

● സീറോ വേസ്റ്റ് യൂറോപ്പിന്റെ ഓർമ്മയ്ക്കാണ് ദിനാചരണം.
● കാറ്റലോണിയയിൽ ആരംഭിച്ച് യൂറോപ്പിലാകെ പ്രചരിച്ചു.
● റുവാണ്ട പ്ലാസ്റ്റിക് നിരോധനത്തിൽ ലോകത്തിന് മാതൃക.
● ഇന്ത്യയിൽ നിയമം നിലവിലുണ്ടെങ്കിലും നടപ്പാക്കുന്നില്ല.
● ഭാവി തലമുറയ്ക്കായി പ്ലാസ്റ്റിക് മുക്ത ഭൂമി ഉറപ്പാക്കണം.
ഭാമനാവത്ത്
(KVARTHA) ജൂലൈ മൂന്നിന് ലോകമെങ്ങും അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനമായി ആചരിക്കുന്നു. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ബദലുകൾ സ്വീകരിക്കുന്നതിനും വേണ്ടിയുള്ള ബോധവൽക്കരണമാണ് ഈ ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം.
പ്ലാസ്റ്റിക് മലിനീകരണം നമ്മുടെ ആവാസ വ്യവസ്ഥക്ക് പോലും ഭീഷണിയായി നിലനിൽക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കരയിലും കടലിലും അടിഞ്ഞുകൂടുന്ന ഇത്തരം മാലിന്യങ്ങൾ ജീവജാലങ്ങൾക്ക് ഭീഷണിയാകുന്നു എന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടെങ്കിലും, അതിനെപ്പറ്റി കാര്യമായ ബോധവൽക്കരണം ഇല്ലാതെ പലരും ഇന്നും പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തുടരുന്നത് ആശങ്കയുണർത്തുന്ന കാഴ്ചയാണ്.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലം നമ്മുടെ പരിസ്ഥിതിക്ക് വർദ്ധിച്ചുവരുന്ന ദോഷങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. സീറോ വേസ്റ്റ് യൂറോപ്പിന്റെ ആദ്യ യോഗം ആരംഭിച്ച 2008 ജൂലൈ മൂന്നിന്റെ ഓർമ്മയ്ക്കാണ് ജൂലൈ 3 പ്ലാസ്റ്റിക് രഹിത ദിനമായി ആചരിക്കാൻ തുടങ്ങിയത്.
കാറ്റലോണിയയിലാണ് ദിനാചരണം ആരംഭിച്ചതെങ്കിലും, ഏതാനും വർഷങ്ങൾക്കുശേഷം യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളിലും ഇത് വളരെ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. ഭൂമിയെ ശ്വാസംമുട്ടിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ ഭൂമുഖത്തുനിന്ന് നിർമാർജനം ചെയ്യാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള ശ്രമങ്ങൾ നാം നടത്തേണ്ടതുണ്ട്.
ഓരോ വ്യക്തിക്കും തങ്ങളാൽ കഴിയുന്ന വിധം ഭൂമിയെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ശ്രമിക്കേണ്ടത്, ആസന്ന മൃത്യുവിലായ ഭൂമിയെ അതിൽനിന്നും കരകയറ്റാൻ അനിവാര്യമാണ്. ഭൂമിയിൽ ഏറ്റവുമധികം പ്ലാസ്റ്റിക് മലിനീകരണം സൃഷ്ടിക്കുന്നവയാണ് പ്ലാസ്റ്റിക് സഞ്ചികൾ. ലോകത്ത് വിവിധ രാജ്യങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ശ്രമിക്കുമ്പോൾ, ആഫ്രിക്കൻ രാജ്യമായ റുവാണ്ട 10 വർഷം മുമ്പ് ഫലപ്രദമായി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കി ലോകത്തിന് മാതൃകയായിട്ടുണ്ട്.
പ്ലാസ്റ്റിക് കാരിബാഗുകൾ മാത്രമല്ല, ഉൽപ്പന്നങ്ങൾ പൊതിയാനുള്ള ചെറിയ പ്ലാസ്റ്റിക് കവറുകൾ പോലും പ്രസ്തുത രാജ്യം നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ രാജ്യമായി റുവാണ്ടയെ കണക്കാക്കുന്നു.
ഇന്ത്യയടക്കം പല രാജ്യങ്ങളിലും പ്ലാസ്റ്റിക് സമ്പൂർണ്ണ നിരോധന നിയമം നിലവിലുണ്ടെങ്കിലും, പൂർണ്ണമായി നടപ്പാക്കുന്നതിൽ ഇപ്പോഴും വലിയ വീഴ്ചയാണ് കണ്ടുവരുന്നത്. റുവാണ്ടയെ മാതൃകയാക്കേണ്ടത് ഇക്കാര്യത്തിൽ അനിവാര്യമാണ്.
കൃത്യമായ ബോധവൽക്കരണ നടപടികളിലൂടെ വരുംതലമുറയെ പൂർണ്ണമായും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കേണ്ടത്, ഭൂമിക്കൊരു ചരമഗീതം പാടാതിരിക്കാൻ നമ്മൾ ഓരോരുത്തരുടെയും കടമയാണ്.
പ്ലാസ്റ്റിക് രഹിത ലോകം എന്ന ലക്ഷ്യത്തിനായി നിങ്ങൾക്ക് എന്ത് ചെയ്യാനാകും? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: International Plastic Bag Free Day on July 3, promoting awareness.
#PlasticFreeDay #PlasticPollution #GoGreen #Environment #PlasticBan #RwandaModel