Speaker Election | പ്രതിപക്ഷം കലിപ്പില്‍ തന്നെ, ഒട്ടും വിട്ടുകൊടുക്കാന്‍ ഭാവമില്ല; ലോക് സഭാ സ്പീകര്‍ പദവിയിലേക്ക് ഓം ബിര്‍ലയ്‌ക്കെതിരെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കും


പ്രതിരോധമന്ത്രി രാജ് നാഥ് സിങ്, പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ഡപ്യൂടി സ്പീകര്‍ സ്ഥാനത്തെ കുറിച്ച് പ്രതിപക്ഷവുമായി ചര്‍ച നടത്തിയെങ്കിലും സമവായമായില്ല
സ്പീകര്‍ തിരഞ്ഞെടുപ്പിന് ശേഷമെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളൂ
ന്യൂഡെല്‍ഹി: (KVARTHA) മോദി സര്‍കാരിനെതിരെ പൊരുതാന്‍ ഉറച്ച് പ്രതിപക്ഷം. ലോക് സഭാ സ്പീകര്‍ പദവിയിലേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാണ് പ്രതിപക്ഷം മത്സരം കടുപ്പിച്ചിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ലയും ഇന്‍ഡ്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും മത്സര രംഗത്തുണ്ട്. ഇത് മൂന്നാം തവണയാണ് ഓം ബിര്‍ല പാര്‍ലമെന്റിലെത്തുന്നത്.
കൊടിക്കുന്നില്‍ ലോക് സഭയില്‍ എത്തുന്നത് എട്ടാം തവണയും. ഇരുവരും നോമിനേഷന്‍ പേപര്‍ സമര്‍പ്പിച്ചു. എന്‍ഡിഎ സഖ്യത്തിന് 293 അംഗങ്ങളുടെ പിന്തുണയുണ്ട്. ഇന്‍ഡ്യാ സഖ്യത്തിനാകട്ടെ 232 പേരുടെയും. പ്രതിരോധമന്ത്രി രാജ് നാഥ് സിങ്, പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ഡപ്യൂടി സ്പീകര്‍ സ്ഥാനത്തെ കുറിച്ച് പ്രതിപക്ഷവുമായി ചര്‍ച നടത്തിയെങ്കിലും സമവായമായില്ല. സ്പീകര്‍ സ്ഥാനത്തേക്ക് ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്പീകര്‍ സ്ഥാനാര്‍ഥി ഓം ബിര്‍ലയെ പ്രതിപക്ഷം പിന്തുണയ്ക്കണമെങ്കില്‍ ഡപ്യൂടി സ്പീകര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.
നിലപാട് സര്‍കാര്‍ പ്രതിനിധി രാജ് നാഥ് സിങിനെ അറിയിച്ചതായും രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ സഭയില്‍ ഡപ്യൂടി സ്പീകറെ നിയമിക്കാന്‍ സര്‍കാര്‍ തയാറായിരുന്നില്ല. ഇത്തവണ ഡപ്യൂടി സ്പീകര്‍ക്ക് പ്രതിപക്ഷത്തിന് അവകാശമുണ്ടെന്ന് ഇന്‍ഡ്യ സഖ്യനേതാക്കള്‍ പറഞ്ഞു. സ്പീകര്‍ തിരഞ്ഞെടുപ്പിന് ശേഷമെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളൂ. ചൊവ്വാഴ്ചയും സഭയില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടരും.
സ്പീകര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയുവിലും ടിഡിപിയിലും അഭിപ്രായഭിന്നത ഉയര്‍ന്നിരുന്നെങ്കിലും സ്ഥാനം നിലനിര്‍ത്താനാണ് മുഖ്യകക്ഷിയായ ബിജെപിയുടെ ശ്രമം എന്ന വിവരവും പുറത്തുവരുന്നുണ്ട്.