ഇന്‍ഡ്യയുടെ മഹാഗായികയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട; സാക്ഷിയായത് ആയിരങ്ങള്‍
Feb 6, 2022, 20:59 IST
മുംബൈ: (www.kvartha.com 06.02.2022) ഇന്‍ഡ്യയുടെ മഹാഗായികയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട . മുംബൈ ശിവാജി പാര്‍ക്കില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി രാജ്യത്തിന്റെ നാദവിസ്മയത്തെ അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താകറെ ഉള്‍പെടെയുള്ള പ്രമുഖര്‍, സചിന്‍ ടെന്‍ഡുല്‍കര്‍, ജാവേദ് അക്തര്‍, ലത മങ്കേഷ്‌കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ശാരൂഖ് ഖാന്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയവര്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്.
വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാര്‍കിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രിയ ഗായികയ്ക്ക് അന്ത്യാഞ്ജലി അര്‍പിച്ചത്. ഭൗതികശരീരത്തില്‍ പുഷ്പചക്രം സമര്‍പിച്ച അദ്ദേഹം, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വൈകിട്ട് അഞ്ചേമുക്കാലോടെ വിലാപയാത്രയായാണ് ഭൗതികശരീരം ശിവാജി പാര്‍കിലെത്തിച്ചത്. വഴിയിലുടനീളം നിരവധിയാളുകളാണ് പ്രിയപ്പെട്ട ലതാ ദീദിയെ അവസാനമായി കാണാന്‍ കാത്തുനിന്നത്.
മുംബൈ ബ്രീച് കാന്‍ഡി ആശുപത്രിയില്‍നിന്ന് ഉച്ചയോടെ വസതിയിലെത്തിച്ച ഭൗതികശരീരത്തില്‍ നിരവധിയാളുകള്‍ അന്ത്യാഞ്ജലി അര്‍പിച്ചു. ഞായറാഴ്ച രാവിലെയാണ് ലതാ മങ്കേഷ്‌കര്‍ അന്തരിച്ചത്. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി എട്ടു മുതല്‍ ചികിത്സയിലായിരുന്നു. കോവിഡ് മുക്തയായതിനെ തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടിരുന്നെങ്കിലും നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നില വഷളായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
ഇന്‍ഡ്യയുടെ വാനമ്പാടിയുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്ര സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപനശൈലിയുമാണ് ലതാ മങ്കേഷ്‌കറിന് ഇന്‍ഡ്യയ്ക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത്. ഇന്‍ഡ്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്‌കര്‍ ആയിരത്തിലധികം ബോളിവുഡ് സിനിമകളില്‍ പിന്നണി ഗായികയായി.
വിദേശഭാഷകളിലുള്‍പെടെ മുപ്പത്തിയാറില്‍പരം ഭാഷകളില്‍ ലതാജി എന്ന് ആരാധകര്‍ ബഹുമാനത്തോടെയും സ്നേഹത്തോടെയും വിളിക്കുന്ന ആ മഹാഗായിക ഗാനങ്ങള്‍ ആലപിച്ചു. മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച ലതയ്ക്ക് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്നം 2001 ല്‍ നല്‍കി രാജ്യം ആദരിച്ചു.
Keywords: Lata Mangeshkar laid to rest with full state honours, PM Modi, SRK, Sachin attend funeral, Mumbai, News, Dead Body, Singer, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.