കര്‍ണാടകയില്‍ വടിവാളുമായെത്തിയ യുവാവ് ക്രിസ്ത്യന്‍ പുരോഹിതനെ ആക്രമിച്ചെന്ന സംഭവം; അക്രമി മാനസിക രോഗിയെന്ന് പൊലീസ്

 



ബെംഗ്‌ളൂറു: (www.kvartha.com 13.12.2021) കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പുരോഹിതന് നേരെ ആക്രമണ ശ്രമം നടത്തിയത് മാനസിക രോഗിയെന്ന് പൊലീസ്. ശനിയാഴ്ച രാത്രി ബെളഗാവിയിലെ സെന്റ് ജോസഫ്സ് ദ വര്‍കര്‍ ചര്‍ച് വികാരി ഫാ. ഫ്രാന്‍സിസ് ഡിസൂസക്കുനേരെയാണ് ആക്രമണശ്രമം ഉണ്ടായത്. പള്ളിയോട് ചേര്‍ന്ന് വൈദികന്‍ താമസിക്കുന്ന വീട്ടിലാണ് സംഭവം. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയില്‍ വടിവാളുമായെത്തിയ ആക്രമിയില്‍നിന്ന് വൈദികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വീടിന് മുന്നില്‍ വടിവാളുമായി എത്തിയ യുവാവാണ് വൈദികനെ ആക്രമിക്കാന്‍ ശ്രമിച്ചത്.

രാത്രിയില്‍ നായ് കുരക്കുന്ന ശബ്ദം കേട്ട് വൈദികന്‍ കോണിപ്പടി ഇറങ്ങുന്നതിനിടെ വാളുമായെത്തിയയാള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട വൈദികന്‍ ഓടി രക്ഷപ്പെട്ടു. ഇതോടെ ആക്രമി മതില്‍ ചാടി കടന്നുകളഞ്ഞു. വടിവാളുമായെത്തിയ ആള്‍ വൈദികനെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് ലഭിച്ചു. ഇയാള്‍ നേരത്തെ വീട്ടില്‍ കടന്ന് ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. 

കര്‍ണാടകയില്‍ വടിവാളുമായെത്തിയ യുവാവ് ക്രിസ്ത്യന്‍ പുരോഹിതനെ ആക്രമിച്ചെന്ന സംഭവം; അക്രമി മാനസിക രോഗിയെന്ന് പൊലീസ്


അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായാണ് കരുതുന്നതെന്നും പൊലീസ് കമീഷണര്‍ കെ ത്യാഗരാജന്‍ പറഞ്ഞു. പ്രാഥമിക വിവരമനുസരിച്ച് ആക്രമണത്തിന് രാഷ്ട്രീയ ബന്ധമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, കര്‍ണാടകയിലെ കോളാറില്‍ ഒരു സംഘമാളുകള്‍ ബൈബിളടക്കമുള്ള ക്രിസ്ത്യന്‍ ഗ്രന്ഥങ്ങള്‍ പിടിച്ചെടുത്തു കത്തിച്ചതായി റിപോര്‍ട്. മത പ്രബോധന പ്രവര്‍ത്തനവുമായി ആളുകളോട് സംസാരിക്കുകയായിരുന്ന വൈദികരടക്കമുള്ള സംഘത്തില്‍ നിന്ന് പിടിച്ചെടുത്താണ് മതഗ്രന്ഥങ്ങള്‍ കത്തിച്ചതെന്ന് അക്രമികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

Keywords:  News, National, India, Bangalore, Attack, Priest, Police, CCTV, Karnataka: Man attempts to attack Church priest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia