Meeting | പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല


● മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യ ഡെല്‍ഹി സന്ദര്‍ശനമായിരുന്നു ഇത്
● തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളിലാണ് ഉമര്‍ അബ്ദുല്ലയുടെ നാഷനല്‍ കോണ്‍ഫറന്‍സ് വിജയിച്ചത്
● 90 അംഗ നിയമസഭയില്‍ 54 അംഗങ്ങളാണ് ഇന്ത്യാസഖ്യത്തിന് ഉള്ളത്
ന്യൂഡെല്‍ഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയം ജമ്മു കശ്മീര്‍ മന്ത്രിസഭായോഗം പാസാക്കിയിരുന്നു. ഈ പ്രമേയം ഉമര്‍ പ്രധാനമന്ത്രിക്ക് കൈമാറിയതായാണ് സൂചന. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഉമറിന്റെ ആദ്യ ഡെല്‍ഹി സന്ദര്‍ശനമായിരുന്നു ഇത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളിലാണ് ഉമര്‍ അബ്ദുല്ലയുടെ നാഷനല്‍ കോണ്‍ഫറന്‍സ് വിജയിച്ചത്. 90 അംഗ നിയമസഭയില്‍ 54 അംഗങ്ങളാണ് ഇന്ത്യാസഖ്യത്തിന് ഉള്ളത്. ബിജെപി സംസ്ഥാനത്ത് വിജയം പ്രതീക്ഷിച്ചുവെങ്കിലും കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെത്തിയ ഉമര്‍ അബ്ദുല്ല കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു കശ്മീരിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. കശ്മീരി പരമ്പരാഗത ഷോള്‍ ഗഡ്കരിക്ക് ഉമര്‍ അബ്ദുല്ല സമ്മാനിച്ചു.
കേന്ദ്രമന്ത്രി അമിത് ഷായുമായും ഉമര്‍ അബ്ദുല്ല കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും അമിത് ഷാ കൂടിക്കാഴ്ചയില്‍ വാഗ്ദാനം ചെയ്തിരുന്നു.
സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള സാഹചര്യങ്ങളൊരുങ്ങുന്നത്. മുറിവുണാക്കാനുള്ള പ്രക്രിയയുടെ തുടക്കം എന്നാണ് സംസ്ഥാന പദവിയെക്കുറിച്ച് മന്ത്രിസഭാ പാസാക്കിയ പ്രമേയത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
#JammuKashmir #StatehoodRestoration #OmarAbdullah #NarendraModi #KashmirPolitics #DelhiMeeting