Leadership | ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു


● 2019 ജനുവരിയിലാണ് അദ്ദേഹം സുപ്രീം കോടതിയിലെ ജഡ്ജിയായി എത്തുന്നത്. .
● രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ നടത്തി
● അടുത്ത വർഷം മെയ് 13 വരെ അദ്ദേഹം ഈ പദവിയിൽ തുടരും.
ന്യൂഡൽഹി: (KVARTHA) ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ പിൻഗാമിയായാണ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. അടുത്ത വർഷം മെയ് 13 വരെ അദ്ദേഹം ഈ പദവിയിൽ തുടരും.
ആരാണ് സഞ്ജീവ് ഖന്ന?
1960 മെയ് 14നാണ് സഞ്ജീവ് ഖന്ന ജനിച്ചത്. പിന്നീട് ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദം പൂർത്തിയാക്കിയതിന് ശേഷം അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സഞ്ജീവ് ഖന്ന പിന്നീട് ഡല്‍ഹി ഹൈകോടതിയിലെ ജഡ്ജിയായി നിയമിതനായി. നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2019 ജനുവരിയിലാണ് അദ്ദേഹം സുപ്രീം കോടതിയിലെ ജഡ്ജിയായി എത്തുന്നത്. .
സുപ്രീം കോടതി ജഡ്ജിയെന്ന നിലയിൽ നിരവധി പ്രധാന കേസുകൾ സഞ്ജീവ് ഖന്ന പരിഗണിച്ചിട്ടുണ്ട്. മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത് അതിലൊന്നാണ്. ആർട്ടിക്കൾ 370 കേസ്, ഇലക്ടറൽ ബോണ്ട് കേസ് എന്നിവ പരിഗണിച്ച ബെഞ്ചിന്റേയും ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാർലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജ്ജു, ഊർജമന്ത്രി മനോഹർലാല്‍ ഖട്ടാർ, മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് എന്നിവരും പങ്കെടുത്തിരുന്നു.
#SanjivKhanna, #IndiaChiefJustice, #SupremeCourt, #Judiciary, #DroupadiMurmu, #IndiaNews