Controversy | കന്നഡ സംസാരിക്കാത്തതിനെ ചോദ്യം ചെയ്ത വിദ്യാര്‍ഥിക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി മധു ബംഗാരപ്പ; സംഭവം വിവാദത്തില്‍
● വിധാന്‍ സൗധയില്‍ ബുധനാഴ്ച നടന്ന ഓണ്‍ലൈന്‍ മീറ്റിനിടെയാണ് സംഭവം.
● മന്ത്രിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
● വിദ്യാര്‍ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി വിദ്യാഭ്യാസവകുപ്പ് അന്വേഷണം ആരംഭിച്ചു.
● മന്ത്രിയുടെ പെരുമാറ്റത്തില്‍ അപലപിച്ച് സംസ്ഥാനത്തെ ബിജെപി നേതൃത്വം.
ബെംഗളൂരു: (KVARTHA) കന്നഡ സംസാരിക്കാത്തതിനെ ചോദ്യം ചെയ്ത വിദ്യാര്‍ഥിക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ. മന്ത്രിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിധാന്‍ സൗധയില്‍ ബുധനാഴ്ച നടന്ന ഓണ്‍ലൈന്‍ മീറ്റിനിടെയാണ് വിവാദ സംഭവം നടന്നത്.
പ്രീഡിഗ്രി കോളജ് വിദ്യാര്‍ഥികള്‍ക്ക് നീറ്റ്, സിഇടി കോച്ചിങ്, ഓണ്‍ലൈനില്‍ സൗജന്യമായി നല്‍കുന്നത് സംബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് വിദ്യാര്‍ഥിയുടെ ചോദ്യമുയര്‍ന്നത്. ഇതോടെ പ്രകോപിതനായ മന്ത്രി വിദ്യാര്‍ഥിക്കെതിരെ നടപടിയെടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ബിജെപി നേതൃത്വം മന്ത്രിയുടെ പെരുമാറ്റത്തില്‍ അപലപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വിദ്യാര്‍ഥികളുമായി ഓണ്‍ലൈനില്‍ സംവദിച്ചുകൊണ്ടിരിക്കുകയായിരുന്നു മന്ത്രി. ഇതിനിടെ വെര്‍ച്വല്‍ മീറ്റില്‍ പങ്കെടുത്ത ഒരു കുട്ടി മന്ത്രി കന്നഡ സംസാരിക്കാത്തത് സംബന്ധിച്ച് ചോദ്യമുയര്‍ത്തുകയായിരുന്നു. ഇതോടെ പ്രകോപിതനായ മന്ത്രി ആരാണ് അത് പറഞ്ഞത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തി പ്രകോപിതനാവുകയായിരുന്നു.
'ഞാന്‍ പിന്നെ ഉര്‍ദുവിലാണോ സംസാരിക്കുന്നത്? എനിക്ക് കന്നഡ അറിയില്ലെന്ന് ആരാണ് പറഞ്ഞത്? അത് റെക്കോഡ് ചെയ്യുക. അവര്‍ക്കെതിരെ നടപടിയെടുക്കുക. ഇത് വളരെ ഗൗരവമായി കാണേണ്ടതുണ്ട്. ഞാന്‍ മിണ്ടാതിരിക്കില്ല' - എന്നായിരുന്നു മന്ത്രി പറഞ്ഞത്.
തുടര്‍ന്ന് വിഷയത്തെ നിസാര വത്കരിക്കരുതെന്ന് ബംഗാരപ്പ പ്രിന്‍സിപ്പല്‍ സെക്രട്ടറി റിതേഷ് കുമാറിന് നിര്‍ദേശം നല്‍കുകയും ചെയ്തു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി വിദ്യാഭ്യാസവകുപ്പ് അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
#Karnataka #EducationMinister #Kannada #StudentProtest #Controversy #BJP