തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജന്റ്; മോദിയും അമിത് ഷായും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എക്കാലവും ഭരിക്കാമെന്ന് കരുതണ്ടെന്ന് കെസി വേണുഗോപാൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം കൊണ്ടുവന്നത് നിയന്ത്രിക്കാനുള്ള സർക്കാർ നീക്കമാണെന്ന് വിമർശനം.
● വിദ്വേഷ പ്രസംഗത്തിൽ മൗനം പാലിച്ച കമ്മീഷൻ, പ്രതിപക്ഷ നേതാക്കൾക്കെതിരെ പരാതിയിൽ ഉടൻ നോട്ടീസ് അയക്കുന്ന വൈരുദ്ധ്യവും ചൂണ്ടിക്കാട്ടി.
● 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന്റെ അക്കൗണ്ട്‌സ് ആദായനികുതി വകുപ്പ് മരവിപ്പിച്ച നടപടി അദ്ദേഹം എടുത്തുപറഞ്ഞു.
● വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ പ്രതിപക്ഷവുമായി ആലോചിക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നത് നിഷ്പക്ഷമല്ലെന്നും വിമർശനം.
ന്യൂഡൽഹി: (KVARTHA) തെരഞ്ഞെടുപ്പ് കമ്മീഷൻ ഭാരതീയ ജനതാപാർട്ടിയുടെ ഏജൻ്റായി പ്രവർത്തിക്കുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ എന്നെന്നേക്കുമായി ഭരിക്കാമെന്ന് കരുതേണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളെക്കുറിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ആദായനികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവ ഉപയോഗിച്ച് മോദിക്കും അമിത് ഷായ്ക്കും രാജ്യത്തെ എന്നെന്നേക്കുമായി ഭരിക്കാമെന്ന് കരുതേണ്ടതില്ലെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി. 'വോട്ട് കൊള്ള'യ്‌ക്കെതിരെ രാജ്യത്ത് വൻ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമെന്നും ജയിലിൽ പോകാൻ തനിക്ക് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി വിജയിച്ചവരാണ് ഇന്ത്യൻ ജനതയെന്നും, ബ്രിട്ടീഷുകാരെപ്പോലെ ഇന്ത്യൻ ജനതയെ അടക്കി ഭരിക്കാമെന്ന് ബിജെപി കരുതരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് അപകടത്തിലായ ജനാധിപത്യം സംരക്ഷിക്കാനും ബിജെപിയുടെ 'വോട്ട് മോഷണം' തടയാനും ശക്തമായ പോരാട്ടം കോൺഗ്രസ് നടത്തുമെന്നും കെസി വേണുഗോപാൽ പ്രഖ്യാപിച്ചു.
വിശ്വാസ്യത നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി. കമ്മീഷൻ്റെ ഇപ്പോഴത്തെ പ്രവർത്തനം പക്ഷപാതപരമാണ്. വോട്ടവകാശം നിഷേധിക്കുന്ന രാഷ്ട്ര വിരുദ്ധ പ്രവർത്തനത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവുസഹിതം ചൂണ്ടിക്കാട്ടിയിട്ടും അത് തടയാൻ കമ്മീഷൻ തയ്യാറായില്ലെന്നും, അത്തരം പ്രവർത്തനങ്ങൾ തുടരാൻ വഴിയൊരുക്കുകയാണ് കമ്മീഷനെന്നും അദ്ദേഹം വിമർശിച്ചു.
