ്ടി അലയുന്നതാണ് പിന്നെ കാണികൾ കണ്ടത്.
സമനില ഗോളിൽ കിട്ടിയ ആവേശം ഉറുഗ്വേ കളിക്കാരുടെ കാലുകളിൽ പ്രകടമായിരുന്നു. സ്റ്റേഡിയത്തെയും ലോകത്തെയും ഞെട്ടിച്ച ആ മുഹൂർത്തം ഏതാനും നിമിഷങ്ങൾക്കകം പിറന്നു. കളി തീരാൻ 11 മിനിറ്റ് ബാക്കിയുള്ളപ്പോൾ ആൽസിഡെസ് ഗിഗ്ഗിയ (Alcides Ghiggia) ബ്രസീൽ വല വീണ്ടും ചലിപ്പിച്ചപ്പോൾ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ നിശബ്ദമായിരുന്നു. അന്നത്തെ റെക്കോർഡ് പ്രകാരം ഫുട്ബോൾ കാണാനെത്തിയ പ്രേക്ഷകരുടെ കണക്കിൽ രണ്ടാം സ്ഥാനത്തുള്ള മത്സരമായിരുന്നു അത്.
ഗാലറികളിൽ സൂചി വീണാൽ കേൾക്കുന്ന നിശബ്ദത! ബ്രസീൽ 2-1ന് പിന്നിൽ. പിന്നീടുള്ള 11 മിനിറ്റുകൾ 11 യുഗങ്ങളുടെ വലുപ്പമുള്ളതായിരുന്നു. പക്ഷേ അനിവാര്യമായ വിധി ഏറ്റെടുക്കാൻ മാത്രമേ ബ്രസീലിന് യോഗമുണ്ടായിരുന്നുള്ളൂ. 2-1ന്റെ വിജയത്തിന് ഉറുഗ്വേ രണ്ടാമതും ലോകകിരീടം നേടി.
ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായി അന്നും ഇന്നും എന്നും വിലയിരുത്തുന്ന ഒന്നാണ് മാറക്കാന ദുരന്തം. വിജയഗോൾ നേടിയ ഗിഗ്ഗിയയെ ബ്രസീൽ ആരാധകർ ആജന്മ ശത്രുവായി പ്രഖ്യാപിച്ചു. പക്ഷേ, കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ? പ്രത്യേകിച്ചും കായിക ലോകത്ത്. ആജന്മ ശത്രുവായി പ്രഖ്യാപിച്ച ഗിഗ്ഗിയയെ പിന്നീട് വർഷങ്ങൾക്കുശേഷം അതേ മാറക്കാന സ്റ്റേഡിയത്തിൽ വെച്ച് ബ്രസീൽ ആദരിക്കുന്നതിനും ലോകം സാക്ഷിയായി.
തികച്ചും ആകസ്മികമെന്ന് പറയട്ടെ, ബ്രസീലിന്റെ കണ്ണീരിന് കാരണക്കാരനായ ഗിഗ്ഗിയ മാറക്കാന ദുരന്തത്തിന്റെ 65-ാം വാർഷിക ദിനത്തിൽ (2015 ജൂലൈ 16ന്) ഈ ലോകത്തുനിന്ന് എന്നെന്നേക്കുമായി കണ്ണടച്ചു എന്നത് ചരിത്രം ബാക്കിവെച്ച ആകസ്മികതകളിൽ ഒന്നായി ഓരോ ഫുട്ബോൾ ആരാധകന്റെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
ഫുട്ബോൾ ലോകത്തെ ഈ കറുത്ത അധ്യായത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Maracanã Disaster marks 75 years, recalling Brazil's shocking defeat.
#Maracanaço #FootballHistory #Brazil #Uruguay #WorldCup1950 #Anniversary