SWISS-TOWER 24/07/2023

വ്യോമ ദുരന്തം മാധവ റാവു സിന്ധ്യ ഓർമയായിട്ട് 24 വർഷം; ജനഹൃദയങ്ങളിലെ ഗ്വാളിയോർ രാജാവ്
 

 
Portrait of veteran Congress leader Madhavrao Scindia

Photo Credit: Facebook/ Madhavrao Scindia Memorial Charitable Trust 

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അടൽ ബിഹാരി വാജ്‌പേയിക്കെതിരെ ഗ്വാളിയോറിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ട് (1984).
● റെയിൽവേ, സിവിൽ ഏവിയേഷൻ, മാനവ വിഭവശേഷി തുടങ്ങിയ വകുപ്പുകളിൽ കേന്ദ്രമന്ത്രിയായിരുന്നു.
● 1999-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നിരുന്നെങ്കിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കണ്ടിരുന്നു.
● 2001 സെപ്റ്റംബർ 30-ന് ഉത്തർപ്രദേശിലെ മെയിൻപുരിയിൽ വെച്ചുണ്ടായ വിമാന അപകടത്തിലാണ് കൊല്ലപ്പെട്ടത്.

ഭാമനാവത്ത് 

(KVARTHA) ലോക്‌സഭാ സ്പീക്കർ പദവിയിലിരിക്കെ ജി എം സി ബാലയോഗി, ആന്ധ്രാ മുഖ്യമന്ത്രിയായിരിക്കെ വൈ എസ് രാജശേഖര റെഡ്ഡി, അരുണാചൽ മുഖ്യമന്ത്രി ഡോർജി ഖണ്ഡു, ഗുജറാത്ത് മുഖ്യമന്ത്രി ബൽവന്ത്‌ റായി മേത്ത, ആണവ ശാസ്ത്രജ്ഞൻ ഹോമി ജെ ഭാഭ, സംയുക്ത കരസേനാ മേധാവി ബിപിൻ റാവത്ത്, കോൺഗ്രസ് നേതാവായിരുന്ന സഞ്ജയ് ഗാന്ധി, സിനിമാതാരങ്ങളായിരുന്ന ജയൻ, സൗന്ദര്യ തുടങ്ങി നിരവധി പ്രമുഖർ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കെ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരാണ്.

Aster mims 04/11/2022

ഈ കൂട്ടത്തിൽപ്പെട്ട, 1971 മുതൽ 2001 വരെ ഒമ്പത് തവണ ലോക്‌സഭാ അംഗമായിരുന്ന മധ്യപ്രദേശിൽ നിന്നുള്ള തലമുതിർന്ന കോൺഗ്രസ് നേതാവും, ബിസിസിഐ പ്രസിഡന്റും ഏറെക്കാലം കേന്ദ്രമന്ത്രിയുമായിരുന്ന മാധവ റാവു സിന്ധ്യ വിമാന അപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്ന് (സെപ്റ്റംബർ 30) 24 വർഷം തികയുന്നു.

1945 മാർച്ച് 10-ന് രാജകുടുംബത്തിൽ ജീവാജി റാവു സിന്ധ്യയുടെയും രാജമാതാ വിജയരാജിയുടെയും മകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനനം. അമ്മയും രണ്ട് സഹോദരിമാരായ വസുന്ധര രാജയും യശോധര രാജയും ഭാരതീയ ജനതാ പാർട്ടി പ്രവർത്തകരായിരുന്നെങ്കിൽ, മാധവ റാവു വേറിട്ട വഴിയിൽ സഞ്ചരിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. 

മകൻ ജ്യോതിരാദിത്യ സിന്ധ്യ ഏറെക്കാലം കോൺഗ്രസിൽ പ്രവർത്തിച്ചെങ്കിലും നിലവിൽ ബിജെപി അംഗവും കേന്ദ്രമന്ത്രിയുമാണ്.

അമ്മയെപ്പോലെ ജനസംഘം രാഷ്ട്രീയത്തിലാണ് മാധവ റാവു സിന്ധ്യ തുടക്കം കുറിച്ചത്. 1971-ൽ ആദ്യമായി ഗുണയിൽ നിന്ന് ലോക്‌സഭാ അംഗമായതും ഈ ടിക്കറ്റിലാണ്. അടിയന്തരാവസ്ഥയെ തുടർന്ന് 1977-ൽ ജനതാപാർട്ടി ടിക്കറ്റിൽ ലോക്‌സഭാ അംഗമായ അദ്ദേഹം 1980-ൽ കോൺഗ്രസ് അംഗത്വം എടുത്തു. 

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായി മാധവ റാവു വളർന്നു. 1980-ൽ ഗുണയിൽ നിന്ന് വീണ്ടും ലോക്‌സഭയിലെത്തി. അദ്ദേഹം 1984-ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം മാറി ഗ്വാളിയോറിൽ മത്സരിച്ച് ജയിച്ചപ്പോൾ എതിരാളിയായി ഉണ്ടായിരുന്നത് ബിജെപി നേതാവും പിന്നീട് പ്രധാനമന്ത്രിയുമായിരുന്ന അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു.

ഒമ്പത് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഒരിക്കൽ പോലും തോറ്റിട്ടില്ല. 1996-ൽ ദേശീയ നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസ് വിട്ട് മധ്യപ്രദേശ് വികാസ് പാർട്ടി എന്ന പ്രാദേശിക പാർട്ടി രൂപീകരിച്ചെങ്കിലും 1998-ൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി. 

വിവിധ മന്ത്രിസഭകളിൽ കേന്ദ്രമന്ത്രിയായിരിക്കെ റെയിൽവേ, സിവിൽ ഏവിയേഷൻ, മാനവ വിഭവശേഷി തുടങ്ങിയ വ്യത്യസ്ത വകുപ്പുകളിൽ അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.

സോണിയാ ഗാന്ധിയുടെ വിദേശ പൗരത്വ വിഷയം കത്തിനിന്ന 1999-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം ലഭിക്കുകയായിരുന്നെങ്കിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കണ്ടുവച്ചിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. 

എന്നാൽ പ്രസ്തുത തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിക്കുകയും എ ബി വാജ്‌പേയി പ്രധാനമന്ത്രിയാവുകയുമാണ് ഉണ്ടായത്.

കാൺപൂരിൽ ഒരു കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്യാനായി സ്വകാര്യ വിമാനത്തിൽ പോകുന്നതിനിടെ 2001 സെപ്റ്റംബർ 30-ന് ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ വെച്ചുണ്ടായ വിമാന അപകടത്തിൽപ്പെട്ട് തന്റെ 56-ാമത്തെ വയസ്സിൽ മാധവ റാവു സിന്ധ്യ കൊല്ലപ്പെടുകയുണ്ടായി.

മൂന്ന് പത്രപ്രവർത്തകരും പ്രൈവറ്റ് സെക്രട്ടറിയും അടക്കം എട്ടുപേർ ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടു. മാധവ റാവു സിന്ധ്യയോടുള്ള ആദരസൂചകമായി കണ്ണൂരിൽ പ്രവർത്തിക്കുന്ന മാധവ റാവു സിന്ധ്യ ഹോസ്പിറ്റൽ എല്ലാ വർഷവും സമുചിതമായി ഇദ്ദേഹത്തിന്റെ ചരമവാർഷിക ദിനം ആചരിച്ചു വരുന്നുണ്ട്.

ഗ്വാളിയോർ രാജാവ് എന്നറിയപ്പെട്ടിരുന്ന മാധവ റാവു സിന്ധ്യയെക്കുറിച്ചുള്ള ഈ ഓർമ്മക്കുറിപ്പ് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുക.

Article Summary: Remembering Madhavrao Scindia on his 24th death anniversary, a key Congress leader and former PM candidate who died in a plane crash.

#MadhavraoScindia #CongressLeader #PlaneCrash #GwaliorRaja #24thAnniversary #IndianPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script