Kangana Ranaut | ബിജെപി സ്ഥാനാർഥിയായി 'വിവാദങ്ങളുടെ താരം'; കങ്കണ റണാവതിന് തിരഞ്ഞെടുപ്പിൽ അനായാസം വിജയിക്കാനാകുമോ? മണ്ഡലത്തിന്റെ ചരിത്രം ഇങ്ങനെ; മുതുമുത്തച്ഛൻ കോൺഗ്രസ് എംഎൽഎ ആയിരുന്നു!

 


മാണ്ഡി: (KVARTHA) രാജ്യത്തെ രണ്ടാമത്തെ വലിയ പാർലമെൻ്ററി സീറ്റായ ഹിമാചലിലെ മാണ്ഡിയിൽ ഇത്തവണ ബോളിവുഡ് താരം കങ്കണ റണാവതിനെ രംഗത്തിറക്കിയിരിക്കുകയാണ് ബിജെപി. കങ്കണ ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2021ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് കങ്കണ റണാവത്ത് മത്സരിക്കുന്നതിനെക്കുറിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. എന്നാൽ അന്ന് ബിജെപി കാർഗിൽ വീരനായ കുശാൽ താക്കൂറിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.
  
Kangana Ranaut | ബിജെപി സ്ഥാനാർഥിയായി 'വിവാദങ്ങളുടെ താരം'; കങ്കണ റണാവതിന് തിരഞ്ഞെടുപ്പിൽ അനായാസം വിജയിക്കാനാകുമോ? മണ്ഡലത്തിന്റെ ചരിത്രം ഇങ്ങനെ; മുതുമുത്തച്ഛൻ കോൺഗ്രസ് എംഎൽഎ ആയിരുന്നു!

കങ്കണ റണാവത്ത് ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഗുജറാത്തിലെ ദ്വാരകയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ദൈവം തന്നെ അനുഗ്രഹിച്ചാൽ താൻ തീർച്ചയായും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കങ്കണ റണാവത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം കഴിഞ്ഞ വർഷം ഡിസംബർ 12ന് ബിലാസ്പൂരിലെ രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ പരിപാടിയിലും കങ്കണ റണാവത്ത് സാന്നിധ്യം അറിയിച്ചു.

അടുത്തിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ കുളുവിലെ വസതിയിൽ വച്ച് കങ്കണ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം കങ്കണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടി. ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് ബിജെപി ഹൈക്കമാൻഡ് ഒടുവിൽ മാണ്ഡി പാർലമെൻ്റ് സീറ്റിലെ സ്ഥാനാർത്ഥിയായി കങ്കണ റണാവത്തിനെ അഞ്ചാം പട്ടികയിൽ പ്രഖ്യാപിക്കുകയായിരുന്നു.

മാണ്ഡി ജില്ലയിലാണ് കങ്കണ താമസിക്കുന്നത്.

കങ്കണ മാണ്ഡി ജില്ലയിലെ സർക്കാഘട്ട് സബ്ഡിവിഷനിലെ ഭംബ്ലയിലാണ് താമസിക്കുന്നത്. 1987 മാർച്ച് മൂന്നിനാണ് താരം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡൽഹിയിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി. 2006ൽ ഗ്യാങ്സ്റ്റർ എന്ന ആദ്യ ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അച്ഛൻ അമർദീപ് റണാവത്ത് സ്വന്തമായി ബിസിനസ് ചെയ്യുന്നു, അമ്മ ആശാ റണാവത്ത് അധ്യാപികയാണ്. രംഗോലി ചന്ദേൽ എന്ന മൂത്ത സഹോദരിയുണ്ട്.

വാ തുറന്നാല്‍ വിവാദം


ബോളിവുഡ് നടി കങ്കണ റണാവത്ത് തൻ്റെ തുറന്നു പറച്ചിൽ ശൈലിക്ക് പേരുകേട്ടയാളാണ്. അതുകൊണ്ട് തന്നെ വാ തുറന്നാല്‍ വിവാദം സൃഷ്ടിക്കുന്ന നടിയെന്ന ദുഷ്‌പേരുമുണ്ടായി. രാഷ്ട്രപിതാവിനെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും പരിഹസിച്ചതും വിവാദമായി മാറി. സനാതൻ ധർമ്മത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ കൊണ്ട് കങ്കണ ഒരുപാട് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. എല്ലാ ദിവസവും ഏതെങ്കിലും ക്ഷേത്രത്തിൽ നിന്നോ മതപരമായ സ്ഥലങ്ങളിൽ നിന്നോ തൻ്റെ പോസ്റ്റുകൾ പങ്കിടുന്ന ശീലവുമുണ്ട്. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് അയോധ്യയിൽ ജയ് ശ്രീറാം എന്ന മുദ്രാവാക്യം വിളിച്ച് കങ്കണ രംഗത്തെത്തിയിരുന്നു.

