Clash | മസ്ജിദിലെ സർവേക്കിടെ 3 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംഭാലിൽ ഇന്റർനെറ്റ് നിരോധനം; സ്ത്രീകളെയടക്കം കസ്റ്റഡിയിലെടുത്ത് പൊലീസ്; യോഗി സർക്കാരിന്റെ ഗൂഢാലോചനയെന്ന് അഖിലേഷ് യാദവ് 

 
 
internet suspended in sambhal after mosque survey clash leav

Photo Credit: X / Shoaib Raza

ADVERTISEMENT

● ജില്ലാ കലക്ടർ ഡോ.രാജേന്ദ്ര പാൻസിയ ഇതു സംബന്ധിച്ച് നിർദേശം നൽകി
● യോഗി സർക്കാരിൻ്റെ ഗൂഢാലോചനയാണെന്ന് അഖിലേഷ്

ലക്‌നൗ: (KVARTHA) ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിൽ നടന്ന സർവേയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് 24 മണിക്കൂർ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ജില്ലാ കലക്ടർ ഡോ.രാജേന്ദ്ര പാൻസിയ ഇതു സംബന്ധിച്ച് നിർദേശം നൽകി. ഇതോടൊപ്പം സ്‌കൂളുകൾക്കും തിങ്കളാഴ്ച അവധിയായിരിക്കും.

Aster_MIMS

സർവേയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ പ്രദേശവാസികളായ നഈം, ബിലാല്‍, നിമന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസ് വെടിവെപ്പിനെ തുടർന്നാണ് മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ പൊലീസ് വെടികൊണ്ടല്ല ഇവർ മരിച്ചതെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. രണ്ട് സ്ത്രീകളടക്കം 10 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കമ്മീഷണർ കൂട്ടിച്ചേർത്തു. 

അക്രമം നടത്തിയവർക്കെതിരെ കർശനമായ ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹിന്ദു സംഘടനകൾ ഈ മസ്ജിദ് ഹരിഹർ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് നൽകിയ ഹർജിയിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന് ഞായറാഴ്ച രാവിലെ സർവേ സംഘം എത്തിയപ്പോൾ ജനക്കൂട്ടം തടിച്ചുകൂടി. ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തുകയായിരുന്നു. 

രോഷാകുലരായ ജനക്കൂട്ടം നിരവധി വാഹനങ്ങൾക്ക് തീയിട്ടു. പൊലീസ് കണ്ണീർ വാതകവും ലാത്തിചാർജും നടത്തി. 11 മണിയോടെ സർവേ പൂർത്തിയാക്കി സംഘം പുറവത്തുവന്നപ്പോൾ ഒരു സംഘം മൂന്ന് ഭാഗത്തുനിന്നും കല്ലെറിയുകയും തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് സർവേ സംഘത്തെ സുരക്ഷിതമായി മാറ്റിയതായും പൊലീസ് ആരോപിക്കുന്നു. എന്നാൽ പൊലീസ് പ്രകോപനം സൃഷ്ടിച്ചുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

സുപ്രീം കോടതി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാഹി ജുമാ മസ്ജിദിൽ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്. ഹരി ഹര്‍ മന്ദിര്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ 1529-ല്‍ ഭാഗികമായി പൊളിച്ചുനീക്കുകയായിരുന്നുവെന്നാണ് ഹർജിക്കാരുടെ വാദം.

അതിനിടെ ജുമാമസ്ജിദ് സർവേയ്ക്കിടെയുണ്ടായ സംഭവത്തിൽ യുപി സർക്കാരിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. പള്ളിയുടെ സർവേ നേരത്തെ തന്നെ നടത്തിയിരുന്നെങ്കിലും ബോധപൂർവം സർവേ സംഘത്തെ വീണ്ടും അയക്കുകയായിരുന്നു. എന്താണ് ഇതിന്റെ ആവശ്യമെന്നും, ഇത് ഗുരുതരമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. 

യോഗി സർക്കാരിൻ്റെ ഗൂഢാലോചനയാണെന്നാണ് സംഭവത്തെ അഖിലേഷ് വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചത് ചർച്ച ചെയ്യാതിരിക്കാൻ ഭരണകൂടം ബോധപൂർവം ചെയ്തതാണെന്നും രാഷ്ട്രീയ വിഷയങ്ങളിൽ ഒരു ചർച്ചയും ഉണ്ടാകാതിരിക്കാൻ സർക്കാർ ബോധപൂർവം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


#SambhalClash #InternetBan #MosqueSurvey #UttarPradesh #ReligiousViolence #AkhileshYadav

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia