SWISS-TOWER 24/07/2023

Varun Gandhi | വരുൺ ഗാന്ധി കോൺഗ്രസിലേക്കോ? അമേഠിയിൽ സ്ഥാനാർഥിയായേക്കും

 


ADVERTISEMENT

/ സോണി കല്ലറയ്ക്കൽ

(KVARTHA) ബി.ജെ.പിയുടെ പുതിയ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നിരിക്കുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം രാഹുൽ ഗാന്ധിയുടെ പിതൃസഹോദര പുത്രൻ വരുൺ ഗാന്ധിക്ക് സീറ്റില്ലെന്നതാണ്. നിലവിൽ വരുൺ ഗാന്ധി യു.പിയിലെ പിലിഭിത്തിലെ എം.പിയാണ്. ഇക്കുറി ബി.ജെ.പി വരുൺ ഗാന്ധിക്ക് അവിടെ സീറ്റ് നിഷേധിച്ചിരിക്കുകയാണ്. എന്നാൽ വരുണിൻ്റെ മാതാവ് മനേക ഗാന്ധിയ്ക്ക് സുൽത്താൻ പൂരിൽ സീറ്റ് നൽകിയിട്ടുമുണ്ട്. ഇനി വരുണിൻ്റെ നീക്കം എന്താണെന്ന് ഉറ്റുനോക്കുന്നവരാണ് പലരും. അദ്ദേഹം മാതൃസംഘടനയായ കോൺഗ്രസിലെത്തി രാഹുൽ ഒഴിച്ചിട്ടിരിക്കുന്ന അമേഠി മണ്ഡലത്തിൽ ഇൻഡ്യ മുന്നണിയുടെ സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്നവർ അനേകരാണ്.
 
Varun Gandhi | വരുൺ ഗാന്ധി കോൺഗ്രസിലേക്കോ? അമേഠിയിൽ സ്ഥാനാർഥിയായേക്കും


എൽ.കെ അദ്വാനിയുടെ കാലത്താണ് വരുൺ ഗാന്ധി ബി.ജെ.പിയിൽ എത്തുന്നത്. ഗാന്ധി കുടുംബത്തിൽ നിന്ന് എത്തിയെന്ന പേരിൽ വരുണിനും അമ്മ മനേക ഗാന്ധിയ്ക്കും വലിയ സ്വീകാര്യത തന്നെ അന്ന് ബി.ജെ.പി യിൽ ഉണ്ടായിരുന്നു. ഭാവിയിൽ രാഹുൽ ഗാന്ധിയ്ക്ക് എതിരെ ഉയർത്തിക്കൊണ്ടുവരാൻ പറ്റുന്ന ഒരാളായിട്ടാണ് ബി.ജെ.പി നേതൃത്വം അന്ന് വരുൺ ഗാന്ധിയെ കണ്ടത്. പിലിഭിത്തിൽ നിന്ന് മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വരുൺ വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ ബി.ജെ.പി നേതൃത്വത്തിൽ നരേന്ദ്ര മോദിയുടെ വരവോടെ വരുണിനെ പലപ്പോഴും തഴയുന്ന നിലപാട് ആണ് ബി.ജെ.പി കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. കഴിഞ്ഞ തവണ വരുൺ കേന്ദ്ര ഗവൺമെൻ്റിൽ മന്ത്രിയാകുമെന്നുവരെ കേട്ടിരുന്നതാണ്. എന്നാൽ അതും ഉണ്ടായില്ല.

പല കാരണങ്ങളുടെയും പേരിൽ ഇക്കഴിഞ്ഞ കുറെ കാലമായി ബി.ജെ.പി കേന്ദ്രനേതൃത്വവുമായി അകന്നുകഴിയുകയാണ് വരുൺ എന്നാണ് പുറത്തുവരുന്ന വാർത്തകൾ. അതിൻ്റെയൊരു പ്രതിഫലനം കൂടിയാകാം വരുണിന് ബി.ജെ.പി യിൽ സീറ്റ് നിഷേധിച്ചതെന്ന് വിശ്വസിക്കുന്നവരാണ് എറെയും. വരുൺ ഗാന്ധിയുടെ അമ്മ മനേക ഗാന്ധിയ്ക്ക് സോണിയോടും രാഹുലിനോടും ഒക്കെ എതിർപ്പ് കുടുംബപരമായി ഉണ്ടെങ്കിലും വരുൺ ഗാന്ധിയ്ക്ക് രാഹുലും പ്രിയങ്കയുമൊക്കെ സ്വന്തം സഹോദരങ്ങളെപ്പോലെയാണ്. ഇവരുമായി നല്ലൊരു ബന്ധം തന്നെ വരുൺ ഗാന്ധി ഇപ്പോഴും വെച്ചുപുലർത്തുന്നുണ്ട്. രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ താൻ ഒരിക്കലും മത്സരിക്കില്ലെന്നും ഇരുവർക്കുമെതിരെ താൻ ഒരു വാക്ക് പോലും എതിർത്ത് പറയില്ലെന്നും വരുൺ ഗാന്ധി പലവട്ടം പറഞ്ഞിട്ടുമുണ്ട്.

വരുൺ ഗാന്ധിയെ കോൺഗ്രസിലെത്തിക്കാൻ പ്രിയങ്കാ ഗാന്ധി ഒത്തിരി ശ്രമിക്കുന്നതായും വാർത്തകളുണ്ട്. തങ്ങളുടെ പിതാവ് രാജീവ് ഗാന്ധിയുടെ സഹോദരൻ സഞ്ജയ് ഗാന്ധിയുടെ പുത്രൻ കോൺഗ്രസിലെത്തുന്നതിൽ പരം എന്ത് സന്തോഷമാണ് രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കുമുള്ളത്. മാത്രമല്ല വരുണിൻ്റെ പിതാവ് സഞ്ജയ് ഗാന്ധി രാജീവ് ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ കോൺഗ്രസിൻ്റെ ദേശീയ ജനറൽ സെക്രട്ടറി ആയിരുന്ന ആളാണ്. വിമാനാപകടത്തിൽ മരിച്ചില്ലായിരുന്നുവെങ്കിൽ അദ്ദേഹമായിരുന്നു ഇന്ദിരാഗാന്ധിയ്ക്ക് ശേഷം പ്രധാനമന്ത്രി ആകേണ്ടിയിരുന്നത്. ഒപ്പം കോൺഗ്രസിൻ്റെ അമരത്തും അദ്ദേഹം തന്നെ വന്നേനെ.

അങ്ങനെ ഒരാളുടെ മകൻ കോൺഗ്രസിൽ എത്തിയാൽ അത് കോൺഗ്രസിനെ സംബന്ധിച്ച് ഒരു മുതൽകൂട്ട് തന്നെയാണ്. വരുൺ ഗാന്ധി കോൺഗ്രസിലെത്തിയാൽ പാർട്ടിയുടെ പരമ്പരാഗത സീറ്റായ അമേഠി അദേഹത്തിന് വിട്ടുനൽകുമെന്നും വാർത്തകളുണ്ട്. അമേഠി ലോക്സഭ മണ്ഡലം എന്നും കോൺഗ്രസിനെ തുണച്ചിട്ടുള്ള മണ്ഡലമാണ്. രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമെല്ലാം ഇവിടെ നിന്ന് പാർലമെൻ്റിലേയ്ക്ക് ജയിച്ചിട്ടുള്ളതാണ്. കഴിഞ്ഞ തവണയാണ് ഇവിടെ കോൺഗ്രസിന് കാലിടറിയത്. രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ബി.ജെ.പി യുടെ സ്മൃതി ഇറാനി ഇവിടെ നിന്ന് വിജയിക്കുകയാണ് ഉണ്ടായത്.

ഇക്കുറി രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുന്നില്ല. അദേഹം വയനാട്ടിൽ തന്നെ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ അമേഠിയിൽ ശക്തനായ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി വന്നാൽ മണ്ഡലം തിരിച്ചു പിടിക്കാമെന്ന് കരുതുന്നവർ അനേകരാണ്. ഇപ്പോൾ പ്രിയങ്കാ ഗാന്ധി അവിടെ മത്സരിക്കുമെന്ന പ്രചാരണമാണ് കേൾക്കുന്നത്. മറിച്ച്, വരുൺ ഗാന്ധി കോൺഗ്രസിലെത്തിയാൽ അദ്ദേ ഹത്തിന് ഈ സീറ്റ് വിട്ടുകൊടുക്കുമെന്ന് ചിന്തിക്കുന്നവരും ഉണ്ട്. വരുണിൻ്റെ പിതാവ് സഞ്ജയ് ഗാന്ധിയ്ക്ക് നല്ല ബന്ധമുള്ള മണ്ഡലം തന്നെയാണ് അമേഠി. അത് വരുണിന് തുണയാകുമെന്ന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വിശ്വസിക്കുന്നു. വരുൺ ഗാന്ധി ഭാവിയിൽ കോൺഗ്രസിൻ്റെ വാഗ്ദാനമാകുമോ? കാത്തിരുന്ന് കാണാം.

Keywords:  Varun Gandhi, Lok Sabha Election, Congress, BJP, National, Politics, Rahul Gandhi, Uttar Pradesh, Pilibhit, Menaka Gandhi, Amethi, Wayanad, Priyanka Gandhi, Is Varun Gandhi joining Congress?.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia