Controversy | പുതിയ പാർലമെന്റിലെ ചോർച്ച: വിശദീകരണം തേടി സ്പീക്കർ


ഡൽഹി:(KVARTHA) കോടികൾ ചിലവിട്ട് നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരത്തിൽ ചോർച്ചയുണ്ടായ സംഭവം വലിയ വിവാദമായിരിക്കുകയാണ്. മന്ദിരം രൂപകൽപന ചെയ്ത ബിമൽ പട്ടേലിനോട് ഇത് സംബന്ധിച്ച് ലോക്സഭാ സ്പീക്കർ വിശദീകരണം തേടി.
2600 കോടി രൂപ ചെലവിൽ നിർമ്മിച്ച മന്ദിരം 100 വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ലെന്നായിരുന്നു അവകാശവാദം. എന്നാൽ ഇത്ര വേഗം ചോരാൻ തുടങ്ങിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഈ സാങ്കേതിക പ്രശ്നം പരിഹരിച്ചെന്നാണ് ലോക്സഭ സെക്രട്ടറിയേറ്റ് പറയുന്നത്.
പ്രതിപക്ഷ എംപിമാർ പങ്കുവച്ച ചില ദൃശ്യങ്ങൾ ഈ വിശദീകരണത്തെ ചോദ്യം ചെയ്യുന്നു. ഉദ്യോഗസ്ഥർ ബക്കറ്റിൽ ചോരുന്ന വെള്ളം ശേഖരിക്കുന്നതിന്റെയും എംപിമാരുടെ ലോബിയുടെ അകത്ത് മഴവെള്ളം വീഴുന്നതിന്റെയും ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു.
മഴക്കാലത്ത് സഭാസമ്മേളനം പഴയ മന്ദിരത്തിലേക്ക് മാറ്റേണ്ടിവരുമെന്ന് അഖിലേഷ് യാദവ് വിമർശിച്ചു. ചോർച്ചയിൽ അന്വേഷണം വേണമെന്നും, എല്ലാ പാർട്ടികളുടെയും എംപിമാരടങ്ങുന്ന സമിതിക്ക് രൂപം നൽകണമെന്നും കോൺഗ്രസ് എംപി മാണിക്കം ടാഗോർ ആവശ്യപ്പെട്ടു.