LuLu Group | അഹ് മദാബാദ് മുനിസിപല്‍ കോര്‍പറേഷനില്‍ നിന്ന് റെകോര്‍ഡ് തുകയ്ക്ക് വാണിജ്യാവശ്യത്തിനുള്ള ഭൂമി സ്വന്തമാക്കി ലുലു ഗ്രൂപ്; ലക്ഷ്യം ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വലിയ ഷോപിംഗ് മോള്‍ നിര്‍മാണം


വാങ്ങിയത് കോര്‍പറേഷനിലെ ചാന്ദ് ഖേഡാ പ്രദേശത്തെ എസ് പി റിംഗ് റോഡിലെ സ്ഥലം
ചിലവായത് 519 കോടി
അഹ് മദാബാദ്: (KVARTHA) മുനിസിപല്‍ കോര്‍പറേഷനില്‍ നിന്ന് റെകോര്‍ഡ് തുകയ്ക്ക് വാണിജ്യാവശ്യത്തിനുള്ള ഭൂമി സ്വന്തമാക്കി ലുലു ഗ്രൂപ്. കോര്‍പറേഷനിലെ ചാന്ദ് ഖേഡാ പ്രദേശത്തെ എസ് പി റിംഗ് റോഡിലെ സ്ഥലമാണ് 519 കോടി രൂപയ്ക്ക് ലുലു ഗ്രൂപ് സ്വന്തമാക്കിയത്. ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വലിയ ഷോപിംഗ് മോള്‍ നിര്‍മിക്കാനായാണ് ചാന്ദ് ഖേഡായില്‍ വന്‍തുകയ്ക്ക് ലുലു ഗ്രൂപ് ഭൂമി വാങ്ങിയതെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.
ലേലത്തില്‍ 502 കോടി രൂപയായിരുന്നു സ്ഥലത്തിന്റെ റിസര്‍വ് തുക. മറ്റ് രണ്ട് കംപനികളും ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും വാശിയേറിയ മത്സരത്തിനൊടുവില്‍ ഭൂമി ലുലു ഗ്രൂപ് സ്വന്തമാക്കുകയായിരുന്നു. ലുലു ഗ്രൂപിന് കീഴിലെ ലുലു ഇന്റര്‍നാഷനല്‍ ഷോപിംഗ് മോള്‍സ് ആണ് ലേലത്തിലൂടെ സ്ഥലം സ്വന്തമാക്കിയത്. അഹ് മദാബാദ് കോര്‍പറേഷന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയുടെ ഭൂമി വില്‍പനയാണിത്. ചതുരശ്ര മീറ്ററിന് 78,000 രൂപയാണ് ഗ്രൂപ് വാഗ്ദാനം ചെയ്തത്.
66,168 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് ലുലു വാങ്ങിയതെന്ന് ഗുജറാത് മാധ്യമമായ ദേശ് ഗുജറാത് റിപോട് ചെയ്യുന്നു. ആറായിരം പേര്‍ക്ക് പ്രത്യക്ഷമായും 12,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്ന മൂവായിരം കോടി രൂപയുടെ നിക്ഷേപമാണ് ലുലു പ്രദേശത്ത് വിഭാവനം ചെയ്യുന്നതെന്നും റിപോര്‍ടില്‍ പറയുന്നു.
തുടക്കത്തില്‍ പ്രദേശത്തെ 22 പ്ലോടുകള്‍ വില്‍ക്കാനായിരുന്നു കോര്‍പറേഷന്റെ നീക്കം. ഇതുവഴി 2, 250 കോടി രൂപയും പ്രതീക്ഷിച്ചു. എന്നാല്‍, ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ ലേലം അഞ്ച് പ്ലോടുകളിലേക്ക് മാത്രമായി ചുരുക്കി. 99 വര്‍ഷത്തെ പാട്ടത്തിന് നല്‍കാമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് ഭൂമി ലേലത്തിലെ വിജയിക്ക് വില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. പാട്ടം ഒഴിവാക്കിയതിലൂടെ ലേല വിജയിക്ക് 18 ശതമാനം ജി എസ് ടിയും ഒഴിവായി കിട്ടി.