JD(S) | ജെഡിഎസ് എൻഡിഎയിലേക്ക്? ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് സൂചന നൽകി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ; ചർച്ചകൾ സ്ഥിരീകരിച്ചു; കേരള ഘടകം പ്രതിസന്ധിയിലാകും

 


ബെംഗ്ളുറു: (www.kvartha.com) 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ജെഡിഎസും സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി. ജെഡി (എസ്) എൻഡിഎയിൽ ചേരുന്നത് സംബന്ധിച്ച് ഇരുപാർട്ടികളും ചർച്ചകൾ നടത്തിവരികയാണെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

JD(S) | ജെഡിഎസ് എൻഡിഎയിലേക്ക്? ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് സൂചന നൽകി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ; ചർച്ചകൾ സ്ഥിരീകരിച്ചു; കേരള ഘടകം പ്രതിസന്ധിയിലാകും

ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ഇരു പാർട്ടികളിലെയും മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ഈ സാധ്യത ഉയർത്തിയിരുന്നു. ഭാവിയിൽ രണ്ട് പാർട്ടികളും ഒരുമിച്ച് പോരാടാൻ ആഗ്രഹിക്കുന്നുവെന്ന് മറ്റ് രണ്ട് മുൻ മുഖ്യമന്ത്രിമാരായ എച്ച്‌ഡി കുമാരസ്വാമിയും ബിഎസ് യെദിയൂരപ്പയും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബസവരാജ് ബൊമ്മൈയുടെ ഈ പരാമർശം.

'ഞങ്ങളുടെ ഹൈക്കമാൻഡും മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയും തമ്മിലുള്ള ചർച്ചയാണിത്. നേരത്തെ മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി തന്റെ വികാരം പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും, അടുത്ത തീരുമാനങ്ങൾ യോഗത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും', ബെംഗ്ളൂറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബൊമ്മൈ പറഞ്ഞു.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എച്ച്‌ഡി കുമാരസ്വാമി ന്യൂഡെൽഹിയിലേക്ക് പോകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേരാൻ ജെഡി (എസ്) പാർട്ടി ഏറെക്കുറെ തീരുമാനമെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു.

സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെതിരെ തന്റെ പാർട്ടിയും ജെഡിഎസും ഒരുമിച്ച് പോരാടുമെന്ന് ബിജെപി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ പറഞ്ഞിരുന്നു. സാഹചര്യം വരുമ്പോൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കുമാരസ്വാമിയും വ്യക്തമാക്കിയിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ആകെയുള്ള 28 സീറ്റുകളിൽ 25 എണ്ണവും ബിജെപി തൂത്തുവാരിയപ്പോൾ പാർട്ടി പിന്തുണച്ച ഒരു സ്വതന്ത്രനും വിജയിച്ചു.

കോൺഗ്രസും ജെഡിഎസും ഓരോ സീറ്റ് വീതം നേടി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കി കോൺഗ്രസ് അധികാരത്തിലേറിയിരുന്നു. ഈ സാഹചര്യത്തിൽ 2019 ലെ ഫലം ബിജെപിക്ക് ആവർത്തിക്കാനാവില്ലെന്ന റിപോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജെഡിഎസിനെ ഒപ്പം കൂട്ടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

അതേസമയം കേരളത്തിലെ ജെഡിഎസ് നേതൃത്വം ഇക്കാര്യത്തിൽ എന്ത് തീരുമാനം എടുക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ജെഡിഎസ് കേരളത്തിൽ നിലവിൽ എൽഡിഎഫിന് ഒപ്പമാണ്. രണ്ട് എംഎൽഎമാരുള്ള പാർട്ടിക്ക് ഒരു മന്ത്രിയുമുണ്ട്. നേരത്തെ കർണാടക ജെഡിഎസ് ബിജെപിയുമായി കൂട്ടുകൂടിയപ്പോൾ അവരിൽ നിന്ന് വേറിട്ട് നിന്നതുപോലെയുള്ള നിലപാട് ആയിരിക്കും ഇത്തവണയും എടുക്കുകയെന്നാണ് സൂചന.

Keywords: JD(S), Karnataka, BJP, NDA, Basavaraj Bommai, H D Deve Gowda, H D Kumaraswamy, BS Yediyurappa, LDF, K Krishnankutty,Karnataka ex-CM Bommai hints at BJP-JD(S) alliance, confirms talks.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia