ഇറ്റലിയില്‍ നിന്ന് അമൃത്സറില്‍ വിമാനമിറങ്ങിയ യാത്രക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സംഭവം; പരാതി ഉയര്‍ന്നതോടെ ലാബിനെതിരെ അന്വേഷണം
Jan 9, 2022, 18:30 IST
അമൃത്സര്‍: (www.kvartha.com 09.01.2022) ഇറ്റലിയില്‍ നിന്നു പഞ്ചാബിലെ അമൃത്സറില്‍ വിമാനമിറങ്ങിയ യാത്രക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍, പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവ്. ലാബില്‍ നടത്തിയ പരിശോധനാഫലം ശരിയല്ലെന്നു വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ലാബിന്റെ സേവനം താല്‍കാലികമായി റദ്ദാക്കിയിട്ടുണ്ട്.
ഡെല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാബിന്റെ സേവനങ്ങള്‍ക്കു പകരം പ്രാദേശിക ലാബിനെ എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യ ചുമതലപ്പെടുത്തി. കൂട്ടമായി കോവിഡ് പോസിറ്റീവായതോടെ, ഇറ്റലിയില്‍നിന്നു വന്ന യാത്രക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്തില്‍ കയറുംമുന്‍പ് നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നുവെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ അമൃത്സറില്‍ എത്തിയ ശേഷം പെട്ടെന്ന് പോസിറ്റീവ് ആകുന്നത് എങ്ങനെയെന്നുമാണ് യാത്രക്കാരുടെ ചോദ്യം. പരിശോധനാഫലം പോസിറ്റീവായതോടെ ചിലര്‍ ലാബിനെതിരെ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ശ്രീ ഗുരു രാംദാസ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ ചിലര്‍, പിന്നീട് പുറത്തെ ലാബില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. 'ലാബിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2021 ഡിസംബര്‍ 21 മുതലാണ് ഡെല്‍ഹി കേന്ദ്രീകരിച്ചുള്ള ലാബിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്. ഈ ലാബിന്റെ സേവനം താല്‍കാലികമായി റദ്ദാക്കി' എന്ന് അസിസ്റ്റന്റ് സിവില്‍ സര്‍ജന്‍ ഡോ. അമര്‍ജിത് സിങ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച ഇറ്റലിയിലെ മിലാനില്‍ നിന്നു ചാര്‍ടേഡ് വിമാനത്തില്‍ വന്ന 125 യാത്രക്കാര്‍ക്കും, വെള്ളിയാഴ്ച റോം അമൃത്സര്‍ ചാര്‍ടേഡ് വിമാനത്തില്‍ വന്ന 173 യാത്രക്കാര്‍ക്കുമാണു കൂട്ടത്തോടെ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ഇറ്റലി ഉള്‍പെടെ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളെയും കേന്ദ്ര ആരോഗ്യ മന്ത്രാലയം 'റിസ്‌ക്' പട്ടികയിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്.
Keywords: Lab Faces Probe After Hundreds Positive On Italy-Amritsar Flights: Report, Panjab, News, Flight, Passengers, COVID-19, Complaint, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.