ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നു: സൈബർ ആക്രമണത്തിനെതിരെ ജോൺ ബ്രിട്ടാസ്


-
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കെതിരെ സൈബർ ആക്രമണം.
-
ജോൺ ബ്രിട്ടാസ് എം.പി അമിത് ഷായ്ക്ക് കത്തയച്ചു.
-
വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആക്രമണം.
-
കുടുംബാംഗങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളും ലക്ഷ്യമിട്ടു.
-
അക്കൗണ്ടുകൾ താൽക്കാലികമായി പൂട്ടേണ്ടി വന്നു.
-
ഭരണനിർവഹണത്തെ തകർക്കുന്ന ആക്രമണമെന്ന് കത്തിൽ.
കണ്ണൂർ: (KVARTHA) പാകിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ച ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. രാജ്യത്തെ ഭരണകൂടത്തിൻ്റെ നിർദേശപ്രകാരം ഔദ്യോഗിക പത്രസമ്മേളനങ്ങളിൽ സംസാരിച്ച വിക്രം മിസ്രിയ്‌ക്കെതിരെയാണ് വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ വ്യാപകമായ സൈബർ ആക്രമണം നടന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു
വിദേശകാര്യ സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ലക്ഷ്യമിട്ടുള്ള സംഘടിത ആക്രമണം അദ്ദേഹത്തിന് സ്വന്തം അക്കൗണ്ടുകൾ താൽക്കാലികമായി പൂട്ടി വെക്കേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചു. ഭരണനിർവഹണത്തിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തെയും മനോവീര്യത്തെയും തകർക്കുന്ന ഈ ആക്രമണം അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ജോൺ ബ്രിട്ടാസ് എംപി കത്തിൽ വ്യക്തമാക്കുന്നു. ഇത്തരം വേട്ടയാടലുകൾ ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായാൽ അത് രാജ്യത്തിൻ്റെ ഭരണ സംവിധാനത്തെ തന്നെ തകർക്കും.
പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവർക്കും ഉടയവർക്കുമെതിരെ സമുദായ മൈത്രിക്കുവേണ്ടി നിലകൊണ്ടതിൻ്റെ പേരിൽ നടന്ന സൈബർ ആക്രമണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ഇത്തരം ഹീനമായ നടപടികളിൽ ഏർപ്പെട്ടവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
വിക്രം മിശ്രിക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്?
സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യമാണോ? നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുക.
Article Summary: MP John Brittas has written to Home Minister Amit Shah, demanding an investigation into the cyber attack against Foreign Secretary Vikram Misri following the ceasefire announcement with Pakistan. The letter highlights the serious impact of such attacks on government officials.
#CyberAttack, #VikramMisri, #JohnBrittas, #AmitShah, #CyberCrime, #IndiaPakistan