കര്‍ണാടക പൊലീസ് സ്റ്റേഷനില്‍ ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ എസ്‌ഐയെ സസ്പെന്‍ഡ് ചെയ്തു
May 24, 2021, 14:24 IST
ബെംഗളൂറു: (www.kvartha.com 24.05.2021) കര്‍ണാടകയിലെ ചിക്മഗളൂറുവില്‍ പൊലീസ് സ്റ്റേഷനില്‍ ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ എസ്‌ഐയെ സസ്പെന്‍ഡ് ചെയ്തു. എസ്‌ഐ അര്‍ജുനെ ആണ് സസ്പെന്‍ഡ് ചെയ്തത്. കേസ് സിഐഡി അന്വേഷിക്കും. പരാതിക്കാരനായ ദളിത് യുവാവിന് നീതി വേണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നതിനിടെയാണ് പൊലീസ് നടപടികളുമായി മുന്നോട്ട് പോകുന്നത്.
എസ്‌സി, എസ്ടി വകുപ്പകളടക്കം ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് എസ്‌ഐയ്ക്ക് എതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മര്‍ദ്ദിക്കുക, അധിക്ഷേപിക്കുക, ചെയ്യാത്ത കുറ്റങ്ങള്‍ ചുമത്തുക എന്നീ വകുപ്പുകളും പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമവും ചുമത്തിയാണ് ആരോപണ വിധേയനായ എസ്‌ഐ അര്‍ജുനെതിരെ കേസെടുത്തിരിക്കുന്നത്. എസ്ഐ അര്‍ജുനെ നേരത്തെ ഉഡുപ്പിയിലേക്ക് സ്ഥലം മാറ്റുകയും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഇയാളെ നേരത്തെ അന്വേഷണ വിധയമായി സ്ഥലം മാറ്റിയിരുന്നു. ചിക്മഗളൂറു ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസന്വേഷിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ എസ്‌ഐ അര്‍ജുനെ അറസ്റ്റു ചെയ്യണമെന്ന ക്യാംപെയ്‌നും സജീവമാണ്.
മെയ് 10ന് ഗോനിബിഡു പൊലീസ് സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദമ്പതികളെ ശല്യം ചെയ്‌തെന്നാരോപിച്ച് നാട്ടുകാരുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരനായ പുനീത് എന്ന ദളിത് യുവാവാണ് എസ്‌ഐയുടെ മര്‍ദനത്തിനിരയായത്. വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചെന്നുമാണ് യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.