Katchatheevu | പ്രധാനമന്ത്രി അടക്കം ഉന്നയിക്കുന്ന കച്ചത്തീവ് ദ്വീപിന്റെ ചരിത്രം ഇങ്ങനെ! ഇന്ദിര സർക്കാർ ശ്രീലങ്കയ്ക്ക് നൽകിയതെന്തിന്, ദ്വീപിൻ്റെ പ്രാധാന്യം എന്താണ്? അറിയാം വിശദമായി

 


ചെന്നൈ: (KVARTHA) കച്ചത്തീവ് ദ്വീപ് വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്. ഒരു വിവരാവകാശ അപേക്ഷയിൽ പുറത്തുവന്ന വിവരമാണ് ഇതിന് വഴിവെച്ചത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ കച്ചത്തീവിനെക്കുറിച്ച് ചോദിച്ച് വിവരാവകാശ രേഖ നൽകിയിരുന്നു. 1974ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്കൻ പ്രസിഡൻ്റ് ശ്രീമാവോ ബണ്ഡാരനായകെയും തമ്മിൽ ഒരു കരാറുണ്ടാക്കിയെന്നാണ് ഇപ്പോൾ വിവരാവകാശ നിയമത്തിന് ലഭിച്ച മറുപടിയിൽ പറയുന്നത്. ഇതിന് കീഴിൽ കച്ചത്തീവ് ദ്വീപ് ഔദ്യോഗികമായി ശ്രീലങ്കയ്ക്ക് കൈമാറിയെന്നും ഇതിൽ വ്യക്തമാക്കുന്നു.

Katchatheevu | പ്രധാനമന്ത്രി അടക്കം ഉന്നയിക്കുന്ന കച്ചത്തീവ് ദ്വീപിന്റെ ചരിത്രം ഇങ്ങനെ! ഇന്ദിര സർക്കാർ ശ്രീലങ്കയ്ക്ക് നൽകിയതെന്തിന്, ദ്വീപിൻ്റെ പ്രാധാന്യം എന്താണ്? അറിയാം വിശദമായി

വിവരം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ വിദേശകാര്യ മന്ത്രി വരെ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താൽപ്പര്യങ്ങളും ദുർബലപ്പെടുത്തുന്നതാണ് 75 വർഷമായി കോൺഗ്രസിൻ്റെ പ്രവർത്തനരീതിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. നേരത്തെ 2023 ഓഗസ്റ്റിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മറുപടി പറയുന്നതിനിടെ പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ വിഷയം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്.

ഈ ദ്വീപ് എവിടെയാണ്?

ബംഗാൾ ഉൾക്കടലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന പാൽക് കടലിടുക്കിലെ ഒരു ചെറിയ ദ്വീപാണ് കച്ചത്തീവ്. പാൽക് കടലിടുക്കിനെ കടൽ എന്ന് വിളിക്കാനാവില്ല. പവിഴപ്പുറ്റുകളും മണൽത്തിട്ടകളും ധാരാളമുള്ളതിനാൽ വലിയ കപ്പലുകൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയില്ല. 235 ഏക്കർ ദ്വീപാണ് കച്ചത്തീവ്. ഈ പ്രദേശം 1976 വരെ ഇന്ത്യയുടേതായിരുന്നു.

ഈ ദ്വീപുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ഏറെ നാളായി തർക്കം നിലനിന്നിരുന്നു. 1974-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1974-76 കാലഘട്ടത്തിൽ ശ്രീലങ്കൻ പ്രസിഡൻ്റ് ശ്രീമാവോ ബണ്ഡാരനായകെയുമായി നാല് സമുദ്ര അതിർത്തി കരാറുകളിൽ ഒപ്പുവച്ചിരുന്നു. ഈ കരാർ പ്രകാരം കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറി. ജനവാസമില്ലാത്ത ഈ ദ്വീപിലാണ് സെൻ്റ് ആൻ്റണീസ് പള്ളിയും സ്ഥിതി ചെയ്യുന്നത്.

എന്താണ് കച്ചത്തീവ് ദ്വീപിൻ്റെ ചരിത്രം?

പതിനാലാം നൂറ്റാണ്ടിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്നാണ് കച്ചത്തീവ് ദ്വീപ് രൂപപ്പെട്ടതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. പതിനേഴാം നൂറ്റാണ്ടിൽ മധുരയിലെ രാമനാഥപുരം രാജാവിൻ്റെ കീഴിലായിരുന്നു ഇത്. ബ്രിട്ടീഷ് ഭരണകാലത്ത് ദ്വീപ് മദ്രാസ് പ്രസിഡൻസിയുടെ കീഴിലായി. 1921-ൽ ശ്രീലങ്കയും ഇന്ത്യയും മത്സ്യബന്ധനത്തിനായി ഈ ഭൂമിയിൽ അവകാശവാദമുന്നയിച്ചു, തർക്കം പരിഹരിക്കപ്പെട്ടിട്ടില്ല. സ്വാതന്ത്ര്യത്തിനു ശേഷം ഇത് ഇന്ത്യയുടെ ഭാഗമായി കണക്കാക്കപ്പെട്ടു.

കച്ചത്തീവ് ദ്വീപിൻ്റെ പ്രാധാന്യം

തന്ത്രപ്രധാനമായ ഈ ദ്വീപ് മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും, ശ്രീലങ്ക ഈ ദ്വീപിന് അവകാശവാദം ഉന്നയിക്കുന്നത് തുടർന്നു. ഇന്ത്യ-ശ്രീലങ്ക സമുദ്രാതിർത്തി ഉടമ്പടിയിൽ ഒപ്പുവെച്ചതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. 1974-ൽ ഈ ദ്വീപിനെ സംബന്ധിച്ച ചർച്ചകൾ ജൂൺ 26-ന് കൊളംബോയിലും ജൂൺ 28-ന് ഡൽഹിയിലും നടന്നു. ഈ രണ്ട് യോഗങ്ങളിലും ഈ ദ്വീപ് ചില നിബന്ധനകളോടെ ശ്രീലങ്കയ്ക്ക് കൈമാറി.

തുടർന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് ഈ ദ്വീപ് ഉപയോഗിക്കാമെന്നും വിസയില്ലാതെ, ദ്വീപിൽ നിർമ്മിച്ച പള്ളി സന്ദർശിക്കാൻ ഇന്ത്യയിലെ ജനങ്ങൾക്ക് അനുമതി നൽകാമെന്നും വ്യവസ്ഥ വെച്ചു. കരാറുകൾ ഇന്ത്യയുടെയും ശ്രീലങ്കയുടെയും അന്താരാഷ്ട്ര സമുദ്രാതിർത്തി അടയാളപ്പെടുത്തി. എന്നാൽ, ഈ കരാറിനെ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി ശക്തമായി എതിർത്തിരുന്നു.

ശ്രീലങ്കയിലെ വിഘടനവാദി ഗ്രൂപ്പായ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) സജീവമായ വർഷങ്ങളിൽ, ശ്രീലങ്കൻ ഗവൺമെൻ്റ് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളുടെ സമുദ്രത്തിലെ സുഗമമായ സഞ്ചാരം നിയന്ത്രിച്ചു. 2009-ൽ ശ്രീലങ്ക, പാൽക് കടലിടുക്കിലെ സമുദ്രാതിർത്തിയിൽ സുരക്ഷ ശക്തമാക്കാൻ തുടങ്ങി. 2010-ൽ എൽ.ടി.ടി.ഇയുമായുള്ള സംഘർഷം അവസാനിച്ചതോടെ ശ്രീലങ്കൻ മത്സ്യത്തൊഴിലാളികൾ വീണ്ടും ഈ പ്രദേശത്ത് തങ്ങളുടെ സഞ്ചാരം ആരംഭിച്ചു.

എന്താണ് വിവാദം?

തമിഴ്‌നാട്ടിലെ എല്ലാ സർക്കാരുകളും 1974 ലെ കരാർ അംഗീകരിക്കാൻ വിസമ്മതിക്കുകയും ശ്രീലങ്കയിൽ നിന്ന് ദ്വീപ് തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവരികയാണ്. 1991-ൽ, ദ്വീപ് തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് കരാറിനെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം അവതരിപ്പിച്ചു. 2008ൽ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത കേന്ദ്രസർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും കച്ചത്തീവ് കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകുകയും ചെയ്തിരുന്നു.

കച്ചത്തീവ് ശ്രീലങ്കയ്ക്ക് സമ്മാനിച്ച രാജ്യങ്ങൾ തമ്മിലുള്ള രണ്ട് കരാറുകളും ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. ഇതിനുപുറമെ 2011ൽ വീണ്ടും ജയലളിത നിയമസഭയിൽ പ്രമേയം പാസാക്കി.
2022 മെയ് മാസത്തിൽ, പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കച്ചത്തീവ് ദ്വീപ് ഇന്ത്യയിലേക്ക് തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടു.

Keywords: News, National, Chennai, Katchatheevu, Sri Lanka, Tamil Nadu, Government, Supreme Court,  Katchatheevu row: Island history, controversy and handover to Sri Lanka, Shamil.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia