Lakshmi Parvathi | 'ഒരുപാട് കാലമായി കാത്തിരുന്ന നിമിഷം, അവസാനം നീതിയുടെ ചെറുതിരിവെട്ടം പരന്നു'; മരുമകനും ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ വീഴ്ച ആഘോഷമാക്കി എന്‍.ടി.ആറിന്റെ ഭാര്യ ലക്ഷ്മി പാര്‍വതി

 


ഹൈദരാബാദ്: (www.kvartha.com) മരുമകനും ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ വീഴ്ച ആഘോഷമാക്കി എന്‍ ടി ആറിന്റെ ഭാര്യ ലക്ഷ്മി പാര്‍വതി. തെലുഗു ദേശം പാര്‍ടി സ്ഥാപകനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ടി രാമറാവുവിന്റെ സമാധിയിലെത്തി ലക്ഷ്മി പാര്‍വതി പ്രാര്‍ഥന നടത്തി. ഹുസൈന്‍ സാഗര്‍ തടാകത്തിലെ എന്‍ ടി ആര്‍ സ്മാരകത്തില്‍ ലക്ഷ്മി പാര്‍വതി പുഷ്പാര്‍ചന നടത്തി. വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ടി നേതാവും ആന്ധ്രപ്രദേശ് തെലുഗു ആന്‍ഡ് സാന്‍സ്‌ക്രിറ്റ് അകാഡമി ചെയര്‍പേഴ്‌സണുമാണ് ലക്ഷ്മി പാര്‍വതി.

നൈപുണ്യ വികസന കോര്‍പറേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിജയ വാഡ കോടതിയാണ് ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. വിധി വായിച്ച വിജയവാഡ എസിബി കോടതി ജഡ്ജ് ഹിമബിന്ദു, ചന്ദ്രബാബു നായിഡുവിനെ സെപ്റ്റംബര്‍ 23 വരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയും മുന്‍ മുഖ്യമന്ത്രിയെ രാജമുണ്ട്രി സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

തുടര്‍ന്ന് അദ്ദേഹത്തെ തിങ്കളാഴ്ച രാവിലെയോടെ രാജമുന്‍ഡ്രി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് സെന്റര്‍സ് ഓഫ് എക്‌സലന്‍സ് (COE) ക്ലസ്റ്ററുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട 3300 കോടി രൂപയുടെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്മെന്റ് (CID) ചന്ദ്രബാബു നായിഡുവിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ സംസ്ഥാന സര്‍കാരിന് 300 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി ഏജന്‍സി അധികൃതര്‍ അവകാശപ്പെട്ടു.

കോടതിയുത്തരവ് എന്തായിരിക്കുമെന്ന ആശങ്ക മൂലം കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ പോലും സാധിച്ചിട്ടില്ലെന്ന് ലക്ഷ്മി പാര്‍വതി തെലുങ്ക് മാധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് കാലമായി കാത്തിരുന്ന നിമിഷമാണിതെന്നും അവസാനം നീതിയുടെ ചെറുതിരിവെട്ടം പരന്നുവെന്നും പറഞ്ഞ അവര്‍ ഈ വഞ്ചകര്‍ നീതിയുടെ ദൈവത്തെ പൂട്ടിയിട്ടിരിക്കുന്നു എന്ന തോന്നല്‍ ഏറെ കാലമായി ഉള്ളിലുണ്ടായിരുന്നുവെന്നും എന്നാല്‍ ഇന്ന് ഞാന്‍ സന്തോഷവതിയാണെന്നും പറഞ്ഞു.

നടനും രാഷ്ട്രീയ നേതാവുമായ എന്‍ ടി രാമറാവുവിന്റെ രണ്ടാം ഭാര്യയാണ് ലക്ഷ്മി പാര്‍വതി. 1993ലാണ് താന്‍ പാര്‍വതിയെ വിവാഹം കഴിച്ചതെന്ന കാര്യം തന്റെ ആത്മകഥയില്‍ എന്‍ ടി ആര്‍ സൂചിപ്പിക്കുന്നുണ്ട്. 1995 ജനുവരി 18നാണ് എന്‍ ടി ആര്‍ ഹൃദയാഘാതം മൂലം അന്തരിച്ചത്. ചന്ദ്രബാബു നായിഡു അട്ടിമറിയിലൂടെ മുഖ്യമന്ത്രിയായതിനു പിന്നാലെയായിരുന്നു അത്.

പാര്‍ടിയിലും ഭരണത്തിലും പാര്‍വതി ഇടപെടുന്നതില്‍ നായിഡുവും എന്‍ ടി ആറിന്റെ ആദ്യഭാര്യയിലെ മക്കളും രോഷാകുലരായിരുന്നു. എന്‍ ടി ആറിന്റെ മരണത്തോടെയാണ് പാര്‍വതി രാഷ്ട്രീയത്തിലേക്ക് വരുന്നത്. എന്‍ ടി ആറിന്റെ മരണത്തിന് കാരണക്കാരനെന്ന് കരുതുന്ന നായിഡുവിന്റെ പതനമാണ് തന്റെ ലക്ഷ്യമെന്ന് പാര്‍വതി പലപ്പോഴും പറഞ്ഞിരുന്നു.

2004ല്‍ നായിഡുവിന്റെ തിരഞ്ഞെടുപ്പ് പരാജയവും പാര്‍വതി ആഘോഷിച്ചിരുന്നു. അന്ന് വൈ എസ് രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസാണ് നായിഡുവിനെ പരാജയപ്പെടുത്തിയത്. 2012ല്‍ പാര്‍വതി വൈ എസ് ആറിന്റെ മകന്‍ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ അവര്‍ വൈ എസ് ആര്‍ സി പിയില്‍ ചേര്‍ന്നു. 2019ല്‍ ടിഡിപിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് വൈ എസ് ആര്‍ സി പി ആന്ധ്രപ്രദേശില്‍ അധികാരത്തില്‍വന്നു.

Lakshmi Parvathi | 'ഒരുപാട് കാലമായി കാത്തിരുന്ന നിമിഷം, അവസാനം നീതിയുടെ ചെറുതിരിവെട്ടം പരന്നു'; മരുമകനും ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ വീഴ്ച ആഘോഷമാക്കി എന്‍.ടി.ആറിന്റെ ഭാര്യ ലക്ഷ്മി പാര്‍വതി


Keywords: Lakshmi Parvathi visits NTR samadhi after Chandrababu Naidu sent to jail, Hyderabad, News, Lakshmi Parvathi,  Chandrababu Naidu,  NTR Samadhi, Politics, Allegation, YSR, TDP, Media, Report, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia