Budget | രാജ്യം കാലാവസ്ഥാ ബജറ്റ് അവതരിപ്പിക്കേണ്ട സമയം കഴിഞ്ഞോ? വേണ്ടത് ഭാവിയിലേക്കുള്ള നിർണായക ചുവടുവെപ്പ്

 
Budget
Budget

Image Credit: Representational Image Generated by Meta AI

ഇന്ത്യയുടെ ഭാവി സുസ്ഥിര വർത്തമാനകാലത്തെ ആശ്രയിച്ചിരിക്കുന്നു

അര്‍ണവ് അനിത

(KVARTHA) ധനമന്ത്രി (Finance Minister) നിര്‍മല സീതാരാമന്‍ (Nirmala Sitharaman), സ്വകാര്യമേഖലയ്ക്കും കുത്തകകള്‍ക്കും അനുകൂലവും ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ കുറച്ച് ക്ഷേമപദ്ധതികളും പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ് (Union Budget) രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെ പാടെ അവഗണിച്ചെന്ന വിമർശനവുമായി  വിദഗ്ധര്‍. തിരഞ്ഞെടുപ്പിന് മുമ്പുമുതലുള്ള രണ്ട് മാസം രാജ്യം കടുത്ത ചൂടിലേക്കും അത് പിന്നെ ഉഷ്ണതരംഗത്തിലേക്കും മാറിയിരുന്നു. അതിന് ശേഷം മണ്‍സൂണ്‍ കൊണ്ടുവന്ന പ്രളയം അസം പോലെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ കശക്കി എറിഞ്ഞു. അതിനാല്‍ കാലാവസ്ഥ ബജറ്റിംഗ് (Climate Budget) എന്ന ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 

Budget

കാലാവസ്ഥ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ചിലവുകള്‍ക്കുമായി അനുവദിച്ച ഫണ്ടുകള്‍ തമ്മില്‍ വളരെ വ്യത്യാസമുണ്ട്. സര്‍ക്കാര്‍ ബജറ്റിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഒരു നടപടിക്രമമാണ് കാലാവസ്ഥാ ബജറ്റിംഗ്, ഇതൊരു കാലാവസ്ഥാ ബജറ്റ് രേഖയുമാണ്. കാലാവസ്ഥാ ബജറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളെ വാര്‍ഷിക ബജറ്റ് പ്രക്രിയയുമായി സമന്വയിപ്പിക്കുന്നു, എല്ലാ വകുപ്പുതല പ്രവര്‍ത്തനങ്ങളിലുമുള്ള കാലാവസ്ഥാ പ്രവര്‍ത്തനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു. കാലാവസ്ഥ വ്യതിയാനും ഏറ്റവും കൂടുതല്‍ ബാധിക്കുന്ന സംസ്ഥാനങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളും പ്രവര്‍ത്തനങ്ങളും പരിഗണനകളും വ്യവസ്ഥാപിതമായി സമന്വയിപ്പിക്കാനും സഹായിക്കുന്നു.

കാര്‍ബണ്‍ പുറംതള്ളില്‍ കുറയ്ക്കുന്നതിനും കാലാവസ്ഥ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ നേരിടുന്നതിനുള്ള കാലാവസ്ഥാ പ്രവര്‍ത്തന പദ്ധതി ആവശ്യമാണ്. അതിനുള്ള പ്രാഥമിക സാമ്പത്തിക കണക്കുകള്‍ പ്രകാരം, പ്രളയം, വരള്‍ച്ച തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങള്‍ അനുഭവിക്കുന്ന മേഖലകള്‍ക്കായുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ഇന്ത്യക്ക് 2015 മുതല്‍ 2030 വരെ ഏകദേശം 167 ലക്ഷം കോടി രൂപ (2014-15 ലെ കണക്ക് ) വേണ്ടിവരും. 

കാലാവസ്ഥ പ്രതിരോധശേഷിയും ദുരന്തനിവാരണ (Disaster Management) സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ നിക്ഷേപങ്ങള്‍ ആവശ്യമാണ്. അതിനാല്‍ പദ്ധതികളിലും നയങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം, ബജറ്റില്‍ പാരിസ്ഥിതിക ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ ഉണ്ടാകണം. ഇത് കാലാവസ്ഥ പ്രവര്‍ത്തനങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ കഴിയും.

കഴിഞ്ഞ തവണത്തെ ബജറ്റിനെ ധനമന്ത്രി ഹരിത ബജറ്റ് എന്നാണ് പരാമര്‍ശിച്ചിരുന്നത്, എന്നാല്‍  സര്‍ക്കാരിന്റെ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയങ്ങളും വകുപ്പുകളും നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്നതിലേക്ക് മാത്രം ചുരുങ്ങി. കാലാവസ്ഥാ ബഡ്ജറ്റ് ഒരു രാജ്യത്തിന്റെ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ക്ക് അത്യന്താപേക്ഷിതമാണെന്ന് യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (UNDP) റിപ്പോര്‍ട്ട് പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ധനസഹായങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള പൊതു മൂലധന ബജറ്റുകള്‍, ലിംഗ ബജറ്റ് തുടങ്ങിയ മേഖലകളില്‍ പ്രത്യേക ബജറ്റ് ആസൂത്രണ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനത്തെ വലിയ സാമ്പത്തിക ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തുന്നത് അടുത്തകാലത്തായി അംഗീകരിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്തു. ഉദാഹരണത്തിന്, 2023 സെപ്റ്റംബറില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി കാലാവസ്ഥാ- നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച്,  കാലാവസ്ഥാ ബജറ്റിംഗിനെക്കുറിച്ചുള്ള ഒരു വര്‍ക്കിംഗ് പേപ്പര്‍ പ്രസിദ്ധീകരിച്ചു. എട്ട് പ്രധാന മേഖലകള്‍ വിശകലനം ചെയ്തപ്പോള്‍, ബജറ്റ് എസ്റ്റിമേറ്റുകളിലും യഥാര്‍ത്ഥ ചെലവുകളിലും വലിയ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തി.

ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ കാലാവസ്ഥാ ബഡ്ജറ്റിംഗ് പ്രചാരത്തിലുണ്ട്. ജൂണില്‍, ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആദ്യ കാലാവസ്ഥാ ബജറ്റ് റിപ്പോര്‍ട്ട് പുറത്തിറക്കി. ഹരിത ബജറ്റ് പുസ്തകം എന്നും ഇത് അറിയപ്പെടുന്നു. അങ്ങനെ ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ നഗരമാണിത്. മൊത്തം മൂലധനച്ചെലവ് വിഹിതമായ 31,774.59 കോടി രൂപയില്‍ നിന്ന് 10,224.24 കോടി രൂപ, അതായത് ബജറ്റിന്റെ 32.18%, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കായി നീക്കിവച്ചതായി ബജറ്റ് രേഖയില്‍ പറയുന്നു. 

ഒഡീഷ (Odisha) 2020-ല്‍ ' നിര്‍ദ്ദിഷ്ട ബജറ്റിനൊപ്പം 'കാലാവസ്ഥാ ബജറ്റ് കൂട്ടിച്ചേര്‍ക്കല്‍' നടത്തി. കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനുള്ള പ്രവര്‍ത്തനത്തിന് നേരിട്ടോ അല്ലാതെയോ സംഭാവന നല്‍കുന്ന നിര്‍ദ്ദിഷ്ട ബജറ്റ് വിഹിതങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.  കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ഉപദേശീയ തലത്തിലുള്ള ശ്രമങ്ങള്‍ പ്രശംസനീയമാണ്, എന്നാല്‍ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ദേശീയ തലത്തില്‍ കാലാവസ്ഥാ ബജറ്റിംഗ് സംയോജിപ്പിക്കേണ്ടതുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന നടപടികളും കാലാവസ്ഥ ലഘൂകരിക്കുന്ന ശ്രമങ്ങളും  വാര്‍ഷിക ബജറ്റിലെ  പദ്ധതികളിലും പരിപാടികളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനായുള്ള ദേശീയ, സംസ്ഥാന പ്രവര്‍ത്തന പദ്ധതികള്‍ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു ഏകീകൃത രേഖയാണ്. എങ്കിലും, ഒരു ഏകീകൃത കാലാവസ്ഥാ ബജറ്റ് പ്രഖ്യാപിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.  രാജ്യത്ത് ദേശീയതലത്തിലും ഉപ-ദേശീയ തലത്തിലും കാലാവസ്ഥാ ബജറ്റിംഗ് നടപ്പിലാക്കുന്നത് കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തന പദ്ധതികളിലൂടെ ആയിരിക്കണം. ഇതിനുള്ള ആസൂത്രണം ബജറ്റിംഗ് പ്രക്രിയയ്ക്ക് അടിസ്ഥാനമിടുന്നതിനും മന്ത്രാലയങ്ങളിലും വകുപ്പുകളിലും അത് നടപ്പിലാക്കുന്നതിനുമുള്ള ഒരു അടിത്തറ വാഗ്ദാനം ചെയ്യുന്നു.

ധനമന്ത്രാലയത്തിലെ കാലാവസ്ഥാ വ്യതിയാന ധനകാര്യ യൂണിറ്റ് എല്ലാ കാലാവസ്ഥാ വ്യതിയാന സാമ്പത്തിക കാര്യങ്ങളിലും നോഡല്‍ ഓഫീസായി പ്രവര്‍ത്തിക്കുന്നു. കാലാവസ്ഥാ ബജറ്റുകളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കിക്കൊണ്ട് കേന്ദ്ര-സംസ്ഥാനതല പദ്ധതികളുടെ പുരോഗതി ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും വിലയിരുത്തുന്നതിനും കാലാവസ്ഥാ ബജറ്റ് ടാഗിംഗിന് ഇതില്‍  ഒരു പ്രധാന പങ്ക് വഹിക്കാനാകും.  കാലാവസ്ഥാ വ്യതിയാനത്തിന്റെ കടുത്ത ആഘാതത്തില്‍ രാജ്യം പിടിമുറുക്കുമ്പോള്‍ കാലാവസ്ഥാ ബജറ്റ് സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകത ശക്തമാണ്. അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് ഭരണനേതൃത്വമാണ്. പ്രാദേശിക ഭരണകൂടങ്ങള്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ വരെ അതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia