Collapses | കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെ കുഴഞ്ഞുവീണ് കന്നട നടന്‍ ദര്‍ശന്‍; ശരീരഭാരം കുറഞ്ഞുവരികയാണെന്നും ദേഹം വിളറി വെളുത്തിരിക്കുകയാണെന്നും സഹതടവുകാരന്‍
 

 
Darshan, Kannada actor, murder case, prison, health issues, Kannada cinema, Indian cinema, celebrity news, crime news

Representational Image Generated By Meta AI

രണ്ടുമാസം മുന്‍പാണ് രേണുകാ സ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് ദര്‍ശനും സുഹൃത്തായ പവിത്രാ ഗൗഡയും അറസ്റ്റിലാകുന്നത്.
 

ബംഗ്ലൂരു: (KVARTHA) ആരാധകനെ കൊലപ്പെടുത്തിയെന്ന കേസില്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ കുഴഞ്ഞുവീണതായി റിപ്പോര്‍ട്ട്. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് താരം കുഴഞ്ഞുവീണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.  ജയില്‍ ജീവിതത്തോടും ഭക്ഷണത്തോടും താരത്തിന് പൊരുത്തപ്പെടാന്‍ ആകുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.


രണ്ടുമാസം മുന്‍പാണ് രേണുകാ സ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് ദര്‍ശനും സുഹൃത്തായ പവിത്രാ ഗൗഡയും ജയിലിലെത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദര്‍ശന്റെ ആരോഗ്യം മോശമായിരുന്നുവെന്നും തുടര്‍ന്നാണ് കുഴഞ്ഞുവീണതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ദര്‍ശന്റെ ശരീരഭാരം കുറഞ്ഞുവരികയാണെന്നും ദേഹം വിളറി വെളുത്തിരിക്കുകയാണെന്നും അടുത്തിടെ അദ്ദേഹത്തെ സന്ദര്‍ശിച്ച മുന്‍ സഹതടവുകാരന്‍ സിദ്ധാരൂഢ വെളിപ്പെടുത്തിയിരുന്നു. ജയില്‍ ഭക്ഷണവുമായി പൊരുത്തപ്പെടാന്‍ ദര്‍ശന്‍ ബുദ്ധിമുട്ടുകയാണ്. അദ്ദേഹത്തിന്റെ കണ്ണുകളിലും മുഖത്തും ഇത് വ്യക്തമായി കാണാം. വായനയില്‍ മുഴുകിയാണ് ദര്‍ശന്‍ ദിവസങ്ങള്‍ തള്ളി നീക്കാന്‍ ശ്രമിക്കുന്നതെന്നും സിദ്ധാരൂഢ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കുഴഞ്ഞുവീണെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് 19 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ എട്ടിനാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഒന്‍പതിന് കാമാക്ഷിപാളയത്തെ ഓടയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. നടിയും ഫാഷന്‍ ഡിസൈനറുമായ പവിത്ര ഗൗഡ ദര്‍ശനുമായി പത്തുവര്‍ഷമായി ബന്ധം പുലര്‍ത്തിവരുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ക്ക് ഭര്‍ത്താവും മകളുമുണ്ട്. 

കഴിഞ്ഞ ജനുവരിയില്‍ പവിത്ര ഗൗഡ മകളുടെ വിവാഹത്തോടനുബന്ധിച്ച് 'ചലഞ്ചിങ് സ്റ്റാര്‍ എന്നറിയപ്പെടുന്ന ദര്‍ശനുമായി പത്തുവര്‍ഷത്തെ ബന്ധം' എന്നപേരില്‍ ദര്‍ശനുമായുള്ള ബന്ധം വെളിപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പോസ്റ്റുചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ച് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭര്‍ത്താവുമൊത്തുളള ചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റുചെയ്തു.

ഇതോടെ പവിത്രയ്ക്കുനേരെ ദര്‍ശന്റെ ആരാധകര്‍ സാമൂഹികമാധ്യമത്തില്‍ വിമര്‍ശങ്ങളുമായി രംഗത്തെത്തി. ചിത്രദുര്‍ഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദര്‍ശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തില്‍ മോശം കമന്റിട്ടു. പവിത്ര, ദര്‍ശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നുവെന്നാരോപിച്ചായിരുന്നു പോസ്റ്റ്. പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകള്‍ നിരന്തരം വരാന്‍ തുടങ്ങിയതോടെ ഇദ്ദേഹത്തെ വകവരുത്താന്‍ പവിത്ര തീരുമാനിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 

ആദ്യം സഹായികളാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് ദര്‍ശനും പവിത്രയ്ക്കും കൊലപാതകത്തിലുള്ള  പങ്ക് പുറത്താകുന്നത്.  തുടര്‍ന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്യുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia