ജസ്റ്റിസ് ഹിദായത്തുല്ല വിടവാങ്ങിയിട്ട് 33 വർഷം: രാഷ്ട്രപതി, ഉപരാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നീ പദവികൾ വഹിച്ച അപൂർവ വ്യക്തിത്വം


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രണ്ടുതവണ താത്കാലിക രാഷ്ട്രപതിയായി പ്രവർത്തിച്ച അപൂർവ റെക്കോർഡ് സ്വന്തമാക്കി.
● നിയമപഠനം കേംബ്രിജ് സർവകലാശാലയിൽനിന്നാണ് പൂർത്തിയാക്കിയത്.
● 1992 സെപ്റ്റംബർ 18നാണ് അദ്ദേഹം അന്തരിച്ചത്.
● വിവിധ ഭാഷകളിൽ അഗാധമായ അറിവുണ്ടായിരുന്നു.
ഭാമനാവത്ത്
(KVARTHA) സ്വതന്ത്ര ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഉപരാഷ്ട്രപതി, രാഷ്ട്രപതി (അധിക ചുമതല) എന്നീ മൂന്ന് പദവികളും വഹിച്ച ഏക വ്യക്തിയായ ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുല്ല വിടവാങ്ങിയിട്ട് 33 വർഷം. 1992 സെപ്റ്റംബർ 18നാണ് അദ്ദേഹം അന്തരിച്ചത്.

ഇന്നത്തെ ലക്നൗവിലെ സാമ്പത്തികമായി ഉയർന്ന ഒരു കുടുംബത്തിൽ 1905 ഡിസംബർ 17നാണ് മുഹമ്മദ് ഹിദായത്തുല്ല ജനിച്ചത്. അദ്ദേഹത്തിൻ്റെ പിതാവ് വിലായത്തുള്ള അറിയപ്പെടുന്ന ഒരു ഉറുദു കവിയായിരുന്നു. ഈ പശ്ചാത്തലം മകനിലും കലയോടും സാഹിത്യത്തോടും ഭാഷയോടും ഒരു ഹൃദയബന്ധം സൃഷ്ടിക്കാൻ കാരണമായി.
സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കേംബ്രിജ് സർവകലാശാലയിലെ ട്രിനിറ്റി കോളേജിൽനിന്ന് നിയമബിരുദം നേടി. 25-ാം വയസ്സിൽ ലണ്ടനിലെ ലിങ്കൺസ് ഇൻ കോടതിയിൽ അഭിഭാഷകനായി പ്രവർത്തനം തുടങ്ങി. ലണ്ടനിൽനിന്ന് മടങ്ങിയെത്തിയ ഹിദായത്തുല്ല നാഗ്പുരിലെ ഹൈക്കോടതിയിൽ അഭിഭാഷകനാവുകയും, പിന്നീട് മധ്യപ്രദേശ് സർക്കാരിൻ്റെ അഡ്വക്കറ്റ് ജനറൽ പദവിയിൽ എത്തുകയും ചെയ്തു.
1946 ജൂണിൽ ഹൈകോടതി ജഡ്ജിയായി. 1956-58 കാലയളവിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസായ അദ്ദേഹം 1958-68 കാലഘട്ടത്തിൽ സുപ്രീം കോടതി ജഡ്ജിയായി. തുടർന്ന് 1968-70 കാലയളവിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ഇരുന്നു. ഈ പദവിയിൽ എത്തുന്ന ആദ്യ മുസ്ലിമാണ് ഹിദായത്തുല്ല.
രാഷ്ട്രപതിയായിരുന്ന ഡോ. സക്കീർ ഹുസൈന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വന്നപ്പോൾ മത്സരിക്കാൻവേണ്ടി അന്നത്തെ രാഷ്ട്രപതിയുടെ ചുമതലയുണ്ടായിരുന്ന ഉപരാഷ്ട്രപതി വി.വി. ഗിരി വൈസ് പ്രസിഡൻ്റ് പദവി രാജിവെച്ചു.
ഇതോടെ സ്വാഭാവികമായും രാഷ്ട്രപതി പദവി ഒഴിവുവരികയും, തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഹിദായത്തുല്ല രാഷ്ട്രപതിയുടെ ചുമതല ഏറ്റെടുക്കണമെന്ന ഭരണഘടനാ നിർദേശം പാലിക്കാൻ ബാധ്യസ്ഥനാവുകയും ചെയ്തു. അങ്ങനെ താൽക്കാലിക രാഷ്ട്രപതിയായി അദ്ദേഹം ചുമതലയേറ്റു.
രാഷ്ട്രപതി പദവി ഏറ്റെടുക്കുന്ന ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്ന അപൂർവ ബഹുമതിക്കും ഹിദായത്തുല്ല ഉടമയായി. 1969 ജൂലൈ 20ന് രാഷ്ട്രപതിയുടെ ചുമതല ഏറ്റ അദ്ദേഹം, തിരഞ്ഞെടുപ്പിൽ വിജയിച്ച വി.വി. ഗിരി രാഷ്ട്രപതിയായി ചുമതലയേറ്റ 1969 ഓഗസ്റ്റ് 24 വരെ പദവിയിൽ തുടർന്നു. അമേരിക്കൻ പ്രസിഡൻ്റ് റിച്ചാർഡ് നിക്സൺ ഇക്കാലയളവിൽ ഇന്ത്യ സന്ദർശിച്ചത് അദ്ദേഹത്തിൻ്റെ രാഷ്ട്രപതി പദവിയുടെ തിളക്കമേറ്റി.
ചീഫ് ജസ്റ്റിസ് പദവി ഒഴിഞ്ഞ ശേഷം വിശ്രമജീവിതം നയിക്കവേ എല്ലാ വിഭാഗത്തിൽനിന്നും ആവശ്യം ഉയർന്നതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഇന്ത്യൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 1979 ഓഗസ്റ്റ് 31ന് ചുമതലയേറ്റ അദ്ദേഹം, എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സമ്മതനായി തികച്ചും നിഷ്പക്ഷനായി ചുമതല നിർവഹിച്ചതിൻ്റെ പേരിൽ ഏറെ പ്രശംസ നേടി.
1984 ഓഗസ്റ്റ് 30 വരെ ഉപരാഷ്ട്രപതി പദവിയിൽ തുടർന്നു. ഉപരാഷ്ട്രപതിയായി ഇരിക്കുമ്പോൾ, രാഷ്ട്രപതിയായിരുന്ന സെയിൽ സിങ് അസുഖം കാരണം അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് 1982 ഒക്ടോബർ 6 മുതൽ 31 വരെ രാഷ്ട്രപതിയുടെ ചുമതലയും അദ്ദേഹം നിർവഹിച്ചു. ഇപ്രകാരം രണ്ടുതവണ രാഷ്ട്രപതിയുടെ അധിക ചുമതല വഹിച്ച അപൂർവ റിക്കോർഡിനും ഹിദായത്തുല്ല ഉടമയായി.
സ്വാതന്ത്ര്യത്തിനു മുൻപ് വിവിധ പദവികൾ വഹിച്ചതിൻ്റെ ആദരവായി ജോർജ്ജ് ആറാമൻ രാജാവ് 'ഓഫീസ് ഓഫ് ദി ഓർഡർ ഓഫ് ബ്രിട്ടീഷ് എമ്പയർ' ബഹുമതി നൽകി ഹിദായത്തുല്ലയെ ആദരിച്ചിരുന്നു. ഇന്ത്യയിലെ ബോയ്സ് സ്കൗട്ട് പ്രസ്ഥാനവുമായും ബോംബെയിലെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുമായും ബന്ധപ്പെട്ടും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, പേർഷ്യൻ, ഫ്രഞ്ച്, സംസ്കൃതം, ബംഗാളി തുടങ്ങി വ്യത്യസ്ത ഭാഷകളിൽ അഗാധമായ അറിവിന് ഉടമയായിരുന്നു അദ്ദേഹം. നിയമത്തിൻ്റെ അനുഭവക്കരുത്തോടെയും ജഡ്ജിയുടെ തന്മയത്വത്തോടെയും രാജ്യസഭ നിയന്ത്രിച്ച് അംഗങ്ങളുടെ ആദരം ഏറ്റുവാങ്ങിയ ജസ്റ്റിസ് ഹിദായത്തുല്ല 1992 സെപ്റ്റംബർ 18ന് 87-ാം വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തിലെ ഈ അപൂർവ വ്യക്തിത്വത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: Remembering Justice Hidayatullah on his 33rd death anniversary.
#JusticeHidayatullah #IndianHistory #IndianJudiciary #VicePresident #Rashtrapati #KeralaNews