Arrested | കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ ഐ എ എസ് ട്രെയിനി പൂജ ഖേദ്കറിന്റെ അമ്മ അറസ്റ്റില്‍; പിടിയിലായത് ലോഡ് ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ


മുംബൈ: (KVARTHA) കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ വിവാദങ്ങളില്‍ ഉള്‍പെട്ട ഐ എ എസ് ട്രെയിനി പൂജ ഖേദ് കറിന്റെ അമ്മ മനോരമ ഖേദ് കറിനെ പുനെ പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ് ജില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.
വ്യാഴാഴ്ച രാവിലെയാണ് റായ്ഗഢിലെ ലോഡ് ജില്‍നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ മനോരമ ഖേദ്കര്‍ റായ് ഗഢില്‍ ഒളിവില്‍ പോവുകയായിരുന്നു.
അനധികൃതമായി തോക്ക് കൈവശംവെച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് മനോരമയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പൂജ ഖേദ് കറിനെതിരായ ആരോപണങ്ങള്‍ ശക്തമായതിനിടെയാണ് മനോരമ കര്‍ഷകര്‍ക്ക് നേരേ തോക്ക് ചൂണ്ടുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഒരുവര്‍ഷം മുന്‍പ് നടന്ന സംഭവമാണെങ്കിലും വീഡിയോ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. മനോരമയുടെ ഭര്‍ത്താവ് ദിലീപ് ഖേദ് കറും ഈ കേസില്‍ പ്രതിയാണ്. എന്നാല്‍, ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല.
ഐഎഎസ് നേടാന്‍ വ്യാജസര്‍ടിഫികറ്റുകള്‍ ഹാജരാക്കിയതിന് അന്വേഷണം നേരിടുന്ന പ്രബേഷനിലുള്ള ഓഫിസര്‍ ആണ് പൂജ ഖേദ്കര്‍. വ്യാഴാഴ്ച സ്റ്റേഷനില്‍ ഹാജരാകാന്‍ പുനെ പൊലീസ് പൂജയോട് നിര്‍ദേശിച്ചിട്ടുണ്ട്. പുനെ ജില്ലാ കലക്ടര്‍ക്കെതിരെ മാനസിക പീഡനത്തിന് പൂജ പരാതി നല്‍കിയിരുന്നു. പരാതിയില്‍ മൊഴിയെടുക്കാനാണ് പൂജയോട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. പരിശീലനം മതിയാക്കി മസൂറിയിലെ ഐ എ എസ് അകാഡമിയില്‍ തിരികെയെത്താന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുനെ ജില്ലാ കലക്ടര്‍ക്കെതിരെ മാനസിക പീഡനത്തിന് പൂജ പരാതി നല്‍കിയത്.
കലക്ടറുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് പൂജയെ പുനെയില്‍ നിന്നു വിദര്‍ഭയിലേക്ക് സ്ഥലംമാറ്റിയത്. പ്രത്യേക ക്യാബിനും ജീവനക്കാരും വേണമെന്ന് ആവശ്യപ്പെടുകയും സ്വകാര്യ ആഡംബരക്കാറില്‍ ബീകണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്‌തെന്ന് കലക്ടറുടെ റിപോര്‍ടിലുണ്ടായിരുന്നു.
കോടികളുടെ സ്വത്ത് ഉണ്ടായിട്ടും ഒബിസി നോണ്‍ ക്രിമിലെയര്‍ സര്‍ടിഫികറ്റ് നല്‍കിയ പൂജ, കാഴ്ചവൈകല്യത്തിന് കൃത്രിമ രേഖയുണ്ടാക്കിയെന്നുള്ള ആരോപണവും ഉയര്‍ന്നിരുന്നു. എല്ലിന് ബലക്ഷയം ചൂണ്ടിക്കാട്ടി ശാരീരിക വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന സര്‍ടിഫികറ്റ് സംഘടിപ്പിക്കാന്‍ ശ്രമിച്ചെന്ന റിപോര്‍ടും പുറത്തുവന്നിരുന്നു. ഈ ആരോപണങ്ങളിലെല്ലാം പൂജയ്‌ക്കെതിരെ കേന്ദ്ര, സംസ്ഥാന സര്‍കാരുകളുടെ അന്വേഷണം പുരോഗമിക്കുകയാണ്.