ബിജെപിയെ സഹായിക്കുന്ന നിലപാടാണ് പലപ്പോഴും കമ്മീഷൻ സ്വീകരിക്കുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൻ്റെ അക്കൗണ്ട്‌സ് ആദായനികുതി വകുപ്പ് മരവിപ്പിച്ച നടപടികൾ ഉൾപ്പെടെ അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വേളകളിൽ കേന്ദ്ര ഏജൻസികളുടെ ഏകപക്ഷീയമായ ഇടപെടലുകൾ ചൂണ്ടിക്കാട്ടിയാൽ പോലും കമ്മീഷൻ ഇടപെടാറില്ലെന്നും കെസി വേണുഗോപാൽ വിമർശിച്ചു. ഇ.ഡി., സി.ബി.ഐ. എന്നിവ തെരഞ്ഞെടുപ്പ് വേളകളിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ നടപടിയെടുക്കുമ്പോൾ ബിജെപിക്ക് നേരെ കണ്ണടയ്ക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ഭയം കൊണ്ട്
തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷനെ നിശ്ചയിക്കാനുള്ള സമിതിയിൽ ചീഫ് ജസ്റ്റിസ് കൂടി വേണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്. എന്നാൽ, ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി നിയമം കൊണ്ടുവന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിൻ്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ഭയം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023ന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിരോധശേഷി (ഇമ്മ്യൂണിറ്റി) നൽകുന്ന വിധം നിയമ നിർമ്മാണം നടത്തിയതിന് പിന്നിലെ ഗൂഢോദ്ദേശ്യം എന്തായിരുന്നു? ജനാധിപത്യത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ അട്ടിമറിച്ചതിൻ്റെ കുറ്റബോധമാണ് അതിന് പിന്നിൽ. ഇത് പ്രതിരോധശേഷിയല്ല, ശിക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള തന്ത്രമാണ് (ഇംപ്യൂണിറ്റി) ആ നിയമ നിർമ്മാണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
വിദ്വേഷ പ്രസംഗത്തിൽ മൗനം
മതസ്പർദ്ദ ഉണ്ടാക്കുന്ന വിധം പ്രധാനമന്ത്രി നരേന്ദ്രമോദി 2024ൽ രാജസ്ഥാനിലെ ബൻസ്വാഡയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയപ്പോൾ അത് ബിജെപി ദേശീയ അധ്യക്ഷന് കൈമാറുകയാണ് കമ്മീഷൻ ചെയ്തതെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. അതേസമയം, പ്രതിപക്ഷ നേതാക്കൾക്കെതിരായ പരാതികളുടെ പേരിൽ കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്ത വൈരുദ്ധ്യവും അദ്ദേഹം എടുത്തുപറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിന് ഒരു ദിവസം മുൻപ് വോട്ടർമാരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച പെരുമാറ്റച്ചട്ട ലംഘനത്തോടും കമ്മീഷൻ കണ്ണടച്ചതായി കെസി വേണുഗോപാൽ വിമർശിച്ചു.
വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ പേരിൽ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നടപടിക്ക് പിന്തുണ നൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. ബിജെപിക്ക് വേണ്ടപ്പെട്ടവരുടെ വോട്ടുകൾ ഉൾപ്പെടുത്തുകയും അല്ലാത്തവരെ ഒഴിവാക്കാനും കമ്മീഷൻ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ബിഎൽഒമാരുടെ (ബൂത്ത് ലെവൽ ഓഫീസർമാർ) ആത്മഹത്യയെക്കുറിച്ചും അദ്ദേഹം ലോക്‌സഭയിൽ ഉന്നയിച്ചു. എസ്ഐആർ സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് ബിഎൽഒ ആത്മഹത്യ ചെയ്തതെന്നും, ഇവരുടെ കുടുംബത്തിന് എന്തു മറുപടി ആണ് കൊടുക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. മറ്റു സംസ്ഥാനങ്ങളിലും എത്ര ബിഎൽഒമാർക്ക് ജീവൻ നഷ്ടമായെന്ന് അദ്ദേഹം ചോദ്യമുയർത്തി.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുമായി ഒരു ആലോചനയും നടത്താതെയും അവരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാതെയുമാണ് വോട്ടർ പട്ടിക പരിഷ്‌ക്കരണ നടപടിയുമായി കമ്മീഷൻ മുന്നോട്ട് പോയത്. ഈ വിഷയത്തിൽ കമ്മീഷൻ്റെ നിലപാട് നിഷ്പക്ഷമായിരുന്നില്ല. കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി അയച്ചതും കെസി വേണുഗോപാൽ പ്രസംഗത്തിൽ സൂചിപ്പിച്ചു. കേരളത്തിൽ എസ്ഐആർ നീട്ടിവെക്കണം എന്ന സംസ്ഥാന നിയമസഭയുടെ ആവശ്യം കമ്മീഷൻ തള്ളിയത് പക്ഷപാത നിലപാടിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോഴും റീഡബിൾ (വായിക്കാൻ കഴിയുന്ന) വോട്ടർ പട്ടിക നൽകാൻ പോലും കമ്മീഷൻ തയ്യാറാകുന്നില്ലെന്നും വേണുഗോപാൽ വിമർശിച്ചു. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്ത ബിജെപി വന്ദേമാതരം വിഷയം ഉയർത്തുന്നതും പോലും രാഷ്ട്രീയ നേട്ടത്തിനാണെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
കെസി വേണുഗോപാലിന്റെ കടുത്ത വിമർശനം! ഈ വാർത്ത കൂട്ടുകാർക്ക് ഷെയർ ചെയ്യൂ. അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: KC Venugopal criticizes Election Commission as BJP's agent, slams misuse of central agencies by Modi-Shah.
#KCVenugopal #ElectionCommission #BJP #Modi #AmitShah #IndianPolitics
