Criticism | യഥാര്‍ഥ ജീവിതത്തില്‍ താനെങ്ങനെയാണോ അതുപോലെയായിരിക്കും ആളുകളോടും പെരുമാറുക; ബോളിവുഡ് താരങ്ങള്‍ പാന്‍ മസാല ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നടന്‍ ജോണ്‍ എബ്രഹാം
മുംബൈ: (KVARTHA) യഥാര്‍ഥ ജീവിതത്തില്‍ താനെങ്ങനെയാണോ അതുപോലെയായിരിക്കും ആളുകളോടും പെരുമാറുകയെന്ന് നടന്‍ ജോണ്‍ എബ്രഹാം. ദ രണ്‍വീര്‍ ഷോ പോഡ് കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോളിവുഡ് താരങ്ങള്‍ പാന്‍ മസാല ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് താരം നടത്തിയത്.
തന്റെ സഹപ്രവര്‍ത്തകരായ താരങ്ങളെ ഏറെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ സംസാരം ആരംഭിച്ചത്. എന്നാല്‍ താന്‍ ഒരിക്കലും ഒരു പാന്‍മസാല ഉത്പന്നത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും താരം വ്യക്തമാക്കി. മാത്രമല്ല, ഒരിക്കലും ആളുകളുടെ ജീവിതംവെച്ച് കളിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുകയില ഉത്പ്പന്നങ്ങള്‍ക്ക് പരസ്യം ചെയ്തിട്ട് ആരോഗ്യപരമായ ജീവിതം നയിക്കാന്‍ പറയുന്ന മറ്റ് താരങ്ങളെപ്പോലെയാകാന്‍ കഴിയില്ല. സത്യസന്ധമായി ജീവിക്കുകയും പറയുന്നത് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ തന്നെ ഒരു റോള്‍മോഡലെന്ന് വിളിക്കാം. എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നു പ്രവര്‍ത്തിച്ചിട്ട് അവരെ കാണാതെ മറ്റൊന്ന് ചെയ്താല്‍ അവരത് കണ്ടെത്തുമെന്നും ജോണ്‍ എബ്രഹാം ചൂണ്ടിക്കാട്ടി.
എന്നാല്‍ പുകയിലയല്ല 'ഏലക്ക'യാണ് വില്‍ക്കുന്നതെന്ന് പറയുന്ന നടന്മാരെ തനിക്ക് ഒരിക്കലും മനസ്സിലാകില്ല. അതുകൊണ്ടുതന്നെ നിങ്ങള്‍ മരണം വില്‍ക്കുകയാണ്, നിങ്ങള്‍ക്ക് എങ്ങനെ ജീവിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
വിവിധ പ്ലാറ്റ് ഫോമുകളില്‍ ആരോഗ്യത്തെക്കുറിച്ച് വലിയ രീതിയില്‍ സംസാരിക്കുകയും എന്നാല്‍ പാന്‍-മസാല പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അഭിനേതാക്കളെ താരം രൂക്ഷമായി വിമര്‍ശിച്ചു. മൗത്ത് ഫ്രഷ്‌നറുകള്‍ വില്‍ക്കുന്നുവെന്ന് നടിച്ചുകൊണ്ടാണ് ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്നത്. താന്‍ ഇത്തരം കംപനികളുമായി സഹകരിക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. രാജ്യത്ത് പുകയില വില്‍ക്കുന്നത് നിയമവിരുദ്ധമല്ലെന്നും ജോണ്‍ ചൂണ്ടിക്കാട്ടി.
ജോണ്‍ എബ്രഹാമിന്റെ വാക്കുകള്‍:
ആളുകള്‍ ഫിറ്റ്‌നസിനെ കുറിച്ച് വാതോരാതെ സംസാരിക്കും. ഇതേ ആളുകള്‍ തന്നെ പാന്‍ മസാലയെ പ്രോത്സാഹിപ്പിക്കും. ഞാന്‍ എന്റെ സഹപ്രവര്‍ത്തകരായ നടന്മാരെ ഇഷ്ടപ്പെടുന്നു. ഞാന്‍ അവരില്‍ ഒരാളെപ്പോലും അപമാനിക്കുകയല്ല. എന്നെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത് എന്നെനിക്ക് ഉറപ്പാക്കേണ്ടതുണ്ട്. ഞാനൊരിക്കലും മരണം വില്‍ക്കില്ല. പാന്‍-മസാല വ്യവസായത്തിന്റെ വാര്‍ഷിക വിറ്റുവരവ് 45,000 കോടി രൂപയാണെന്ന് നിങ്ങള്‍ക്കറിയാമോ? അതിനര്‍ഥം സര്‍കാര്‍ പോലും അതിനെ പിന്തുണയ്ക്കുന്നു എന്നാണ്. അതുകൊണ്ടാണ് ഇത് നിയമവിരുദ്ധമല്ലാത്തത്- എന്നും ജോണ്‍ എബ്രഹാം പറഞ്ഞു.
പുകയില ഉത്പ്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിനും അവയെ പ്രോത്സാഹിപ്പിച്ചതിനും ശാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ നേരത്തേ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏലയ്ക്ക പോലുള്ള മൗത്ത് ഫ്രഷ് നറുകളുടെ പരസ്യം ചെയ്യാനാണ് താന്‍ കരാറിലേര്‍പ്പെട്ടതെന്നാണ് ഇതിന് മറുപടിയായി അജയ് ദേവ് ഗണ്‍ പറഞ്ഞത്.
ഇത്തരം ബ്രാന്‍ഡുകളുമായി ഇനി കരാറിലേര്‍പ്പെടില്ലെന്ന് അക്ഷയ് കുമാര്‍ പറഞ്ഞപ്പോള്‍, 2021-ല്‍ ചിത്രീകരിച്ചതാണ് ഇപ്പോള്‍ കാണിക്കുന്നതെന്നാണ് ശാരൂഖിന്റ വാദം. ഈ ബ്രാന്‍ഡുമായി ഇനി സഹകരിക്കില്ലെന്ന് പരസ്യമായി പറഞ്ഞതാണെന്നും താരം വ്യക്തമാക്കിയിരുന്നു.