മുത്തച്ഛൻ കോൺഗ്രസ് എംഎൽഎ


കങ്കണയുടെ രാഷ്ട്രീയ ഇന്നിംഗ്‌സിന്റെ ഒരു പുതിയ തുടക്കമാണിത്. കങ്കണയുടെ അച്ഛനും മുത്തച്ഛനും ഒരു തരത്തിലും രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല, എന്നാൽ അവരുടെ മുതുമുത്തച്ഛൻ നിയമസഭാംഗമായിരുന്നു. ഇപ്പോഴിതാ മൂന്ന് തലമുറയ്ക്ക് ശേഷം കുടുംബത്തിലെ ഒരാൾ രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ്. കങ്കണയുടെ മുതുമുത്തച്ഛൻ സർജു സിംഗ് റണാവത്ത് കോൺഗ്രസ് ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമസഭയിൽ എത്തിയപ്പോൾ കങ്കണ ബിജെപി സ്ഥാനാർഥിയാകുന്നുവന്നതാണ് പ്രത്യേകത.

അനായാസം വിജയിക്കാനാകുമോ?

മാണ്ഡി ലോക്‌സഭാ സീറ്റിൽ 17 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതിൽ 12 എണ്ണം ബിജെപിക്കും നാലെണ്ണം കോൺഗ്രസിനൊപ്പവുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ കങ്കണയ്ക്ക് വലിയ വെല്ലുവിളിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഈ മണ്ഡലത്തിലെ എംപി കൂടിയായ കോൺഗ്രസിന്റെ പ്രമുഖ നേതാവ് പ്രതിഭാ സിംഗ് വിസമ്മതിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രധാന കാര്യം.=

മാണ്ഡിയിൽ നിന്ന് പുതിയ മുഖത്തെ തേടുകയാണ് കോൺഗ്രസ്. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ, ബിജെപി സ്ഥാനാർത്ഥി രാംസ്വരൂപ് ഇവിടെ നിന്ന് ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആശ്രയ് ശർമ്മയെ പരാജയപ്പെടുത്തിയിരുന്നു, എന്നാൽ 2021 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ, സംസ്ഥാനത്ത് ബിജെപി സർക്കാർ ഉണ്ടായിരുന്നിട്ടും, കോൺഗ്രസ് സ്ഥാനാർത്ഥി പ്രതിഭാ സിംഗ് ഇവിടെ വിജയിക്കുകയുണ്ടായി.

മുൻകാല വിജയികൾ


മാണ്ഡി പാർലമെൻ്റ് സീറ്റിന് രാജ്യത്തിൻ്റെ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുണ്ട്. ഇവിടെ നിന്ന് വിജയിച്ച രാജ്കുമാരി അമൃത് കൗർ, വീർഭദ്ര സിംഗ്, പണ്ഡിറ്റ് സുഖ്റാം എന്നിവർ കേന്ദ്രസർക്കാരിൽ ആരോഗ്യ, വ്യവസായ, സ്റ്റീൽ, ടെലികമ്മ്യൂണിക്കേഷൻ മന്ത്രിമാരുടെ ചുമതല വഹിച്ചിട്ടുണ്ട്.

1952-ഗോപി റാം- കോൺഗ്രസ്
1952-അമൃത് കൗർ- കോൺഗ്രസ്
1957-ജോഗേന്ദ്ര സെൻ ബഹാദൂർ- കോൺഗ്രസ്
1962-ലളിത് സെൻ- കോൺഗ്രസ്
1967-ലളിത് സെൻ- കോൺഗ്രസ്
1971-വീർഭദ്ര സിംഗ്- കോൺഗ്രസ്
1977-ഗംഗാ സിംഗ്- ജനതാ പാർട്ടി
1980-വീർഭദ്ര സിംഗ്- കോൺഗ്രസ്
1984-സുഖ്റാം- കോൺഗ്രസ്
1989-മഹേശ്വര് സിംഗ്- കോൺഗ്രസ്
1991-സുഖ്റാം- കോൺഗ്രസ്
1996-സുഖ്റാം- കോൺഗ്രസ്
1998-മഹേശ്വര് സിംഗ്- ബി ജെ പി
1999-മഹേശ്വര് സിംഗ്- ബി ജെ പി
2004-പ്രതിഭ സിംഗ്- കോൺഗ്രസ്
2009-വീർഭദ്ര സിംഗ്- കോൺഗ്രസ്
2013-പ്രതിഭ സിംഗ്- കോൺഗ്രസ്
2014-രാംസ്വരൂപ് ശർമ്മ- ബി ജെ പി
2019-രാംസ്വരൂപ് ശർമ്മ- ബി ജെ പി
2021-പ്രതിഭ സിംഗ്- കോൺഗ്രസ്

Keywords: Kangana Ranaut, BJP, Lok Sabha Election, Congress, BJP, National, Politics, Mandi, Parliament, Bollywood, Candidate, Himachal Pradesh, Delhi, Lok Sabha election: Kangana Ranaut to contest from Mandi on BJP ticket.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia