Rajya Sabha | ജോസ് കെ മാണിയും പിപി സുനീറും ഹാരിസ് ബീരാനും രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു


പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ 13-ന് നാലു പേര്‍ പത്രിക സമര്‍പ്പിച്ചെങ്കിലും തമിഴ് നാട് സ്വദേശിയായ പത്മരാജന്റെ പത്രിക തള്ളിയിരുന്നു
ഇതോടെ വോടെടുപ്പ് ഒഴിവായി
ന്യൂഡെല്‍ഹി: (KVARTHA) രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ജോസ് കെ മാണി (കേരളാ കോണ്‍ഗ്രസ് എം), പിപി സുനീര്‍ (സിപിഐ), ഹാരിസ് ബീരാന്‍ (മുസ്ലിം ലീഗ്) എന്നിവര്‍. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ 13-ന് നാലു പേര്‍ പത്രിക സമര്‍പ്പിച്ചെങ്കിലും തമിഴ് നാട് സ്വദേശിയായ പത്മരാജന്റെ പത്രിക തള്ളിയിരുന്നു. ഇതോടെയാണ് വോടെടുപ്പ് ഒഴിവായത്. 25-നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. രാജ്യസഭയില്‍ കേരളത്തില്‍ നിന്ന് ആകെ ഒന്‍പത് എംപിമാരാണുള്ളത്.
ജോസ് കെ മാണി
സിപിഎമിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമിന് വിട്ടുനല്‍കി വിട്ടുവീഴ്ച ചെയ്തതോടെ ആണ് ജോസ് കെ മാണിക്ക് രാജ്യസഭയിലേക്ക് വാതില്‍ തുറന്നത്. ഒഴിവുള്ള മൂന്ന് സീറ്റില്‍ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റായിരുന്നു. അതില്‍ ഒന്നിലാണ് കേരള കോണ്‍ഗ്രസ് എമിനെ മത്സരിപ്പിച്ചത്.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായ ജോസ് കെ മാണി കേരളാ യൂത് ഫ്രണ്ടിലൂടെയാണു മുഖ്യാധാര രാഷ്ട്രീയത്തിലേക്കു കടന്നു വരുന്നത്. യൂത് ഫ്രണ്ട് (എം) സംസ്ഥാന ജെനറല്‍ സെക്രടറി, സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജെനറല്‍ സെക്രടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ലോക്‌സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിഷാ ജോസ് കെ മാണിയാണ് ഭാര്യ. മക്കള്‍: പ്രിയങ്ക, റിതിക, കുഞ്ഞുമാണി.
പി പി സുനീര്‍
സിപിഐ സംസ്ഥാന സെക്രടറി ബിനോയ് വിശ്വമായിരുന്നു പിപി സുനീറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. പൊന്നാനി സ്വദേശിയായ സുനീര്‍ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രടറിയാണ്. നിലവില്‍ ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്‍മാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പാര്‍ടിയില്‍ കാനം രാജേന്ദ്രന്റെ വിശ്വസ്തനായിരുന്നു. സിപിഐ മലപ്പുറം ജില്ലാ സെക്രടറിയായും പ്രവര്‍ത്തിച്ച സുനീര്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ നിന്നും മത്സരിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാറഞ്ചേരി ഡിവിഷനില്‍നിന്നു ജില്ലാ പഞ്ചായത് അംഗമായിട്ടുണ്ട്.
വെളിയങ്കോട് മുളമുക്കിലെ കമ്യൂണിസ്റ്റ് കുടുംബത്തില്‍ പിറന്ന സുനീര്‍ എ ഐ എസ് എഫിലൂടെ സ്‌കൂള്‍ കാലത്തു തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങിയിരുന്നു. വെളിയങ്കോട് ഗവ. ഹൈസ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഡപ്യൂടി ലീഡറായാണ് തുടക്കം. എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജില്‍ പ്രീഡിഗ്രി. തുടര്‍ന്ന് തൃശൂര്‍ കേരളവര്‍മ കോളജിലെത്തിയതോടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് മാറുന്നത്. പൊളിറ്റികല്‍ സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഇവിടെനിന്നു പാസായ അദ്ദേഹം രണ്ടു തവണ കാലികറ്റ് സര്‍വകലാശാല വൈസ് ചെയര്‍മാനുമായി.
മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രടറി സ്ഥാനത്തിരിക്കേയാണ് രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവുണ്ടാകുന്നത്. അന്ന് സിപിഐയുടെ പ്രമുഖ നേതാവായിരുന്ന എം റഹ്‌മത്തുല്ല 2011ല്‍ ഏറനാട് മണ്ഡലത്തിലെ പരാജയത്തിനു പിന്നാലെ രാജിവച്ചു. പാര്‍ടി പ്രതിസന്ധിയിലായ ആ വര്‍ഷമാണ് ജില്ലാ സെക്രടറി സ്ഥാനത്തേക്ക് സുനീര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
2018 വരെ ജില്ലാ സെക്രടറി പദവി വഹിച്ച ശേഷമാണ് സംസ്ഥാന എക്‌സിക്യൂടീവിലേക്കും ഇപ്പോള്‍ പ്രധാന പദവികളിലക്കും എത്തിയത്. ഭാര്യ ശാഹിന അധ്യാപികയാണ്. മൂന്ന് മക്കളുണ്ട്.
ഹാരിസ് ബീരാന്‍
സുപ്രീം കോടതി അഭിഭാഷകനും ഡെല്‍ഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാനാണ് പൗരത്വ നിയമ ഭേദഗതി ഉള്‍പെടെ മുസ്ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങള്‍ ഏകോപിപ്പിക്കുന്നത്. എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതല്‍ ഡെല്‍ഹി കെഎംസിസിയുടെ പ്രസിഡന്റാണ്. ലോയേഴ്സ് ഫോറം ദേശീയ കണ്‍വീനറും ലീഗ് ഭരണഘടനാ സമിതി അംഗവുമാണ്.
യുപിഎ സര്‍കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു. ഇന്‍ഡ്യയില്‍ നിന്നുള്ള ഹജ് തീര്‍ഥാടകരുടെ സൗകര്യം മക്കയില്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയിലും അംഗമായിരുന്നു.
പല സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കേസുകള്‍ നടത്തി ശ്രദ്ധേയമായി. ഡെല്‍ഹി കേന്ദ്രീകരിച്ച് പാര്‍ടിയുടെ എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നതില്‍ ഹാരിസ് ബീരാന് നല്ല പങ്കുണ്ട്. പുതുതായി ഡെല്‍ഹിയില്‍ ഉയരുന്ന മുസ്ലിം ലീഗ് ദേശിയ ആസ്ഥാനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതും ഹാരിസ് ബീരാനാണ്.
പൗരത്വ വിഷയം, പ്രവാസി വോടവകാശം, ഹിജാബ് കേസ്, ലവ് ജിഹാദ് കേസ് (ഹാദിയ), അബ്ദുല്‍ നാസര്‍ മഅ് ദനിയുടെ കേസുകള്‍, മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കേസ് തുടങ്ങിയവ സുപ്രീം കോടതിയില്‍ വാദിച്ചു.
കളമശേരി രാജഗിരിയില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും എറണാകുളം മഹാരാജാസ് കോളജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസവും എറണാകുളം ഗവ. ലോ കോളജില്‍ നിന്നു നിയമബിരുദവും നേടി. 1998ല്‍ ഡെല്‍ഹിയില്‍ അഭിഭാഷകനായി. സുപ്രീം കോടതിയില്‍ കപില്‍ സിബലിന്റെയും ദുഷ്യന്ത് ദാവെയുടെയും കീഴില്‍ പ്രാക്ടീസ് തുടങ്ങി. മുന്‍ അഡീഷനല്‍ അഡ്വകറ്റ് ജെനറല്‍ വികെ ബീരാന്റെയും കാലടി ശ്രീ ശങ്കരാചാര്യ കോളജിലെ മുന്‍ പ്രൊഫസര്‍ ടികെ സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ. മക്കള്‍: ആര്യന്‍, അര്‍മാന്‍.