അറവുശാലകളിലെ റെയ്ഡ്; മംഗലാപുരം മേയറും ഉദ്യോഗസ്ഥരും കൊമ്പുകോര്‍ക്കുന്നു

 


അറവുശാലകളിലെ റെയ്ഡ്; മംഗലാപുരം മേയറും ഉദ്യോഗസ്ഥരും കൊമ്പുകോര്‍ക്കുന്നു
Mayor Banu
മംഗലാപുരം: നഗരത്തിലെ അനധികൃത അറവ് ശാലകളില്‍ സിറ്റി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന മിന്നല്‍ പരിശോധനയെ ചൊല്ലി മേയറും, ഉദ്യോഗസ്ഥരും കൊമ്പുകോര്‍ക്കുന്നു.

തന്നെ മുന്‍കൂട്ടി അറിയിക്കാതെ ഇത്തരം ഒരൊറ്റ റെയ്ഡും നടത്തരുതെന്ന് മേയര്‍ ഗുല്‍സന്‍ ബാനു ആവശ്യപ്പെട്ടതോടെയാണ് നഗരസഭ അദ്ധ്യക്ഷയും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം മുറുകിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃതവും നിയമ വിരുദ്ധവുമായ സംരംഭങ്ങള്‍ നിര്‍ത്തലാക്കാന്‍ മേയറുടേയോ തിരഞ്ഞെടുക്കപ്പെട്ട കോര്‍പ്പറേറ്റര്‍മാരുടെയോ അനുമതി വേണമെന്ന് നിയമത്തിലൊരിടത്തും പറഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ മേയര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെയാണ് കോര്‍പ്പറേഷന്‍ കൗണ്‍സിലും ഓഫീസ് വിഭാഗവും തമ്മില്‍ ചേരിപ്പോര് ശക്തമായത്.

കുദ്രോളിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച അറവ് ശാലയില്‍ റെയ്ഡ് നടത്തി നിരവധി ആടുമാടുകളെ പിടിച്ചെടുത്ത് സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ മേയര്‍ ഇടപ്പെട്ട് 2000 രൂപ പിഴ ചുമത്തി ആടുമാടുകളെ വിട്ടുകൊടുക്കുകയായിരുന്നു. മേയറുടെ ഈ നടപടിയില്‍ പ്രകോപിതരായ ഉദ്യോഗസ്ഥര്‍ തൊട്ടടുത്ത ദിവസം ബന്തറിലെ അറവ്ശാല റെയ്ഡ് നടത്തി ആടുമാടുകളേയും ഇറച്ചിയും പിടിച്ചെടുത്തു. പിടിച്ചെടുത്ത ആടുമാടുകളെ പരസ്യമായി ലേലം ചെയ്ത് വന്‍തുക ഇടാക്കി ഖജനാവിലേക്ക് മുതല്‍ കൂട്ടുകയായിരുന്നു. ഈ വിവരം അറിഞ്ഞതോടെയാണ് താനറിയാതെ ഇനിമേല്‍ റെയ്ഡുകളൊന്നും നടത്തരുതെന്ന് മേയര്‍ ആവശ്യപ്പെട്ടതിന് പിന്നില്‍.

മംഗലാപുരം നഗരത്തിലെ വാണിജ്യ-വ്യാപാര മേഖലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുകയാണെന്ന് ഓഫീസ് വിഭാഗം ആരോപിച്ചു. കെട്ടിട നിര്‍മ്മാണ രംഗത്തും, വ്യാപാര രംഗത്തും, അറവ്ശാലകളിലും നിയമലംഘനം ലക്കും ലഗാനുമില്ലാതെയാണ് തുടരുന്നത്. അറവ്ശാലകള്‍ മിക്കതും വൃത്തിഹീനമായ താല്‍ക്കാലിക ഷെഡ്ഡിലാണ് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സില്ലാതെ നിരവധി കടകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരെ ശക്തവും ഫലപ്രദവുമായ നടപടികളുമായി മുന്നോട്ടുപോകാനാണ് ഉദ്യോഗസ്ഥതല നീക്കം.

Keywords: Mayor Gulsan Banu, Mangalore, Karnataka
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia