Gang Involvement | മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയ് സംഘം


● നടന്‍ സല്‍മാന്‍ ഖാന് നേരെയുണ്ടായ വധശ്രമക്കേസില്‍ പ്രതിയായിരുന്നു ലോറന്‍സ് ബിഷ്‌ണോയി
● ഈ കേസിലും പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു
● ബോളിവുഡ് താരങ്ങളുമായി അടുപ്പമുണ്ടായിരുന്ന ആളായാണ് സിദ്ദീഖി അറിയപ്പെട്ടിരുന്നത്
മുംബൈ: (KVARTHA) മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയ് സംഘം രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബിഷ് ണോയിക്കും സംഘത്തിനും പങ്കുണ്ടോയെന്ന സംശയം പൊലീസിന്റെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. പിന്നാലെയാണ് കൊലപാതകത്തിന്റ ഉത്തരവാദിത്തം സംഘം ഏറ്റെടുക്കുന്നത്.
നേരത്തേ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നേരെയുണ്ടായ വധശ്രമക്കേസില്‍ പ്രതിയായിരുന്നു ലോറന്‍സ് ബിഷ്‌ണോയി. സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായ സംഭവം നടന്ന് മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദീഖി കൊല്ലപ്പെടുന്നതെന്നതും ശ്രദ്ധേയമാണ്.
ബാബാ സിദ്ദീഖി സംഘടിപ്പിക്കാറുള്ള വന്‍ ഇഫ്താര്‍ പാര്‍ട്ടികളില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്നു. താരങ്ങളുമായി അടുപ്പമുണ്ടായിരുന്നയാളായാണ് സിദ്ദീഖി അറിയപ്പെട്ടിരുന്നത്. സല്‍മാനും ഷാരൂഖും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചത് 2013 ല്‍ സിദ്ദീഖി നടത്തിയ പാര്‍ട്ടിയില്‍ വെച്ചായിരുന്നുവെന്നും സിദ്ദീഖിയാണ് ഇതിന് മുന്‍കൈ എടുത്തതെന്നും വാര്‍ത്തകളുണ്ടായിരുന്നു. സല്‍മാന് നേരെയുണ്ടായ വധശ്രമവുമായി ഈ കേസിനുള്ള ബന്ധങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
ഷിബു ലോങ്കര്‍ എന്ന അക്കൗണ്ട് കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. ബിഷ് ണോയി സംഘത്തിലെ അസോസിയേറ്റായ ശുഭം രാമേശ്വര്‍ ലോങ്കര്‍ എന്നയാളായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഷ്ണോയി സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ശുഭം. അനധികൃതമായി ആയുധം കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് ശുഭം ലോങ്കര്‍. ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനായ അന്‍മോള്‍ ബിഷ്ണോയിയുമായി ബന്ധപ്പെടാറുണ്ടെന്ന് നേരത്തെ ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുമുണ്ട്.
അതിനിടെ ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ബാന്ദ്രയിലെ അദ്ദേഹത്തിന്റെ ഗാലക്സി അപ്പാര്‍ട്ട് മെന്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ സുഹൃത്തുക്കളോട് ഇപ്പോള്‍ സന്ദര്‍ശനമരുതെന്നും കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്.
അടുത്ത സുഹൃത്തായ ബാബ സിദ്ദീഖിയുടെ മരണം സല്‍മാന്‍ ഖാനെ തകര്‍ത്തിരിക്കുകയാണ്. ബാബ സിദ്ദീഖിയുടെ മകന്‍ സീഷാന്റെ സുരക്ഷ ഉറപ്പിച്ച് രാത്രി ഉറങ്ങാതെ ഇരിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സല്‍മാന്റെ മീറ്റിങ്ങുകളും മറ്റ് പരിപാടികളും കുറച്ചു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
കൊല്ലപ്പെട്ട ബാബ സിദ്ദീഖി സല്‍മാന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. സല്‍മാന്റെ സഹോദരങ്ങളായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇഫ്ത്താര്‍ വിരുന്നുങ്ങളിലും മറ്റ് കുടുംബപരിപാടികളിലും ഇരു കുടുംബങ്ങളും ഒന്നിച്ചെത്തിയിരുന്നു.
ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗറിലെ സീഷന്‍ സിദ്ദീഖിയുടെ ഓഫീസിന് സമീപത്ത് വെച്ച് ശനിയാഴ്ച രാത്രി 9.30 ഓടെ ആണ് സിദ്ദീഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിര്‍ത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദീഖിയെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് ഹരിയാന സ്വദേശികളാണ് പിടിയിലായത്. ഇവര്‍ തന്നെയാണ് സിദ്ദീഖിയെ വധിച്ചതെന്നാണ് സൂചന. പ്രതികളില്‍ ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.
#BabaSiddique #LawrenceBishnoi #MumbaiCrime #BollywoodNews #SalmanKhan #NCP