Grief | രണ്ടരമാസത്തിനുശേഷം അര്‍ജുന്റെ ചേതനയറ്റ മൃതദേഹം ശനിയാഴ്ച വീട്ടിലെത്തിക്കും; കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ 5 ലക്ഷം സഹായധനമായി നല്‍കും
● മൃതദേഹവുമായി ആംബുലന്‍സ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു
● കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും അനുഗമിക്കുന്നുണ്ട്
ഷിരൂര്‍: (KVARTHA) രണ്ടര മാസത്തിനുശേഷം അര്‍ജുന്റെ ചേതനയറ്റ മൃതദേഹം ശനിയാഴ്ച രാവിലെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും.. ജോലിക്ക് പോയ മകന്‍ ചേതനയറ്റനിലയില്‍ എത്തുമ്പോള്‍ അവസാനമായി ഒരുനോക്ക് കാണാന്‍ കാത്തിരിക്കുകയാണ് കണ്ണീരുമായി കഴിയുന്ന കുടുംബം. ശനിയാഴ്ച രാവിലെ വീട്ടിലെത്തുന്ന മൃതദേഹം ഒരു മണിക്കൂര്‍ നേരത്തെ പൊതുദര്‍ശനത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ബുധനാഴ്ച കണ്ടെടുത്ത അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ പരിശോധനാ നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച വൈകിട്ട് ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹവുമായി ആംബുലന്‍സ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. തിരച്ചിലിന് തുടക്കം മുതല്‍ തന്നെ മുന്നിട്ട് നിന്നിരുന്ന കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെ മൃതദേഹം കണ്ണാടിക്കല്‍ ബസാറില്‍ എത്തിച്ചേരും. അവിടെനിന്ന് വിലാപയാത്രയായി മൃതദേഹം അര്‍ജുന്റെ വീട്ടിലെത്തിക്കും. പൂളാടിക്കുന്നില്‍ നിന്ന് ലോറി ഡ്രൈവര്‍മാര്‍ ആംബുലന്‍സിനെ അനുഗമിക്കും. തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ സഹായധനമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അര്‍ജുന്റെ അമ്മയ്ക്ക് സഹായധനം കൈമാറും.
#landslide #kerala #karnataka #tragedy #rip #condolences #arjun #recovery