അപ്പോളോ ആശുപത്രിയിലെ വൃക്ക റാക്കറ്റ്: പ്രധാന കണ്ണി പിടിയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 08.06.2016) ഡെല്‍ഹി അപ്പോളോ ആശുപത്രിയിലെ വൃക്ക റാക്കറ്റിലെ പ്രധാന കണ്ണി പിടിയില്‍. വൃക്ക റാക്കറ്റിന്റെ പ്രധാന കണ്ണിയായ രാജുകുമാര്‍ റാവുവാണ് കൊല്‍ക്കത്തയില്‍ വച്ച് പിടിയിലായത്. ബുധനാഴ്ച ഡെല്‍ഹിയിലെത്തിക്കുന്ന റാവുവിനെ ഡെല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.

ദമ്പതികള്‍ ഉള്‍പ്പെടെയുള്ള മൂന്നു വൃക്ക ദാതാക്കളെ ഡെല്‍ഹി പോലീസ് പിടികൂടിയതോടെയാണ് റാവുവിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതും അറസ്റ്റിനിടയാക്കിയതും. ദമ്പതികളായ ഉമേഷ് ശ്രീവാസ്തവ, നീലു ശ്രീവാസ്തവ എന്നിവരെ കാന്‍പൂരില്‍ നിന്നും, മൂന്നാമത്തെ ദാതാവായ മോമിതയെ സിലിഗുരിയില്‍ നിന്നുമാണ് പിടികൂടിയത്. റാക്കറ്റുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ ദേവാശിഷ് മൗലിക്കിന്റെ ഭാര്യയാണ് മോമിത. റാവുവിന്റെയും മറ്റു മൂന്നു പേരുടെയും അറസ്‌റ്റോടെ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒമ്പതു പേരാണ് കസ്റ്റഡിയിലുള്ളത്.

വൃക്ക റാക്കറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച അപ്പോളോ ആശുപത്രിയിലെ സീനിയര്‍ നെഫ്രോളജിസ്റ്റ്മാരുടെ രണ്ടു പേഴ്‌സണല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലും ഫെബ്രുവരിയിലുമാണ് വൃക്ക ദാതാക്കള്‍ ഡെല്‍ഹിയില്‍ എത്തിയത്. ദേവാശിഷും മറ്റൊരു പ്രതിയായ അസീം സിക്കദാറുമാണ് ഇവര്‍ക്ക് വേണ്ട താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. 25 ദിവസത്തോളം ഇവര്‍ ഡെല്‍ഹിയില്‍ താമസിച്ചിരുന്നു. ഇതിനിടയില്‍ സിക്കദാര്‍ ദാതാക്കളുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് അപ്പോളോയില്‍ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകളും നടത്തി. മൂന്നു ലക്ഷം രൂപ വീതമാണ് വൃക്ക നല്‍കിയവര്‍ക്ക് ലഭിച്ചത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ അപ്പോളോ ആശുപത്രിയില്‍ നിന്നും നിരവധി ഫയലുകള്‍ കണ്ടെത്തിയിരുന്നു. അതില്‍ നിന്നും ഇപ്പോള്‍ അറസ്റ്റിലായവരുടെ ഫോട്ടോയും മറ്റു വിവരങ്ങളും ലഭിച്ചതോടെയാണ് പ്രതികളെ അറസ്റ്റുചെയ്തത്. അതേസമയം അവയവദാന ശസ്ത്രക്രിയയുടെ ഭാഗമായുള്ള ആശുപത്രിയിലെ അസസ്‌മെന്റ് കമ്മിറ്റിയിലുള്‍പ്പെടുന്ന പത്തു ഡോക്ടര്‍മാരെയും ആശുപത്രിയിലെ നെഫ്രോളജിസ്റ്റ്മാരെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

അപ്പോളോ ആശുപത്രിയിലെ വൃക്ക റാക്കറ്റ്: പ്രധാന കണ്ണി പിടിയില്‍


Also Read:
മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ഒളിവില്‍ കഴിയുന്ന മാനേജരുടെ അമ്പലത്തറയിലെ വീട്ടില്‍ പോലീസ് റെയ്ഡ്; ഭാര്യയെ ചോദ്യം ചെയ്തു

Keywords:  Kingpin of Apollo kidney racket, T Rajkumar Rao arrested in Delhi, New Delhi, Kolkata, Police, Women, Doctor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia