Mallikarjun Kharge | ഇനി മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസിനെ നയിക്കും; 24 വര്‍ഷത്തിനിടെ ആദ്യമായി പാര്‍ടിക്ക് ഗാന്ധി ഇതര തലവന്‍
Oct 19, 2022, 14:31 IST
ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് അധ്യക്ഷനായി കര്‍ണാടകയില്‍ നിന്നുള്ള ദലിത് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. ആകെ 9497 വോടുകളാണ് പോള്‍ ചെയ്തത്. അവസാന കണക്കുകളില്‍ 7897 വോടുകളാണ് ഖര്‍ഗെയ്ക്ക് കിട്ടിയത്. 10 ശതമാനത്തിലധികം വോട് എതിര്‍ സ്ഥാനാര്‍ഥി ശശി തരൂര്‍ (1,072) നേടി. 88 ശതമാനം വോടാണ് ഖര്‍ഗെയ്ക്ക് ലഭിച്ചത്.
അതേസമയം, കോണ്‍ഗ്രസ് ഔദ്യോഗികമായി അന്തിമ ഫലം പുറത്തു വിട്ടിട്ടില്ല. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം അല്‍പസമയത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്.
നിഷ്പക്ഷ തിരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാല്‍ ഖര്‍ഗെയുടെ വിജയം ഉറപ്പായിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂര്‍ എത്ര വോട് നേടുമെന്ന് മാത്രമായിരുന്നു ആകാംക്ഷ. 1000 ലധികം വോട് നേടിയതോടെ, ഏറെക്കുറെ ഒറ്റയാനായി മത്സരിച്ച തരൂരിനും കരുത്ത് തെളിയിക്കാനായി.
വലിയ ലീഡ് നിലയോടെ വിജയത്തിലേക്കെത്തിയ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങുകയും ആശംസാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
സംഘടനാ രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് കൈമുതലാക്കിയാണ് കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളിലൊരാളായ 80 കാരന്‍ ഖര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. സംസ്ഥാന നേതാക്കളുമായി ഉറച്ച ബന്ധം, ദലിത് മുഖം തുടങ്ങിയ ഘടകങ്ങളും ഖര്‍ഗെയ്ക്ക് തുണയായി. തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ 9915 വോടര്‍മാരില്‍ 9497 പേരാണ് വോട് രേഖപ്പെടുത്തിയത്. രാവിലെ 10 മണിയോടെയാണ് വോടെണ്ണല്‍ ആരംഭിച്ചത്. എഐസിസി സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന ബാലറ്റ് ബോക്‌സുകള്‍ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് പൊട്ടിച്ചതും എണ്ണിയതും.
തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപിച്ച് തരൂര്‍ പക്ഷം രംഗത്തെത്തിയിരുന്നു. കേരളത്തില്‍നിന്ന് ബാലറ്റ് പെട്ടികള്‍ കൊണ്ടുപോയതില്‍ ഉള്‍പ്പെടെ തരൂര്‍ പക്ഷം പരാതി നല്‍കി. വ്യാപക ക്രമക്കേട് നടന്ന ഉത്തര്‍പ്രദേശിലെ വോടുകള്‍ എണ്ണരുതെന്ന തരൂരിന്റെ പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് സമിതി, അവിടെനിന്നുള്ള വോടുകള്‍ മാത്രം മറ്റു വോടുകള്‍ക്കൊപ്പം കൂട്ടിക്കലര്‍ത്തിയിരുന്നില്ല. യുപിക്ക് പുറമെ പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും വോടെടുപ്പില്‍ ഗുരുതര ക്രമക്കേട് നടന്നതായാണ് തരൂര്‍ പക്ഷത്തിന്റെ ആരോപണം.
Keywords: News, National, India, New Delhi, Top-Headlines, Politics, Party, Trending, Shashi Taroor, Congress, Election, Vote, Mallikarjun Kharge elected Congress president; party gets its first non-Gandhi chief in 24 years.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.