History | ജാലിയൻവാലാബാഗ്: 106 വർഷം മുൻപ് ചോരയിൽ മുങ്ങിയ മണ്ണ്; ഓർമ്മകൾക്ക് മരണമില്ല!

 
Jallianwala Bagh Massacre: 106 Years Ago, Land Soaked in Blood; Memories Never Die!
Jallianwala Bagh Massacre: 106 Years Ago, Land Soaked in Blood; Memories Never Die!

Image Credit: Website/ AMRITSAR.NIC

● അമൃത്സറിലാണ് കൂട്ടക്കൊല നടന്നത്.
● ജനറൽ ഡയറാണ് വെടിവെപ്പിന് ഉത്തരവിട്ടത്.
● നിരായുധരായ ജനക്കൂട്ടമാണ് ഇരയായത്.
● റൗലറ്റ് നിയമത്തിനെതിരായ പ്രതിഷേധമായിരുന്നു.

ഭാമനാവത്ത്

(KVARTHA) ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കാൻ ഇടയായ പ്രധാന സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തരൂക്ഷിതമായ അധ്യായങ്ങളിൽ ഒന്നാണ്. നിരായുധരായി പ്രതിഷേധ പ്രകടനം മാത്രം നടത്തുകയായിരുന്ന ജനക്കൂട്ടത്തെ സകല സാമാന്യ നീതികളും ലംഘിച്ചുകൊണ്ട് നിർദാക്ഷിണ്യം വെടിവെച്ചു കൊന്ന ബ്രിട്ടീഷ് ക്രൂരതയുടെ വിളയാട്ടമായിരുന്നു ജാലിയൻവാലാബാഗിൽ ലോകം ദർശിച്ചത്.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ സമരായുധങ്ങളായ അഹിംസയും സത്യാഗ്രഹവും ഉപയോഗിച്ചാണ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നമ്മൾ കീഴടക്കിയതെങ്കിലും ചില സന്ദർഭങ്ങളിൽ എങ്കിലും നിയന്ത്രണം വിട്ട് പ്രതിഷേധ സമരം അക്രമങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്. ചൗരി ചൗര പോലുള്ള സംഭവങ്ങൾ ഇതിന് പ്രത്യക്ഷ ഉദാഹരണങ്ങളാണ്.

Jallianwala Bagh Massacre: 106 Years Ago, Land Soaked in Blood; Memories Never Die!

എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതവും അതിക്രൂരവുമായ സംഭവമാണ് 1919 ഏപ്രിൽ 13 ന് നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഇ.എച്ച്. ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്.

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടർന്ന് ഇന്ത്യക്കാരെ സംശയത്തോടെയാണ് ബ്രിട്ടീഷുകാർ വീക്ഷിച്ചിരുന്നത്. കൂടാതെ കമ്മ്യൂണിസ്റ്റ് റഷ്യൻ ആശയങ്ങളോടുള്ള ഇന്ത്യയിലെ യുവതലമുറയുടെ ആവേശം ബ്രിട്ടീഷ് ഭരണാധികാരികളിൽ അസ്വസ്ഥതയുളവാക്കിയിരുന്നു. ഇന്ത്യക്കാർ കൂട്ടം കൂടുന്നതും പൊതുയോഗം ബ്രിട്ടീഷ് വിരുദ്ധ പ്രസംഗം നടത്തുന്നതും അവർ കർശനമായി വിലക്കിയിരുന്നു. ആയതിന് നിയമ പരിരക്ഷ നൽകുക എന്ന ഉദ്ദേശത്തോടെ 1919 മാർച്ചിൽ ബ്രിട്ടീഷ് ഗവൺമെൻറ് റൗലറ്റ് ആക്റ്റ് എന്ന കരിനിയമം പാസാക്കി. വാറന്റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടയ്ക്കാനും ഈ നിയമം ഗവൺമെൻ്റിന് അധികാരം നൽകി. ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ അരങ്ങേറി.

Jallianwala Bagh Massacre: 106 Years Ago, Land Soaked in Blood; Memories Never Die!

റൗളറ്റ് നിയമത്തിനെതിരെ പോരാടാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. ഈ സമരപ്രഖ്യാപനത്തെ ഇന്ത്യയിലെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ഈ കരിനിയമത്തിന്റെ പേരിൽ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന സ്വാതന്ത്ര്യസമരസേനാനികളായിരുന്ന പഞ്ചാബിലെ കോൺഗ്രസ് നേതാക്കളായിരുന്ന ഡോ.സത്യപാൽ, സെയ്ഫുദ്ദീൻ കിച്ച്ലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കിയത് സ്വാതന്ത്ര്യസമര സേനാനികളിൽ തീവ്ര പ്രതിഷേധം വിളിച്ചുവരുത്തി.

ഈ സംഭവത്തിൽ പ്രതിഷേധിച്ച്, 1919 ഏപ്രിൽ 10ന് അമൃത്സറിൽ ഹർത്താലാചരിച്ചു. ഡെപ്യൂട്ടി കമ്മീഷണറുടെ വീട്ടിലേക്കു നടന്ന പ്രതിഷേധ റാലിക്കു നേരെ പോലീസ് നിറയൊഴിച്ചു. ഇതിൽ രോഷാകുലരായ ജനക്കൂട്ടം ബാങ്കുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും തീവെച്ചു. അക്രമങ്ങളിൽ അഞ്ച് യൂറോപ്യന്മാരും പോലീസ് വെടിവെപ്പിൽ ഇരുപതിലേറെ ഇന്ത്യക്കാരും കൊല്ലപ്പെട്ടു.

ജനങ്ങളുടെ ഇടയിൽ വളർന്നുവന്ന പ്രതിഷേധം വീണ്ടും ഒരു സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിലേക്ക് വളർന്നേക്കാമെന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെ കണക്കുകൂട്ടലിൻ്റെ അടിസ്ഥാനത്തിൽ അതിനെ മുളയിലെ നുള്ളണമെന്ന വാശിയോടെയാണ് പിന്നീട് നരനായാട്ടുകൾ ഉണ്ടായത്. നിരപരാധികളായ സ്വാതന്ത്ര്യ സമരസേനാനികളുടെ അകാരണമായ അറസ്റ്റിൽ പ്രതിഷേധിച്ച് 1919 ഏപ്രിൽ 13 ന് സിഖ് കാരുടെ വൈശാഖി ഉത്സവ ദിനത്തിൽ സ്വാതന്ത്ര്യ സമര സേനാനികൾ അമൃത്സറിനടുത്തുള്ള ജാലിയൻവാലാബാഗിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്രതിഷേധ പൊതുയോഗം ഒരു കലാപമായി മാറിയേക്കാമെന്ന സൂചന കിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു ഉത്തരവിറക്കി.

എന്നാൽ ഇതിനുമുമ്പ് തന്നെ ബ്രിട്ടനെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ അവിടെ തടിച്ചുകൂടിയ ഇരുപതിനായിരത്തിനടുത്ത് വരുന്ന സിക്ക്, മുസ്ലിം, ഹിന്ദു മതങ്ങളിൽ പെട്ട ആളുകൾ ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് തടിച്ചുകൂടി. നാല് പുറവും മതിലുകളാൽ ചുറ്റപ്പെട്ട മൈതാനത്തേക്ക് പ്രവേശിക്കുന്നതിന് ഒരു ഇടുങ്ങിയ വാതിൽ മാത്രമാണ് ഉണ്ടായിരുന്നത്.

യോഗം ചേരുന്നതായി വിവരം ലഭിച്ച ജനറൽ ഡയർ തൻ്റെ 90 അംഗ ഗൂർഖാ റെജിമെൻ്റുമായി അങ്ങോട്ടേക്ക് നീങ്ങി. മൈതാനത്തിൻ്റെ പ്രവേശന വാതിൽ അടച്ച ശേഷം പിരിഞ്ഞു പോകാൻ മുന്നറിയിപ്പ് നൽകാതെ യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ ഡയർ തൻ്റെ പട്ടാളക്കാരോട് ഉത്തരവിട്ടു.

ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പ് തുടർന്നു. വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് 1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നു കണക്കാക്കപ്പെടുന്നു. വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ നിരവധി പേർ മൈതാനത്തിലെ ചെറു കിണറ്റിലേക്ക് എടുത്തുചാടിയതായും 120 മൃതദേഹങ്ങൾ അപ്രകാരം ലഭിച്ചതായും പറയുന്നു.

ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരണമടഞ്ഞു, ആയിരത്തിലധികം ആളുകൾക്ക് പരുക്കേറ്റു. യഥാർത്ഥത്തിൽ ആയിരത്തിലധികം ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു. ജനാധിപത്യ വാദികൾ മനുഷ്യാവകാശത്തിൻ്റെ സംരക്ഷകർ എന്നൊക്കെ സ്വയം അഭിമാനം കൊള്ളുന്ന ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ജാലിയൻവാലാബാഗിൽ നടന്നത്.

കൂട്ടക്കൊലയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ചർച്ചിൽ മൃഗീയമെന്ന് വിശേഷിപ്പിച്ചത് തന്നെ ഇതിൻ്റെ ഏറ്റവും വലിയ തെളിവാണ്. കൂട്ടക്കൊലയിൽ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ തൻ്റെ സർ പദവി തിരിച്ചു നൽകിയാണ് പ്രതിഷേധിച്ചത്.

വെടിവെപ്പിൽ മരണമടഞ്ഞവരുടെ എണ്ണത്തെക്കുറിച്ച് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. 379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സർക്കാർ പറഞ്ഞത്. എന്നാലിത് 1800-ൽ ഏറെയായിരുന്നു എന്ന് ഇതിനെക്കുറിച്ച് പഠിച്ച കോൺഗ്രസ്സിൻ്റെ കണക്കുകൾ പറയുന്നു.

സൈനിക മേധാവി ജനറൽ ഡയർ ചെയ്ത എല്ലാ ക്രൂര നടപടികളെയും അതിശക്തമായി ന്യായീകരിക്കുകയാണ് അന്നത്തെ പഞ്ചാബ് ഗവർണർ മൈക്കിൾ ഒ. ഡയർ ചെയ്തത്. സ്വാതന്ത്ര്യ സമര വിപ്ലവ പോരാളിയായിരുന്ന ഉദ്ധം സിംഗ് വർഷങ്ങളോളം ഈ പക മനസ്സിൽ വെച്ച് ലണ്ടനിൽ വെച്ച് ഗവർണർ മൈക്കിൾ ഒ.ഡ്വയറിനെ ലണ്ടനിൽ വെച്ച് കൊലപ്പെടുത്തിയ ഉധം സിങിൻ്റെ നടപടി പൊതുവേ അംഗീകരിക്കപ്പെട്ടില്ലെങ്കിലും, ചില പത്രങ്ങൾ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തി.

ഇന്ത്യയിലെ ജനങ്ങൾക്കേറ്റ അപമാനങ്ങൾക്ക് അവസാനം നാം തിരിച്ചടി നൽകിയിരിക്കുന്നു എന്നാണ് ധീര ദേശാഭിമാനികൾ പിന്നീട് പറഞ്ഞത്. എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ഗതിവേഗം കൂട്ടിയ രക്തരൂക്ഷിത സമര ചരിത്രങ്ങളിൽ ഒന്നാണ് ജാലിയൻവാലാബാഗിലേത്. ഈ കാര്യം ചരിത്രകാരന്മാർ അടിവരയിട്ടു പറയുന്നുണ്ട്.

 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The Jallianwala Bagh massacre, a brutal act where unarmed protesters were shot dead by British forces in Amritsar on April 13, 1919, remains a significant event in India's struggle for independence. Ordered by Brigadier General Reginald E.H. Dyer, the massacre exposed the cruelty of British rule and fueled the freedom movement. The incident, a response to protests against the Rowlatt Act, saw thousands of Sikhs, Muslims, and Hindus gathered peacefully, only to be met with indiscriminate firing, resulting in hundreds of deaths and injuries. Even British figures like Winston Churchill condemned the atrocity.

#JallianwalaBagh #Massacre #India #History #FreedomStruggle #Amritsar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia