ബംഗളൂരു സ്‌ഫോടനകേസ്: വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി വീണ്ടും സുപ്രീംകോടതിയില്‍

 


ബംഗളൂരു: (www.kvartha.com 10.09.2015) ബംഗളൂരു സ്‌ഫോടനകേസില്‍ വിചാരണ വേഗത്തിലാക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ട് കേസിലെ പ്രതിയും പി.ഡി.പി ചെയര്‍മാനുമായ അബ്ദുള്‍ നാസര്‍ മഅ്ദനി വീണ്ടും സുപ്രീംകോടതിയില്‍.

ഇതുസംബന്ധിച്ച് മഅ്ദനി സമര്‍പ്പിച്ച ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അതേസമയം വിചാരണ തീര്‍ക്കാന്‍ സുപ്രീംകോടതി വ്യക്തമായ സമയം നിര്‍ദേശിക്കുമെന്നും കേരളത്തിലേക്ക് പോകുന്നതടക്കം ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ലഭിക്കുമെന്നുമാണ് മഅ്ദനിയുടെ പ്രതീക്ഷ.

ബംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയിലെ എന്‍.ഐ.എ കോടതിയില്‍നിന്ന് വിചാരണ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. മൂന്ന് വിഷയങ്ങളിലും കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാകും.

ബംഗളൂരുവിലെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി ജൂലൈ 31ന് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിചാരണ നീളുന്നതില്‍ രൂക്ഷ വിമര്‍ശം നടത്തിയ സുപ്രീംകോടതി പ്രത്യേക കോടതിയിലേക്ക് വിചാരണ മാറ്റികൂടേയെന്നും ചോദിച്ചിരുന്നു. വിഷയത്തില്‍ രണ്ടാഴ്ചക്കകം തീരുമാനം അറിയിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആഗസ്റ്റ് 21ന് മറുപടി നല്‍കാനിരിക്കെ കര്‍ണാടക സര്‍ക്കാര്‍ രണ്ടാഴ്ചകൂടി സമയം നീട്ടിവാങ്ങുകയായിരുന്നു.

അതേസമയം, സാക്ഷി വിസ്താരത്തിന് പട്ടികയിലുള്ളവരുടെയും പകുതിവിസ്താരം നടന്നവരുടെയും
എണ്ണം ചൂണ്ടിക്കാട്ടി വിചാരണ പുരോഗമിക്കുകയാണെന്ന് വാദിക്കാനായിരിക്കും കര്‍ണാടകയുടെ ശ്രമം. 380 ഓളം സാക്ഷികളുള്ള കേസില്‍ 200 ഓളം സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചിട്ടുള്ളത്. മഅ്ദനിയുമായി ബന്ധപ്പെട്ട് 30ഓളം സാക്ഷികളാണുള്ളത്.  ഇതില്‍ 15ല്‍ താഴെ പേരെ മാത്രമാണ്  വിസ്തരിച്ചിട്ടുള്ളത്.

പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ വിചാരണ അന്തിമ ഘട്ടത്തിലെത്തിയപ്പോഴാണ് കര്‍ണാടക വിചാരണ നടപടികള്‍ എന്‍.ഐ.എ കോടതിയിലേക്ക് മാറ്റിയത്. ഇതോടെ ഭൂരിപക്ഷം സാക്ഷികളേയും വീണ്ടും വിസ്തരിക്കേണ്ടതായിവന്നു. കേസില്‍ മഅ്ദനിയുമായി ബന്ധപ്പെട്ട പ്രധാന സാക്ഷികളില്‍ ഒരാളായ കുടക് സ്വദേശി റഫീഖിനെ വെള്ളിയാഴ്ച ബംഗളൂരുവിലെ എന്‍.ഐ കോടതി വിസ്തരിക്കും.

ബംഗളൂരു സ്‌ഫോടനകേസ്: വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി വീണ്ടും സുപ്രീംകോടതിയില്‍


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

Keywords:  Bangalore, Supreme Court of India, Abdul-Nasar-Madani, Karnataka, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia