ഡോ.നരേന്ദ്ര ദാഭോല്‍കര്‍ വധക്കേസ്: 5 പ്രതികള്‍ക്കെതിരെ യുഎപിഎയും കൊലക്കുറ്റവും ചുമത്തി പൂണെ കോടതി

 



മുംബൈ: (www.kvartha.com 16.09.2021) 2013ല്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. നരേന്ദ്ര ദാഭോല്‍കറെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ 5 പ്രതികള്‍ക്കുമെതിരെ പൂണെയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി. തീവ്രഹിന്ദു നിലപാടുള്ള സനാതന്‍ സന്‍സ്ത എന്ന സംഘടനയുമായി ബന്ധപ്പെട്ടുള്ള 5 പ്രതികള്‍ക്കെതിരെയാണ് കോടതി കുറ്റം ചുമത്തിയത്. കടുത്ത വ്യവസ്ഥകളുള്ള യു എ പി എ, ആയുധ നിയമം  എന്നിവ പ്രകാരമുള്ള കുറ്റങ്ങളും കൊലപാതകം, കുറ്റകരമായ ഗൂഢാലോചന കുറ്റങ്ങളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 30ന് വിചാരണ ആരംഭിക്കും. 

ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികളായ ഡോ. വീരേന്ദ്രസിങ് തവാഡെ, സചിന്‍ ആന്ദുരെ, ശരദ് കലാസ്‌കര്‍, വിക്രം ഭാവെ എന്നിവര്‍ക്കെതിരെ കൊലപാതകം, കൊലപാതകത്തിനുള്ള ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ച യു എ പി എ നിയമത്തിലെ 16-ാം വകുപ്പ്, തോക്ക് ഉപയോഗം സംബന്ധിച്ച ആയുധനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് സ്പെഷല്‍ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്ആര്‍ നവാന്ദര്‍ ചുമത്തിയിരിക്കുന്നത്. നാലാം പ്രതി അഡ്വക്കേറ്റ് സഞ്ജീവ് പുനലേക്കറിനെതിരെ തെളിവ് നശിപ്പിച്ചതിനാണ് കുറ്റം ചുമത്തിയത്.

ഡോ.നരേന്ദ്ര ദാഭോല്‍കര്‍ വധക്കേസ്: 5 പ്രതികള്‍ക്കെതിരെ യുഎപിഎയും കൊലക്കുറ്റവും ചുമത്തി പൂണെ കോടതി


സഞ്ജീവ് പുനലേക്കര്‍, വിക്രം ഭാവെ എന്നിവര്‍ നേരിട്ടും വീരേന്ദ്രസിങ് തവാഡെ, സചിന്‍ ആന്ദുരെ, ശരദ് കലാസ്‌കര്‍ എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയുമാണ് കോടതിയില്‍ ഹാജരായത്. യഥാക്രമം ഔറംഗാബാദ്, ആര്‍തര്‍ റോഡ് ജയിലുകളില്‍ സചിന്‍ ആന്ദുരെ, ശരദ് കലാസ്‌കര്‍ എന്നിവരെ വിചാരണയ്ക്കായി പൂണെയിലെ യെരവാദ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു. വീരേന്ദ്രസിങ് തവാഡെ നിലവില്‍ താവഡെ യെരവാദ ജയിലിലാണുള്ളത്. മറ്റു 2 പ്രതികളും ജാമ്യത്തിലാണ്.

അതേസമയം, കുറ്റം നിഷേധിച്ച പ്രതികള്‍ തങ്ങള്‍ നിരപരാധികളാണെന്ന് കോടതിയെ അറിയിച്ചു. പൂണെ സിറ്റി പൊലീസില്‍നിന്ന് 2014ല്‍ കേസ് ഏറ്റെടുത്ത സി ബി ഐ 5 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പിക്കുകയായിരുന്നു. സംഭവം നടന്ന് 8 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. കുറ്റാരോപണം തയാറാക്കുന്നതിന്റെ ഭാഗമായി കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോയെന്ന് ഓരോ പ്രതിയോടും കോടതി ചോദിച്ചു. അപ്പോഴാണ് കുറ്റക്കാരല്ലെന്ന് പ്രതികള്‍ അറിയിച്ചത്.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായി പോരാടിയിരുന്ന യുക്തിവാദിയും മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി (എം എ എന്‍ എസ്) സ്ഥാപകനുമായ ഡോ. നരേന്ദ്ര ദാഭോല്‍കര്‍ 2013 ഓഗസ്റ്റ് 20ന് പുലര്‍ച്ചെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കിറങ്ങിയ അദ്ദേഹത്തെ 2 അക്രമികള്‍ പൂണെ ഓംകാരേശ്വര്‍ ക്ഷേത്രത്തിനടുത്തുള്ള വിആര്‍ ഷിന്‍ഡെ പാലത്തില്‍വച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൂണെ പൊലീസ് അന്വേഷിച്ച കേസ് 2014ല്‍ സി ബി ഐ ഏറ്റെടുക്കുകയായിരുന്നു.

Keywords:  News, National, India, Mumbai, Accused, Case, Murder case, Court, Maharashtra Court Frames Charges Against 5 Accused In Dabholkar Murder Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia