Mallikarjun Kharge | കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു; സാക്ഷിയായി ഗാന്ധി കുടുംബം; മാറ്റം പ്രകൃതി നിയമമെന്ന് സോണിയ
Oct 26, 2022, 12:11 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് അധ്യക്ഷനായി കര്‍ണാടകത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. എ ഐ സി സി ആസ്ഥാനത്ത് രാവിലെ 10.30-ന് തുടങ്ങിയ ചടങ്ങില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഖാര്‍ഗെയ്ക്ക് വിജയ സര്‍ടിഫികറ്റ് കൈമാറി.
പിന്നാലെ സോണിയാ ഗാന്ധിയില്‍ നിന്ന് അധികാരമേറ്റെടുത്തു. ചടങ്ങിന് സാക്ഷിയായി മുന്‍അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ജെനറല്‍ സെക്രടറി പ്രിയങ്കാഗാന്ധി എന്നിവരും ഉണ്ടായിരുന്നു.
137 വര്‍ഷത്തെ പാര്‍ടിയുടെ ചരിത്രത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനാവുന്ന ആറാമത്തെയാളായി ഖാര്‍ഗെ മാറി. 24 വര്‍ഷത്തിനുശേഷം അധ്യക്ഷപദവി ഗാന്ധികുടുംബത്തിനുപുറത്ത് ഒരാള്‍ വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിന് മുമ്പായി ബുധനാഴ്ച രാവിലെ രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ ഖാര്‍ഗെ പുഷ്പാര്‍ചന നടത്തിയിരുന്നു.
ദീപാവലിയും അധ്യക്ഷന്റെ സ്ഥാനാരോഹണവും പ്രമാണിച്ച് മൂന്നുദിവസം ഭാരത് ജോഡോ യാത്രയ്ക്ക് അവധി നല്‍കിയാണ് രാഹുല്‍ ഡെല്‍ഹിയിലെത്തിയത്. വ്യാഴാഴ്ച തെലങ്കാനയില്‍ യാത്രതുടരും. അധ്യക്ഷ തെരഞ്ഞെടുപ്പിലെ തോല്‍വിയിലും തിളങ്ങിയ ശശി തരൂരും ഖാര്‍ഗെ ചുമതലയേല്‍ക്കുന്ന പരിപാടിയില്‍ പങ്കെടുത്തു.
എഐസിസി തെരഞ്ഞെടുപ്പ് സമിതി ഉടന്‍ രൂപീകരിക്കുമെന്നും എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയകാര്യ സമിതിയുണ്ടാക്കുമെന്നും ചുമതലയേറ്റ ശേഷം ഖര്‍ഗെ വ്യക്തമാക്കി.
അധ്യക്ഷന് താഴെ പിന്നോക്ക വിഷയങ്ങളില്‍ ഉപദേശക സമിതി ഉടന്‍ നിലവില്‍ വരുമെന്നും ഖര്‍ഗെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ തെളിവാണ്. എല്ലാവര്‍ക്കും ഒന്നിച്ച് യുദ്ധം ചെയ്യാം, വിജയികളാകാമെന്നും അദ്ദേഹം പറഞ്ഞു. ഒരു സാധാരണ പ്രവര്‍ത്തകന് ഇത്രയും വലിയ പദവി നല്‍കിയതിന് നന്ദിയെന്നും ഖര്‍ഗെ പറഞ്ഞു.
ശ്രേഷ്ഠരായ നേതാക്കള്‍ ഇരുന്ന പദവിയിലെത്തിയതില്‍ അഭിമാനം. തന്റെ അനുഭസമ്പത്തും കഠിനാധ്വാനവും പാര്‍ടിക്ക് പ്രയോജനപ്പെടും. എല്ലാ പ്രവര്‍ത്തകരും ഒപ്പം നില്‍ക്കണം. ഉദയ്പൂര്‍ ചിന്തന്‍ ശിബിരം പാര്‍ടിക്ക് മുന്‍പോട്ടുള്ള ഊര്‍ജം നല്‍കും. കോണ്‍സിന്റെ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ പ്രത്യയശാസ്ത്രമാണ്. ഭാരത് ജോഡോ യാത്ര പാര്‍ടിക്ക് വലിയ നേട്ടമാകും. അധ്യക്ഷ പദവിയെന്ന വലിയ ദൗത്യത്തിന് എല്ലാവരുടെയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് സോണിയാഗാന്ധി ആശംസകള്‍ നേര്‍ന്നു. ഖാര്‍ഗെ സാധാരണക്കാരനായ നേതാവാണ്. കഠിന പ്രയ്‌നത്തിലൂടെ ഉയന്നു വന്നയാള്‍. ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പാര്‍ടി ശക്തമായി മുന്‍പോട്ട് പോകും, വലിയ ആശ്വാസം തോന്നുന്നു. പ്രവര്‍ത്തകര്‍ നല്‍കിയ സ്‌നേഹം അവസാന ശ്വാസം വരെ ഓര്‍മിക്കും. ഈ ഭാരം ഒഴിയുന്നതിന്റെയും ആശ്വാസം.
മാറ്റം പ്രകൃതി നിയമമാണ്. വലിയ ഉത്തരവാദിത്തങ്ങള്‍ മുന്‍പിലുണ്ട്. എല്ലാവരും ഒന്നിച്ച് മുന്‍പോട്ട് പോകണം. വെല്ലുവിളികളെ കൂട്ടായി നേരിടണം. തെരഞ്ഞെടുപ്പ് നടപടികള്‍ നല്ലവണ്ണം മുന്‍പോട്ട് കൊണ്ടുപോയ മിസ്ത്രിക്കും നന്ദി. അധ്യക്ഷ പദവിയിലേക്ക് ഖാര്‍ഗെക്ക് സ്വാഗതമെന്നും സോണിയ പറഞ്ഞു.
ഉള്‍പാര്‍ടി ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുക മാത്രമല്ല, കോണ്‍ഗ്രസ് അത് വ്യക്തമാക്കുകയും ചെയ്തുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഖാര്‍ഗെ പടിപടിയായി ഉയര്‍ന്നു വന്ന നേതാവ്. വഹിച്ച പദവികളിലെല്ലാം കൈയൊപ്പ് ചാര്‍ത്തിയ നേതാവ്. ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പാര്‍ടി ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ഗുജറാത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗമാവും ഖാര്‍ഗെയുടെ ആദ്യ ഔദ്യോഗിക പരിപാടി. രമേശ് ചെന്നിത്തലയാണ് സ്‌ക്രീനിങ് കമിറ്റി ചെയര്‍മാന്‍.
Keywords: Mallikarjun Kharge takes charge as Congress president, New Delhi, News, Politics, Congress, Rahul Gandhi, Sonia Gandhi, Priyanka Gandhi, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

