NTA | '590ന് പകരം ആറ് മാര്‍ക്ക്, വിദ്യാര്‍ത്ഥിനി ജീവനൊടുക്കി, 12 പരീക്ഷകളില്‍ ക്രമക്കേട്, 75 ലക്ഷം വിദ്യാർഥികളുടെ ഭാവി പന്താടി'; എന്‍ടിഎ ഇനിയും വേണോ?

 
NEET Row


2020ല്‍, അസമില്‍ നിന്നുള്ള ജെഇഇ ഉദ്യോഗാര്‍ത്ഥിയായ നീല്‍ നക്ഷത്ര ദാസ് പകരം ആളെ ഉപയോഗിച്ച് പരീക്ഷയെഴുതിച്ചു. 99.8 ശതമാനം മാര്‍ക്ക് നേടി അസമില്‍  ഒന്നാമതെത്തി

അര്‍ണവ് അനിത

(KVARTHA) ഗീത എന്ന 21കാരി (യഥാര്‍ത്ഥ പേരല്ല) മൂന്നാമത്തെ നീറ്റ് പരീക്ഷയാണ് മെയ് അഞ്ചിന് എഴുതിയത്. ഇത് തന്റെ അവസാനത്തെ അവസരമാണെന്ന് ഗീത പറയുന്നു. കാരണം മറ്റൊന്നുമല്ല, ഇത്തവണ മെഡിനിസ് അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റേതെങ്കിലും കോഴ്‌സിന് ചേരേണ്ടിവരും. ആ കോഴ്‌സ് തീരുംമുമ്പ് കല്യാണവും നടന്നേക്കും- ഹരിയാന സ്വദേശിയായ ഗീത ആശങ്കപ്പെട്ടു. ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം ജൂണ്‍ നാലിന്  ആണ് പുറത്തുവന്നത്. 720ല്‍ 600 മാര്‍ക്കാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ മാര്‍ക്കിനേക്കാള്‍ മെച്ചമെന്ന് മാത്രമല്ല ഏതെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിക്കാം.

EXAM ROW

പരീക്ഷാ ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷണം നടക്കുകയാണ്. ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന ആക്ഷേപം വ്യാപകമാണ്. ഇത് ഗീതയെ പോലുള്ള നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ഇരുള്‍ വീഴ്ത്തുമോ എന്ന ആശങ്കയാണുയര്‍ത്തുന്നത്. എന്‍ടിഎ നിലവില്‍ വന്ന മുതല്‍ 66 പരീക്ഷകളാണ് ഏജന്‍സി നടത്തിയത്. അതില്‍ 12 പരീക്ഷകളില്‍ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൊത്തം 75.61 വിദ്യാര്‍ത്ഥികളുടെ ഭാവിയെയാണിത് ബാധിച്ചത്. മോദി സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി  2017-18 ലെ ബജറ്റിലാണ് എന്‍ടിഎയെ നിര്‍ദേശിച്ചത്.  

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള എല്ലാ പ്രവേശന പരീക്ഷകളും നടത്തുന്നതിന് സ്വയംഭരണാധികാരമുള്ളതും സ്വതന്ത്രവുമായ ഒരു ഉന്നത പരീക്ഷാ സ്ഥാപനമായി  ഒരു ദേശീയ പരീക്ഷാ ഏജന്‍സി സ്ഥാപിക്കാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു,' എന്നാണ് ബജറ്റ് പ്രസംഗത്തില്‍ ജെയ്റ്റ്ലി പറഞ്ഞത്.  എന്‍ടിഎയുടെ ആദ്യ പരീക്ഷ 2018 ഡിസംബറില്‍ നടത്തി. രാജ്യത്തെ സര്‍വകലാശാലകളിലും കോളേജുകളിലും പിഎച്ച്ഡി പ്രവേശനം നേടുന്നതിനുള്ള യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍-നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിക്കുന്നതിനുള്ള ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് എന്നിവയാണ് നടത്തിയത്.  

എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്ലാനിംഗ് എന്നിവയിലെ വിവിധ സാങ്കേതിക ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (JEE) മെയിന്‍,  കോമണ്‍ മാനേജ്മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (CMAT), ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (JNU) എന്‍ട്രന്‍സ് ടെസ്റ്റ്, ഡല്‍ഹി യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് എന്നിവയും മറ്റും  എന്‍ടിഎ നടത്തുന്ന മറ്റ് പരീക്ഷകളാണ്.   ഈ പരീക്ഷകളുടെ നടത്തിപ്പിന്റെ ഉത്തരവാദിത്തം എന്‍ടിഎ ഏറ്റെടുക്കുന്നതിന് മുമ്പ്, യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (UGC), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE), ഡിയു, ജെഎന്‍യു തുടങ്ങിയ കേന്ദ്രസര്‍വകലാശാലകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വന്തം പരീക്ഷകള്‍ നടത്തിയിരുന്നു.

