രശ്മിത രാമചന്ദ്രന്‍ ഉള്‍പെടെ 52 പേരെ ഗവര്‍ണ്‍മെന്റ് പ്ലീഡര്‍മാരായി നിയമിച്ച് രണ്ടാം പിണറായി വിജയന്‍ സര്‍കാര്‍; സൂര്യ ബിനോയിയും തുഷാര ജെയിംസും സീനിയര്‍ ഗവ. പ്ലീഡര്‍മാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 29.07.2021) രണ്ടാം പിണറായി വിജയന്‍ സര്‍കാരിന്റെ ഹൈകോടതിയിലെ സര്‍കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവ് പുറത്തിറങ്ങി. രശ്മിത രാമചന്ദ്രന്‍ ഉള്‍പെടെ 52 പേരെയാണ് ഗവണ്‍മെന്റ് പ്ലീഡര്‍മാരായി നിയമിച്ചത്.

രശ്മിത രാമചന്ദ്രന്‍ ഉള്‍പെടെ 52 പേരെ ഗവര്‍ണ്‍മെന്റ് പ്ലീഡര്‍മാരായി നിയമിച്ച് രണ്ടാം പിണറായി വിജയന്‍ സര്‍കാര്‍; സൂര്യ ബിനോയിയും തുഷാര ജെയിംസും സീനിയര്‍ ഗവ. പ്ലീഡര്‍മാര്‍

ഇരുപത് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 52 ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ എന്നിവരുടെ നിയമന ഉത്തരവാണ് പുറത്തിറങ്ങിയത്. ഒരു സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം ഒഴിച്ചിട്ടുണ്ട്.

ഇരുപത് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ അഞ്ച് പേര്‍ വനിതകളാണ്. എം ആര്‍ ശ്രീലത (ധനകാര്യം), ലത ടി തങ്കപ്പന്‍ (എസ് സി / എസ് ടി), കെ ആര്‍ ദീപ (തദ്ദേശ ഭരണം), അംബിക ദേവി (സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ അതിക്രമം തടയല്‍), എന്‍ സുധ ദേവി ( ഭൂമി ഏറ്റെടുക്കല്‍) എന്നിവരാണ് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായ വനിതകള്‍.

53 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ രാജ്യസഭാ അംഗം ബിനോയ് വിശ്വത്തിന്റെ മകള്‍ സൂര്യ ബിനോയ്, സുപ്രീം കോടതി മുന്‍ ജഡ്ജിയും നിലവിലെ ലോകായുക്തയുമായ സിറിയക് ജോസഫിന്റെ സഹോദരി പുത്രി തുഷാര ജയിംസും ഉള്‍പെടും. ജോദ്പുര്‍ നാഷണല്‍ ലോ സ്‌കൂളില്‍ നിന്നാണ് സൂര്യ ബിനോയ് നിയമത്തില്‍ ബിരുദം നേടിയത്.

തുഷാര ജയിംസ് ഒന്നാം പിണറായി സര്‍കാരിന്റെ ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്നു. സിപിഎം അഭിഭാഷക സംഘടനയുടെ പാനലില്‍ ഉള്‍പെട്ടില്ലെങ്കിലും കഴിഞ്ഞ സര്‍കാരിന്റെ കാലത്ത് നികുതി കേസുകളില്‍ ഹാജരായിരുന്ന തുഷാര ജെയിംസിനും ഇത്തവണ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി സ്ഥാന കയറ്റം ലഭിക്കുകയായിരുന്നു.

ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് സര്‍കാര്‍ അഭിഭാഷകനായി പരിഗണിക്കപ്പെടാതിരുന്ന ടി ബി ഹൂദ് അഡ്വകേറ്റ് ജനറലിന്റെ ഓഫിസിലെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിതനായി. സി ഇ ഉണ്ണികൃഷ്ണനാണ് അഡ്വകേറ്റ് ജനറല്‍ ഓഫിസിലെ മറ്റൊരു സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍. നാഗരാജ് നാരായണന്‍ വനം വകുപ്പിന്റെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവിയില്‍ തുടരും.

പി സന്തോഷ് കുമാര്‍ (വ്യവസായം), രാജേഷ് എ ( വിജിലന്‍സ്), റോബിന്‍ രാജ് (എസ് സി / എസ് ടി), എസ് യു നാസര്‍ (ക്രിമിനല്‍), കെ ബി രാമാനന്ദ് (അഡീഷണല്‍ അഡ്വകേറ്റ് ജനറലിന്റെ ഓഫിസ്), മുഹമ്മദ് റഫീഖ് (നികുതി), താജുദ്ദീന്‍ പി പി (സഹകരണം), എം എല്‍ സജീവന്‍ (റവന്യു), രഞ്ജിത്ത് എസ് (അഡീഷണല്‍ അഡ്വകേറ്റ് ജനറലിന്റെ ഓഫിസ്), എം എച്ച് ഹനില്‍ കുമാര്‍ (റവന്യു), ടി പി സാജന്‍ (ഫോറസ്റ്റ്), സിറിയക് കുര്യന്‍ (ജലസേചനം) എന്നിവരാണ് മറ്റ് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍.

നികുതി വകുപ്പിന് ഉണ്ടായിരുന്ന രണ്ട് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവികള്‍ ഒന്നായി വെട്ടി ചുരുക്കി. പകരം ജലസേചന വകുപ്പിന് ഒരു സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം നല്‍കി. ഇതിലേക്കാണ് മാണി ഗ്രൂപ് നോമിനിയായി കൊച്ചിയിലെ എ ആന്‍ഡ് സി ലോ ചേമ്പറിലെ സിറിയക് കുര്യനെ നിയമിച്ചത്.

സുപ്രീം കോടതി അഭിഭാഷകയായ രശ്മിത രാമചന്ദ്രന്‍ ഉള്‍പെടെ 52 പേരെയാണ് ഗവണ്‍മെന്റ് പ്ലീഡര്‍മാരായി നിയമിച്ചത്. സുപ്രീം കോടതിയില്‍ സിപിഎം അഭിഭാഷക സംഘടനയ്ക്ക് വേണ്ടി ലോയ കേസ്, സെഡിഷന്‍ കേസ്, ട്രിബ്യുണലുകളെ സംബന്ധിച്ച കേസ്, ഡിവൈഎഫ്ഐക്ക് വേണ്ടി റോഹിന്‍ഗ്യ കേസ്, സിഐടിയുവിന് വേണ്ടി ഡെല്‍ഹി മിനിമം വേജസ് കേസ്, കിസാന്‍ സഭയ്ക്ക് വേണ്ടി ആധാര്‍ കേസ്, മുഹമ്മദ് യുസഫ് തരിഗാമിക്ക് വേണ്ടി കശ്മിര്‍ പ്രോപെര്‍ടി റൈറ്റ്സ് കേസ് എന്നിവ നടത്തിയത് രശ്മിത രാമചന്ദ്രന്‍ ആയിരുന്നു. രാജ്യസഭാംഗം ജോണ്‍ ബ്രിടാസിന് വേണ്ടി വാക്സിനേഷന്‍ കേസിലും, പെഗാസസ് കേസിലും, ലോക്സഭാ എം പി ആരിഫിന് വേണ്ടി എം പി ഫന്‍ഡ് കേസ് ഫയല്‍ ചെയ്തതും രശ്മിത ആണ്.

Keywords:  List of govt public prosecutor list announced, New Delhi, News, Lawyers, High Court of Kerala, Pinarayi Vijayan, Politics, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia