വെടിയേറ്റ ഉടലുമായി പോരാട്ടം തുടർന്നു: മലാല ദിനത്തിൽ ഓർമ്മകൾക്ക് തിളക്കം


● താലിബാൻ വെടിവെപ്പിനെ അതിജീവിച്ച് മലാല ജീവിതത്തിലേക്ക് തിരിച്ചുവന്നു.
● അഭയാർത്ഥികളായ സിറിയൻ പെൺകുട്ടികൾക്കായി സ്‌കൂളുകൾ തുറന്നു.
● 'ഒരു പേനക്ക് ലോകത്തെ മാറ്റാൻ കഴിയും' എന്ന് മലാല ലോകത്തോട് പറഞ്ഞു.
● ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ മലാല ആവശ്യപ്പെട്ടു.
ഭാമനാവത്ത്
(KVARTHA) താലിബാന്റെ വെടിയുണ്ടകളെ അതിജീവിച്ച്, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന മലാല യൂസഫ്‌സായിയുടെ ജന്മദിനമാണിന്ന്. ലോകമെങ്ങും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദമുയർത്താനുള്ള 'മലാലാ ദിനം' കൂടിയാണിത്. 'എല്ലാ പെൺകുട്ടികൾക്കും, ലോകമെങ്ങും' എന്നതാണ് ഈ വർഷത്തെ ആശയം.
സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ മലാല യൂസഫ്‌സായിയുടെ പതിനാറാം പിറന്നാളായ 2013 ജൂലൈ 12-നാണ് ഐക്യരാഷ്ട്ര സംഘടന മലാല ദിനമായി പ്രഖ്യാപിച്ചത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ നേരിടുന്ന രാജ്യങ്ങളിൽ പിറന്നാൾ ദിനത്തിൽ സഞ്ചരിക്കുന്ന മലാല, 2014-ൽ നൈജീരിയ സന്ദർശിച്ചിരുന്നു.
അവിടെ ഭീകരർ തട്ടിക്കൊണ്ടുപോയ പെൺകുട്ടികളുടെ മാതാപിതാക്കളെയും മലാല സന്ദർശിച്ചു. അഭയാർത്ഥികളായ സിറിയൻ പെൺകുട്ടികൾക്കായി ലെബനനിൽ 200 സ്‌കൂളുകളും മലാലയുടെ നേതൃത്വത്തിൽ തുറന്നു.
അഫ്ഗാനിസ്ഥാനിലെ സ്വാത് താഴ്‌വരയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടെയാണ് താലിബാൻ മതഭീകരരുടെ വെടിയേറ്റത്. 2014-ലാണ് മലാലക്ക് നോബൽ സമ്മാനം ലഭിച്ചത്. മലാല ഇപ്പോൾ ഇംഗ്ലണ്ടിലാണ് താമസം.
താലിബാന്റെ തോക്കിൽനിന്ന് ഉതിർന്ന വെടിയുണ്ടകൾക്ക് മുന്നിൽപ്പോലും തലകുനിക്കാതെ പ്രതീക്ഷകളുടെ ആയിരം മെഴുകുതിരികൾ തെളിയിച്ച മലാല യൂസഫ്‌സായി ജീവിതത്തിലേക്ക് തിരിച്ചുവന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ മലാല ദിനമായി ആചരിക്കാൻ മുൻകൈയെടുത്തത്. ലോകമെമ്പാടുമുള്ള പെൺകുട്ടികൾക്ക് പ്രോത്സാഹനമാണ് മലാലയെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തി.
2012 ഒക്ടോബർ ഒമ്പതിനാണ് മലാലക്ക് നേരെ താലിബാൻ തീവ്രവാദികൾ നിറയൊഴിച്ചത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മലാല ലണ്ടനിൽ ചികിത്സയിലായിരുന്നു. പാക്കിസ്ഥാനിലെ സ്വാത്തിൽ 2009-ൽ താലിബാൻകാർ സ്കൂളുകൾ അടച്ചുപൂട്ടിയപ്പോൾ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി മലാല പ്രചാരണം നടത്തിയിരുന്നു. താലിബാൻ അതിക്രമങ്ങൾ ബ്ലോഗിലും സ്വന്തം ഡയറിയിലും കുറിച്ചിട്ടു. 2009-ൽ സ്വാത്തിൽനിന്ന് സൈന്യം താലിബാനെ തുരത്തിയപ്പോഴാണ് മലാല സ്വന്തം പേരിൽ എഴുതിത്തുടങ്ങിയത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി മലാല ടെലിവിഷനിലൂടെ ശക്തമായി വാദിച്ചു. 2009-ൽ മലാലയുടെ ഡയറിക്കുറിപ്പുകൾ 'ഗുൽ മകായ്' എന്ന അപരനാമത്തിൽ ബിബിസിയുടെ ഉർദു ഓൺ ലൈൻ എഡിഷനിൽ പ്രത്യക്ഷപ്പെട്ടതോടെ അവൾ ലോകം ശ്രദ്ധിക്കുന്ന ശബ്ദമായി.
2011-ൽ കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്കാരത്തിന് അവൾ നാമനിർദേശം ചെയ്യപ്പെട്ടു. ഇതോടെയാണ് മലാലയെന്ന പെൺകുട്ടിയെ താലിബാൻ ശത്രുപക്ഷത്ത് നിർത്തിയത്. മലാലയുടെ ഡയറിക്കുറിപ്പുകളിലെ പൊള്ളുന്ന വാക്കുകളായിരുന്നു താലിബാനെ കൂടുതൽ ചൊടിപ്പിച്ചത്.
ഏത് നിമിഷവും ഒരു വെടിയുണ്ടയോ ബോംബോ മറ്റേതെങ്കിലും ആയുധമോ തന്റെ ജീവനെടുത്തേക്കുമെന്ന തിരിച്ചറിവിൽത്തന്നെയായിരുന്നു മലാലയുടെ പോരാട്ടം. ദേശീയ അന്തർദേശീയ തലത്തിൽ തിളങ്ങിനിൽക്കുമ്പോഴാണ് മലാലയെ സ്കൂൾ വാനിൽനിന്ന് പിടിച്ചിറക്കി താലിബാൻ തീവ്രവാദികൾ നിറയൊഴിച്ചത്.
മലാലയുടെ ഡയറിക്കുറിപ്പുകൾ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'പാക്കിസ്ഥാനിലെ ആൻ ഫ്രാങ്ക്' എന്നാണ് മലാലയെ രാജ്യാന്തര മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
'ഗുൽമക്കായി' എന്ന അപരനാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പാക് താലിബാനെതിരെ തെല്ലും ഭയപ്പെടാതെയാണ് മലാല പോരാടിയത്. വിദ്യാഭ്യാസത്തിനായി പോരാടിയതിന് താലിബാന്റെ കൊടും ക്രൂരതയ്ക്ക് ഇരയായതോടെയാണ് മലാല യൂസഫ്‌സായി എന്ന അന്നത്തെ 11 വയസ്സുകാരിയെ ലോകം തിരിച്ചറിഞ്ഞുതുടങ്ങിയത്.
2012 ഒക്ടോബറിൽ, സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ മുഖംമൂടി ധരിച്ച ഒരു പാക് താലിബാൻ തോക്കുധാരി സ്വാത് താഴ്‌വരയിൽ വെച്ച് അവരുടെ സ്കൂൾ ബസിൽ കയറി മലാലക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലെ ഒരു ആശുപത്രിയിൽ 10 ദിവസത്തിനുശേഷം അവൾ ഉണർന്നു. ആക്രമണത്തെക്കുറിച്ചും ലോകമെമ്പാടുമുള്ള ആളുകൾ അവളുടെ രോഗശാന്തിക്കായി പ്രാർത്ഥിക്കുന്നുണ്ടെന്നും ഡോക്ടർമാരും നഴ്സുമാരും അവളോട് പറഞ്ഞു.
പാകിസ്ഥാനിൽ സ്വാധീനം ചെലുത്തിയ താലിബാൻ തീവ്രവാദികളെ തുരത്തണമെന്ന ചിന്ത പാക് പൗരന്മാരിൽ ഉണർന്നുതുടങ്ങിയതും മലാലക്ക് വെടിയേറ്റതിന് പിന്നാലെയാണ്. പെൺകുട്ടിക്ക് നേരെ നിറയൊഴിച്ചുള്ള താലിബാൻ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം പ്രതിഷേധിച്ചു. തങ്ങളുടെ വിദ്യാഭ്യാസത്തിനായി പോരാടിയ മലാലയെന്ന കൊച്ചു പെൺകുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തിനെതിരെ പാകിസ്ഥാനിലെ കുട്ടികൾ രംഗത്തിറങ്ങി.
2014 ഡിസംബറിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച അവർ, ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവായി. ഇതൊരു പുതിയ യാത്രയുടെ തുടക്കമായിരുന്നു. മലാല ഫണ്ടിലൂടെ, പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ഒരു ആഗോള ശൃംഖലയുമായി അവർ പ്രവർത്തിക്കാൻ തുടങ്ങി.
‘ഒരു കുട്ടിക്ക്, ഒരു അധ്യാപകന്, ഒരു പുസ്തകത്തിന്, ഒരു പേനക്ക് ലോകത്തെ മാറ്റാൻ കഴിയും’ എന്ന് അവൾ ലോകത്തോട് പറഞ്ഞതും ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽത്തന്നെ.
ഇന്നത്തെ സാഹചര്യത്തിൽ താലിബാൻ അതിക്രമങ്ങൾ തുടരുമ്പോഴും, അതിന് ട്രംപിന്റെ അധികാരത്തിലുള്ള അമേരിക്ക പിന്തുണ പ്രഖ്യാപിക്കുമ്പോഴും മലാലയുടെ പ്രവർത്തനത്തെയും അന്നത്തെ 14 കാരി കാണിച്ച ആ ധീരതയേയും വീണ്ടും ലോകം ഓർക്കുകയാണ്. കനത്ത നഷ്ടങ്ങൾ സംഭവിച്ച ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ ഇസ്രയേൽ ഭരണകൂടം അനുമതി നൽകണമെന്ന് മലാല യൂസഫ്‌സായി ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള സമാധാനത്തിനായി ശബ്ദിക്കുന്നവരോടൊപ്പമാണ് താനെന്ന നിലപാടിൽ നിന്ന് ഒരിഞ്ച് മാറാൻ ഇന്നും അവൾക്കായിട്ടില്ല.
മലാലയുടെ പോരാട്ടത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: Malala Day marks the ongoing fight for girls' education.
#MalalaDay #GirlsEducation #MalalaYousafzai #NobelPeacePrize #HumanRights #Pakistan