പ്രവേശന പരീക്ഷകളുടെ കേന്ദ്രീകരണം സ്വകാര്യ കമ്പനികളുടെ ഇടപെടലിലേക്ക് നയിച്ചെന്ന് യുജിസി മുന്‍ ചെയര്‍മാനും പ്രമുഖ സാമ്പത്തിക വിദഗ്ധനും വിദ്യാഭ്യാസ വിചക്ഷണനുമായ സുഖദേവ് തോറാട്ട് ചൂണ്ടിക്കാണിച്ചു. മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്കുള്ള കേന്ദ്രീകൃത പരീക്ഷയെ  അനുകൂലിക്കുന്നില്ല. സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കക്ഷികള്‍ക്കും പരീക്ഷാ ചുമതല നല്‍കുന്നത് നല്ല കാര്യമല്ല. പരീക്ഷ കേന്ദ്രീകൃതമാകുമ്പോള്‍ ചോര്‍ച്ചയോ ക്രമക്കേടുകളോ രാജ്യത്തുടനീളം അനുഭവപ്പെടും. അതേസമയം  വികേന്ദ്രീകൃത പരീക്ഷയില്‍ നിന്ന് വ്യത്യസ്തമായി, എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടായാലും, കൂടുതല്‍ സമയവും വിഭവങ്ങളും പാഴാക്കാതെ വീണ്ടും പരീക്ഷ നടത്താം. കാരണം, അത്തരം ക്രമക്കേടുകളുടെ ആഘാതം പ്രാദേശികമായി മാത്രം അനുഭവപ്പെടുകയും ചെയ്യുമെന്നും സുഖദേവ് തോറാട്ട് പറഞ്ഞു.

1860ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത എന്‍ടിഎയുടെ ഭരണസമിതിയില്‍ 10 അംഗങ്ങളുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ മേഖലകളില്‍ ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പൊതുവെ സമൂഹത്തിന്റെ ഉന്നതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഥാപനങ്ങള്‍ക്കും നിയമപ്രകാരം എന്‍ടിഎയില്‍ രജിസ്റ്റര്‍ ചെയ്യാം.  'എന്‍ടിഎ ഒരു അധ്യാപന സ്ഥാപനമല്ല. ഇത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ ഏജന്‍സിയാണ്. യുപിഎസ്സിയും സിബിഎസ്ഇയും പ്രവര്‍ത്തിക്കുന്നത് പോലെയല്ല. സര്‍ക്കാരിലെ ബോര്‍ഡുകളും കമ്മീഷനുകളും പോലെയാണ് പ്രവര്‍ത്തിക്കുന്നത്', ജെഎന്‍യു പ്രൊഫസര്‍ ആയിഷ കിദ്വായ്, എന്‍ടിഎ രൂപീകരണത്തിന് പിന്നിലെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തുകൊണ്ട് പറഞ്ഞു.

2019ലെ ജെഎന്‍യു പ്രവേശന പരീക്ഷയിലാണ്, എന്‍ടിഎ ആദ്യമായി ചോദ്യപ്പേപ്പര്‍ വിവാദത്തില്‍പ്പെടുന്നത്. റഷ്യന്‍, സ്പാനിഷ് ഭാഷകളിലുള്ള പരീക്ഷ പേപ്പറാണെന്ന് ചോര്‍ന്നതെന്ന് അന്നത്തെ ജെഎന്‍യു വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാറിന് എഴുതിയ കത്തില്‍ ഒരു വിദ്യാര്‍ഥി ആരോപിച്ചു. ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകളിലുള്ള ചോദ്യപ്പേപ്പര്‍ വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്നതായി പിന്നീട് കണ്ടെത്തി. എന്നാല്‍ സര്‍വകലാശാലയില്‍ നിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് എന്‍ടിഎ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന വിനീത് ജോഷി അന്ന് ന്യായീകരിച്ചത്. 

ഇതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, 2018 ജൂലൈയില്‍, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍  അന്നത്തെ മാനവ വിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്‍ടിഎയുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. എന്‍ടിഎ വഴി പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ത്ഥി സൗഹൃദവും  സുതാര്യവും നീതിയുക്തവും ആയിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.  അതിനുശേഷം, എന്‍ടിഎ നടത്തിയ കുറഞ്ഞത് 12 പരീക്ഷകളെങ്കിലും ക്രമക്കേടുകളും മറ്റ് ആക്ഷേപങ്ങളും ഉയര്‍ന്നതിനാല്‍ റദ്ദാക്കിയിരുന്നു.

2019ലെ ജെഎന്‍യു പ്രവേശന പരീക്ഷ പേപ്പര്‍ ചോര്‍ന്നെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ, എൻടിഎ നല്‍കിയ ഉത്തരസൂചികയില്‍ നിരവധി പിശകുകളുണ്ടെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ അവകാശപ്പെട്ടു. പരീക്ഷയിലെ 'വലിയ തോതിലുള്ള പൊരുത്തക്കേടുകളും പിഴവുകളും' വിവരിച്ചുകൊണ്ട് അവര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് ഒരു കത്തും അയച്ചു. എന്‍ടിഎ ഈ അവകാശവാദങ്ങള്‍ നിഷേധിച്ചെങ്കിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല. ഏകദേശം 1.08 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് ഈ പരീക്ഷ എഴുതിയത്.

2020 ലെ നീറ്റ് പരീക്ഷയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. 14 ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ഒഎംആര്‍ ഷീറ്റില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ആരോപിച്ച് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. രണ്ട് വര്‍ഷത്തെ വാദം കേട്ടതിന് ശേഷം 2022-ല്‍ കോടതി ഈ ഹര്‍ജികള്‍ തള്ളി. അതേ വര്‍ഷം (2020) മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനി വിധി സൂര്യവംശി ജീവനൊടുക്കി, എന്‍ടിഎ ആറ് മാര്‍ക്ക് മാത്രമാണ് ലഭിച്ചതെന്ന് തെറ്റായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നായിരുന്നു സംഭവം. എന്നാല്‍ മാര്‍ക്ക് ഷീറ്റിന്റെ വിശദാംശങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യമുയർന്നു. അതിന് കിട്ടിയ മറുപടിയില്‍ അവള്‍ക്ക് യഥാര്‍ത്ഥത്തില്‍ 590 മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമായി. അതിന് മുമ്പ് അവള്‍ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.
 
2020ല്‍, അസമില്‍ നിന്നുള്ള ജെഇഇ ഉദ്യോഗാര്‍ത്ഥിയായ നീല്‍ നക്ഷത്ര ദാസ് പകരം ആളെ ഉപയോഗിച്ച് പരീക്ഷയെഴുതിച്ചു. 99.8 ശതമാനം മാര്‍ക്ക് നേടി അസമില്‍  ഒന്നാമതെത്തി. സംഭവം പുറത്തായതോടെ നീല്‍, പിതാവ്, ഇന്‍വിജിലേറ്റര്‍, പ്രാദേശിക കോച്ചിംഗ് സെന്റര്‍ ഉടമ എന്നിവരുള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തു. 2021ല്‍ 9.39 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് ജെഇഇ പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞയുടന്‍ പേപ്പര്‍ ചോര്‍ന്നെന്ന ആരോപണം ഉയര്‍ന്നതോടെ സിബിഐയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2023 മാര്‍ച്ച് വരെ, കേസുമായി ബന്ധപ്പെട്ട് ഒരു റഷ്യന്‍ ഹാക്കര്‍ മിഖായേല്‍ ഷാര്‍ജിനെയും ഗുരുഗ്രാം ആസ്ഥാനമായുള്ള വിനയ് ദാഹിയയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 

അഫിനിറ്റി എജ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനും (ഒരു വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനം), അതിന്റെ ഡയറക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹരിയാനയിലെ സോനെപട്ടിലെ ഒരു പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് റിമോട്ട് ആക്സസ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരം പറഞ്ഞുകൊടുക്കുകയും അതുവഴി  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രവേശനം നേടാന്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിച്ചെന്നുമാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഇത്തരത്തില്‍ ക്രമക്കേടുകളും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചകളും മറ്റും കൊണ്ട് വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുന്ന ഈ ഏജന്‍സിയുമായി മുന്നോട്ട് പോകണോ എന്ന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നാണ് വിവിധ കോണുകളിൽ നിന്നുയരുന്ന വിമർശനം.

കടപ്പാട്: ദ ക്വിന്റ്

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia